രണ്ടാനമ്മയുടെ മര്‍ദനമേറ്റ കുട്ടിയെ പോലീസ് ഭീഷണിപ്പെടുത്തിയെന്ന് പരാതി

കോഴിക്കോട്- മുക്കത്ത് രണ്ടാനമ്മയുടെയും ബന്ധുക്കളുടെയും ക്രൂരമര്‍ദനത്തിനിരയായ പന്ത്രണ്ടുകാരന്റെ മൊഴിയെടുക്കാന്‍ വന്ന മുക്കം എ.എസ്.ഐ കുട്ടിയോടും ബന്ധുക്കളോടും മോശമായി പെരുമാറിയതതായി പരാതി. മൊഴിയെടുക്കാന്‍ കുട്ടിയുടെ അച്ഛന്റെ വീട്ടിലെത്തിയ മുക്കം സ്റ്റേഷനിലെ എ.എസ്.ഐ ബേബി മാത്യു കുട്ടിയെ ഭീഷണിപ്പെടുത്തുകയും പിതൃസഹോദരിയോട് അസഭ്യം പറഞ്ഞതായും കാണിച്ച് ബന്ധുക്കള്‍ വടകര റൂറല്‍ സൂപ്രണ്ട് പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ 19 നാണ് മുക്കം നഗരസഭ തോട്ടത്തില്‍ കടവ് സ്വദേശിയായ പന്ത്രണ്ടുകാരനെ രണ്ടാനമ്മ ഷൈനിയും സഹോദരിയും സഹോദരീ ഭര്‍ത്താവും ചേര്‍ന്ന് അകാരണമായി മര്‍ദിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. മുക്കം പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് എ.എസ്.ഐ കുട്ടിയുടെ മൊഴിയെടുക്കാന്‍ കുട്ടിയുടെ പിതൃസഹോദരിയുടെ ആനക്കാംപൊയിലിലെ വീട്ടില്‍ എത്തിയത്. പോലീസ് കുട്ടിയെ ഭീഷണിപ്പെടുത്തുകയും, പറഞ്ഞത് കള്ളമാണെന്ന് പറയിപ്പിക്കാനും ശ്രമിച്ചതായി പരാതിയിലുണ്ട്. കുട്ടിയെ വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമിലേക്ക് മാറ്റുമെന്നും കേസ് വേണമോ വേണ്ടയോ എന്ന് ചിന്തിക്കണമെന്ന് താക്കീത് ചെയ്തതായും ബന്ധുക്കള്‍ പരാതിപ്പെട്ടു. കുറ്റാരോപിതരായ രണ്ടാനമ്മയുടെ അയല്‍വാസിയാണ് എ.എസ്.ഐ. കേസ് ഇല്ലാതാക്കാനാണ് ഇയാള്‍ ശ്രമിക്കുന്നതെന്നും അന്വേഷണത്തില്‍ തൃപ്തരല്ലാത്ത സാഹചര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നും ബന്ധുക്കള്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Latest News