Sorry, you need to enable JavaScript to visit this website.

നാലു കൊലക്കേസുകൾ, ഗുണ്ടാസംഘം, ദൽഹിയിൽ ആമസോൺ മാനേജറെ കൊന്ന പതിനെട്ടുകാരൻ ഭീകരന്‍

ന്യൂദൽഹി- നാല് കൊലക്കേസുകൾ, ഒരു ഡസൻ സംഘാംഗങ്ങൾ, തോക്കുകളും സിനിമാ ഡയലോഗുകളുമായി ഇൻസ്റ്റയിൽ റീൽ ചെയ്യുന്നു - ആമസോൺ മാനേജർ ഹർപ്രീത് ഗില്ലിനെ അർദ്ധരാത്രി വെടിവെച്ചുകൊന്ന കേസിലെ മുഖ്യപ്രതി മറ്റാരുമല്ല. പതിനെട്ടുകാരനാണ്. 
2,000-ത്തിലധികം ഫോളോവേഴ്സുള്ള കൊലയാളിയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലെ ബയോയിൽ ഇങ്ങനെ പറയുന്നു, 'നാം ബദ്‌നാം, പാതാ കബ്രിസ്ഥാൻ, ഉംര ജീനേ കി, ഷൗക് മർനേ കാ -- (ഞാൻ കുപ്രസിദ്ധനാണ്, ശ്മശാനം എന്റെ വിലാസമാണ്, എനിക്ക് ജീവിക്കാനുള്ള പ്രായമാണ്, പക്ഷെ ഞാൻ മരിക്കാൻ ആഗ്രഹിക്കുന്നു)

താഴേക്ക് സ്‌ക്രോൾ ചെയ്യുമ്പോൾ, മായ എന്ന മുഹമ്മദ് സമീർ മിന്നുന്ന വസ്ത്രങ്ങളും നീളമുള്ള മുടിയുമായി ഫോട്ടോഗ്രാഫുകൾക്ക് പോസ് ചെയ്യുന്നത് കാണാം. മറ്റൊന്നിൽ മായ തോക്കുകളുമായി പോസ് ചെയ്യുന്നതും വെടിവയ്ക്കുന്നതും കാണിക്കുന്നുണ്ട്.  'മായ ഗാംഗ്' എന്ന അടിക്കുറിപ്പോടെ ഒരു ഡസനോളം കൗമാരക്കാരെ കാണിക്കുന്ന ഒന്നുണ്ട്. ഇത് വടക്കുകിഴക്കൻ ഡൽഹിയെ ഭീതിയിലാഴ്ത്തിയ ഒരു സംഘമാണെന്ന് പോലീസ് പറയുന്നു.

സംഘത്തിന്റെ നേതാവിന്റെ പേരിൽ സ്വയം 'മായ ഗാംഗ്' എന്ന് വിളിക്കുന്നു. ഗില്ലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മായയെയും അദ്ദേഹത്തിന്റെ 18 കാരനായ കൂട്ടാളി ബിലാൽ ഗനിയെയും അറസ്റ്റ് ചെയ്തു, മറ്റ് പ്രതികൾക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്. 

അടുത്തിടെ 18 വയസ്സ് തികഞ്ഞ മായ, പ്രായപൂർത്തിയാകുന്നതിന് മുമ്പേ കുറഞ്ഞത് നാല് കൊലപാതകങ്ങളിൽ പങ്കാളിയാണെന്ന് പോലീസ് കണ്ടെത്തി. ഇയാളുടെ കൂട്ടാളിയായ ഗനിക്ക് ഈ ഞായറാഴ്ച 18 വയസ്സ് തികഞ്ഞു. കഴിഞ്ഞ വർഷം ഒരു കൊലപാതകത്തിലും കവർച്ചയിലും ഇയാൾ പ്രതിയായിരുന്നു. ഗനിയെ ചിൽഡ്രൻസ് ഒബ്‌സർവേഷൻ ഹോമിലേക്ക് അയച്ചെങ്കിലും അയാൾ പുറത്തിറങ്ങി വെൽഡിംഗ് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു.


കഴിഞ്ഞ ദിവസമാണ് ദൽഹിയിൽ റോഡിലുണ്ടായ തർക്കത്തിനിടെ ആമസോൺ മാനേജർ വെടിയേറ്റ് കൊല്ലപ്പെട്ടത്. 
ചൊവ്വാഴ്ച രാത്രി 10.30 ഓടെ ഹർപ്രീതും ഗോവിന്ദും ബൈക്കിൽ ഇടുങ്ങിയ പാതയിലൂടെ കടന്നുപോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഈ സമയത്ത് പ്രതികളായ മായയും ഗനിയും കൂട്ടാളികളായ സൊഹൈൽ (23), മുഹമ്മദ് ജുനൈദ് (23), അദ്നാൻ (19) എന്നിവർ രണ്ട് സ്‌കൂട്ടറുകളിൽ പാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഇടുങ്ങിയ പാതയിൽ ഇരുചക്രവാഹനങ്ങൾ മുഖാമുഖമായി.  ആരു വഴിമാറും എന്നതിനെ ചൊല്ലി തർക്കം തുടങ്ങി. തർക്കം സംഘർഷത്തിൽ കലാശിക്കുകയും മായ ഹർപ്രീതിനെയും ഗോവിന്ദിനെയും വെടിവെക്കുന്നതിൽ കലാശിക്കുകയും ചെയ്തു. 

പാതയിലെ സിസിടിവി ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച ശേഷമാണ് പ്രതികളെ പിടികൂടിയത്. രണ്ട് പ്രതികൾ മുഖം മറച്ച് സ്‌കൂട്ടറിൽ പോകുന്നത് ദൃശ്യങ്ങളിൽ കാണാം.

മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

Latest News