പിണറായിക്ക് ഗള്‍ഫില്‍ ബെനാമി ബിസിനസ്;  എല്ലാ 'കെ' പദ്ധതികളും 'വി' പദ്ധതികള്‍- സ്വപ്ന

തിരുവനന്തപുരം- യുഎഇയിലും ഷാര്‍ജയിലും അജ്മാനിലും മുഖ്യമന്ത്രി പിണറായി വിജയനു ബെനാമി ബിസിനസുണ്ടെന്നും അതിന്റെ ആവശ്യത്തിനായാണ് ഇടയ്ക്കിടെ ഗള്‍ഫില്‍ പോകുന്നതെന്നുമുള്ള ആരോപണവുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്.
കേരളത്തില്‍ തുടക്കമിട്ട എല്ലാ 'കെ'പദ്ധതികളും 'വി' പദ്ധതികളാണെന്നു ചാനല്‍ അഭിമുഖത്തില്‍ സ്വപ്ന സുരേഷ് ആരോപിച്ചു. പദ്ധതി ആലോചിക്കുമ്പോള്‍ തന്നെ അതില്‍ താല്‍പര്യമുള്ള വന്‍ മത്സ്യം ആരെന്നു കണ്ടെത്തും. അവരില്‍നിന്നു മുന്‍കൂറായി പണം പറ്റും. കടലാസു പദ്ധതിയെന്നു തിരിച്ചറിയുമ്പോള്‍, അവര്‍ക്ക് എതിര്‍ക്കാന്‍ ധൈര്യമുണ്ടാകില്ല. ശിവശങ്കറിന്റെ നേതൃത്വത്തില്‍ ഐടി വകുപ്പിലാണ് അത്തരത്തില്‍ കൂടുതല്‍ പദ്ധതികളുണ്ടായത്. ക്ലിഫ് ഹൗസിലെ വട്ടമേശചര്‍ച്ചയില്‍ താനും പങ്കാളിയായിട്ടുണ്ട്. ദുബായിലും ചര്‍ച്ച നടന്നിട്ടുണ്ട്. താന്‍ ഉണ്ടായിരുന്ന ഒരു ചര്‍ച്ചയിലും വീണ പങ്കെടുത്തിട്ടില്ല.
വീണയുടെ എക്സാലോജിക് സൊലൂഷന്‍സ് കമ്പനിയെ സഹായിക്കാന്‍ തന്നെ ബംഗളൂരുവില്‍ നിയമിക്കാന്‍ ശിവശങ്കര്‍ ആലോചിച്ചിരുന്നു. കുട്ടികള്‍ തിരുവനന്തപുരത്തു പഠിക്കുന്നതിനാല്‍ താന്‍ നിരസിച്ചു.
തന്നെയും കെ ഫോണിനു വേണ്ടി ഒരാളെയും നേരിട്ടെടുക്കാന്‍ പ്രൈസ് വാട്ടര്‍കൂപ്പേഴ്സ് തടസ്സം പറഞ്ഞപ്പോള്‍, ഔറംഗാബാദ് കേന്ദ്രീകരിച്ച് വിഷന്‍ ടെക്നോളജീസ് എന്ന പേരില്‍ ഒരു കടലാസു കമ്പനി റജിസ്റ്റര്‍ ചെയ്താണു ജോലിക്കെടുത്തത്. ഇപ്പോള്‍ അങ്ങനെയൊരു കമ്പനിയില്ല. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വൈകാതെ വെളിപ്പെടുത്തുമെന്നും സ്വപ്ന പറഞ്ഞു.
എഐ ക്യാമറ പദ്ധതി യഥാര്‍ഥത്തില്‍ നടപ്പാക്കേണ്ടിയിരുന്നതു സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ മകനെന്നു സ്വപ്ന സുരേഷ്. ആ സമയത്ത് ജയരാജന്‍ വ്യവസായ മന്ത്രിയായിരുന്നു. ജയരാജന്റെ മകനുമായി ഇക്കാര്യത്തിനു രണ്ടു തവണ ദുബായില്‍ താന്‍ കൂടിക്കാഴ്ച നടത്തി. എന്നാല്‍ പദ്ധതി നടത്തിപ്പിലേക്ക് എത്തിയപ്പോള്‍ ഒഴിവാക്കപ്പെട്ടു. എഐ ക്യാമറ അഴിമതിയാണെന്നും പദ്ധതിയെക്കുറിച്ചു നന്നായറിയാമെന്നും സ്വപ്ന പറഞ്ഞു.

Latest News