Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ തുല്യ സാമൂഹ്യനീതി ഉറപ്പാക്കാനായില്ലെന്ന് സ്വാമി സച്ചിദാനന്ദ

വര്‍ക്കല- കേരളത്തില്‍ ഇപ്പോഴും തുല്യമായ സാമൂഹിക നീതി ഉറപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്ന് ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. വര്‍ക്കല ശിവഗിരിയില്‍ ശ്രീനാരായണ ഗുരുദേവന്റെ 169-ാം ജയന്തി ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ വേദിയിലിരിക്കെ ആയിരുന്നു സച്ചിദാനന്ദ സ്വാമിയുടെ പരാമര്‍ശം.

ശബരിമല, ഗുരുവായൂര്‍ തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളില്‍ പൂജാരിമാരെ നിയമിക്കുമ്പോള്‍ ബ്രാഹ്മണ സമുദായത്തില്‍പ്പെട്ടവരെ മാത്രമേ പരിഗണിക്കാറുള്ളൂ. സാമൂഹിക നീതി അകലെയാണെന്ന് അതില്‍ നിന്നു തന്നെ വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അധ:സ്ഥിത വിഭാഗങ്ങള്‍ക്ക് ക്ഷേത്ര പ്രവേശനത്തില്‍ മാത്രമല്ല, ക്ഷേത്ര ഭരണത്തിലും തുല്യ പങ്കാളിത്തം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ സെക്രട്ടേറിയറ്റ് തമ്പുരാന്‍ കോട്ടയാണെന്ന് ഗുരു നിത്യചൈതന്യ യതി മുന്‍പു പറഞ്ഞതില്‍ ഇപ്പോഴും വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദൈവദശകം ഔദ്യോഗിക പ്രാര്‍ഥനാ ഗാനമായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഇ. കെ. നായനാരുടെയും കെ. കരുണാകരന്റെയും ഉമ്മന്‍ ചാണ്ടിയുടെയും വി. എസ്. അച്യുതാനന്ദന്റേയും പിണറായി വിജയന്റേയും മന്ത്രിസഭകള്‍ക്ക് ശിവഗിരിയിലെ സന്ന്യാസിമാര്‍ നിവേദനം നല്‍കിയിട്ടും നടപ്പായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest News