ന്യൂദൽഹി-ആമസോണിൽ സീനിയർ മാനേജരായി ജോലി ചെയ്തിരുന്ന 36 കാരനായ ഹർപ്രീത് ഗില്ലിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഉൾപ്പെടെ രണ്ടുപേരെ ദൽഹി പോലീസ് അറസ്റ്റ് ചെയ്തു.
മുഖ്യപ്രതി മുഹമ്മദ് സമീർ എന്ന മായയും ബിലാൽ ഗനിയുമാണ് പിടിയിലായത്. രണ്ട് പ്രതികൾക്കും 18 വയസ്സ് പ്രായമുണ്ടെന്ന് പോലീസ് പറഞ്ഞു. പുലർച്ചെ 2.00 മണിയോടെ സിഗ്നേച്ചർ ബ്രിഡ്ജിന് സമീപമാണ് ബിലാൽ ഗനിയെ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി 11.30ഓടെ ഭജൻപുരയിലെ സുഭാഷ് വിഹാറിൽ വെച്ച് ഗില്ലിനും ബന്ധുവായ ഗോവിന്ദ് സിങ്ങിനും (32) നേരെ അജ്ഞാതരായ അഞ്ച് പേർ വെടിയുതിർക്കുകയായിരുന്നു.23 കാരനായ സുഹൈൽ എന്ന ബവാർച്ചി, 23 കാരനായ മുഹമ്മദ് ജുനൈദ് എന്ന ബിരിയാണി, 19 കാരനായ അദ്‌നാൻ എന്ന ഡോൺ എന്നിവരാണ് മറ്റു പ്രതികളെന്ന് പോലീസ് പറഞ്ഞു.
പ്രതികളെല്ലാം രാത്രി ഗനിയുടെ വീട്ടിൽ പാർട്ടി നടത്തുകയായിരുന്നു. പിന്നീട്, ഏകദേശം രാത്രി പത്തരയോടെ അവർ പുറത്തിറങ്ങി. മഹമ്മദ് സമീർ ഒരു പിസ്റ്റൾ കൈവശം വെച്ചിരുന്നതായി പോലീസ് പറഞ്ഞു. അഞ്ച് പ്രതികളും രണ്ട് വ്യത്യസ്ത സ്‌കൂട്ടറുകളിൽ ഭജൻപുര പ്രദേശത്തിനുള്ളിലെ ഇടുങ്ങിയ സ്ഥലങ്ങളിലേക്ക് ഓടിച്ചു. കുറച്ച് സ്ഥലങ്ങളിൽ നിർത്തിയ ശേഷം ഒടുവിൽ സുഭാഷ് വിഹാറിലെ ഗലിയിലെത്തി. ഈ സമയം ഹർപ്രീത് ഗില്ലും ബന്ധുവും മറുവശത്ത് നിന്ന് വരികയായിരുന്നു. ഇതോടെ വഴി തടസ്സപ്പെട്ടു. അഞ്ച് പ്രതികളും ആമസോൺ മാനേജരുമായും അമ്മാവനുമായും വഴക്കിലും കൈയാങ്കളിയിലുമെത്തി. നിമിഷങ്ങൾക്കകം സമീർ ഹർപ്രീത് ഗില്ലിനും ബന്ധുവിനും നേരെ വെടിയുതിർത്ത ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഹർപ്രീത് ഗില്ലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മാവൻ ആശുപത്രിയിൽ ചികിത്സയിലാണ്.