Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബിനാമി വഴി നിക്ഷേപ തട്ടിപ്പ്; അദാനിയെ വെട്ടിലാക്കുന്ന പുതിയ റിപോർട്ടുകൾ പുറത്ത്, നിഷേധിച്ച് ഗ്രൂപ്പ്

ന്യൂഡൽഹി - ഹിൻഡൻബെർഗ് വിവാദത്തിനു പിന്നാലെ വ്യവസായി ഗൗതം അദാനിക്കെതിരെ ഗുരുതര കണ്ടെത്തലുമായി പുതിയ റിപോർട്ട്. അന്വേഷണത്മാക മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മമയായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട് (ഒ.സി.സി.ആർ.പി) ആണ് ഇന്ത്യയിലെ അതിസമ്പന്നനായ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിനെതിരെ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയത്. 
 അദാനി കുടുംബത്തിനു ബന്ധമുള്ള മൗറീഷ്യസ് ആസ്ഥാനമായ നിക്ഷേപക സ്ഥാപനങ്ങൾ വഴി അദാനി ഗ്രൂപ്പിനു കീഴിലുള്ള ലിസ്റ്റഡ് കമ്പനികളിൽ കോടികളുടെ നിക്ഷേപം നടത്തിയെന്നാണ് കണ്ടെത്തൽ. സ്വന്തം കമ്പനികളിൽ ബിനാമി വഴി അദാനി തന്നെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്നും റിപോർട്ട് കുറ്റപ്പെടുത്തുന്നു.
 അദാനിയുടെ കുടുംബവുമായി ബന്ധമുള്ളവർ മൗറീഷ്യസിലെ നിഴൽ കമ്പനികൾ വഴി അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളിൽ രഹസ്യ നിക്ഷേപം നടത്തിയെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ഇങ്ങനെ നിഴൽ കമ്പനികൾ വഴി വിദേശത്തേക്ക് പണമൊഴുക്കി ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ വലിയ തട്ടിപ്പാണ് നടത്തിയത്. 2013 മുതൽ 2018 വരെയുള്ള കാലയളവിലാണ് ഇത്തരത്തിൽ നിക്ഷേപം നടന്നത്. അദാനി കുടുംബവുമായി ദീർഘകാല ബന്ധമുള്ള നാസർ അലി ഷബാൻ അഹ്‌ലി, ചാങ് ചുങ്‌ലിംഗ് എന്നിവരാണ് രഹസ്യ നിക്ഷേപം നടത്തിയത്. ഇരുവരും ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുമായി ബന്ധമുള്ള കമ്പനികളിൽ ഡയറക്ടർമാരായി സേവനമനുഷ്ഠിച്ചിട്ടുള്ളവരാണ്. ഇവരുടെ ഓഹരി വിഹിതം കൂടി പരിഗണിച്ചാൽ, പ്രൊമോട്ടർമാർ ലിസ്റ്റഡ് കമ്പനികളുടെ 75 ശതമാനത്തിലധികം ഓഹരികൾ കൈവശം വയ്ക്കരുതെന്ന നിയമം അദാനി ഗ്രൂപ്പ് ലംഘിച്ചതായും പറയുന്നു. നിഴൽ കമ്പനികൾ വഴി അദാനി ഗ്രൂപ്പ് സ്വന്തം കമ്പനികളുടെ ഓഹരികൾ വാങ്ങുകയും വില്ക്കുകയും ചെയ്തതിന്റെ വിവരങ്ങൾ കൈയിലുണ്ടെന്നും ഒ.സി.സി.ആർ.പി പറയുന്നു. .  
  2013 സെപ്തംബറിൽ വെറും എട്ടു ബില്യൺ ഡോളറായിരുന്ന അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം നരേന്ദ്ര മോഡി അധികാരമേറ്റശേഷം 260 ബില്യൺ ഡോളറായി ഉയർന്നുവെന്നും റിപോർട്ട് വ്യക്തമാക്കുന്നു. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഇന്ത്യക്കെതിരെ കരുതിക്കൂട്ടിയുള്ളതാണെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചു. തങ്ങളുടെ ഇന്ത്യയിലെ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ഹിൻഡൻബെർഗ് ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങൾ തന്നെയാണിതെന്നും അമേരിക്കൻ വ്യവസായിയും മോഡി വിമർശകനുമായ ജോർജ് സോറോസും വിദേശ മാധ്യമങ്ങളുമാണ് ഇതിന് പിന്നിലെന്നും അദാനി ഗ്രൂപ്പ് ആരോപിച്ചു. 
 പുതിയ റിപോർട്ടിന്റെ പശ്ചാത്തലത്തിൽ അദാനിക്കെതിരെ ഗൗരവമായ അന്വേഷണം നടത്തണമെന്ന് വിവിധ കേന്ദ്രങ്ങളിൽനിന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. അദാനിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തുവന്നതോടെ സുപ്രീം കോടതി ഇടപെട്ട് കൃത്യമായ അന്വേഷണം നടത്തണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ ആവശ്യപെട്ടു. പ്രധാനമന്ത്രിയുമായുള്ള ബന്ധത്തിന്റെ പുറത്താണ് അദാനിക്കെതിരെ നടപടി എടുക്കാത്തതന്നും സി.പി.എം ആരോപിച്ചു.

Latest News