Sorry, you need to enable JavaScript to visit this website.

പാചകവാതകത്തിന് പിന്നാലെ ഇന്ധന വിലയും കുറക്കുമെന്ന് സൂചന

ന്യൂദല്‍ഹി- പാചകവാതകത്തിന സബ്‌സിഡി നല്‍കിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഇന്ധനവിലയിലും കുറവ് വരുത്തുമെന്ന് സൂചന. അടുത്ത വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയതായി രൂപം കൊണ്ടിരിക്കുന്ന പ്രതിപക്ഷത്തെ 'ഇന്ത്യ' സഖ്യം ബി.ജെ.പിക്ക് വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. പെട്ടെന്നുള്ള പാചകവാതക വിലക്കുറവ് ഇതിന്റെ ഭാഗമാണെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന രൂക്ഷ വിമര്‍ശനം തങ്ങള്‍ക്ക് തിരിച്ചടിയാകുമോയെന്ന് ആശങ്ക കേന്ദ്രസര്‍ക്കാരിനുണ്ട്. പാചകവാതകത്തിന് 200 രൂപ വില കുറച്ചതായി കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 1100 രൂപയ്ക്ക് വാങ്ങിയിരുന്ന സിലിണ്ടറിന് ഇനി 910 രൂപയാകും. പ്രധാനമന്ത്രി ഉജ്വല പദ്ധതിപ്രകാരം സിലിണ്ടര്‍ ലഭിക്കുന്നവര്‍ക്ക് 400 രൂപയാണ് കുറയുന്നത്.

തെരഞ്ഞെടുപ്പല്ല പ്രശ്‌നമെന്ന് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുകയാണ്. അധികാരത്തിലെത്തിയാല്‍ മധ്യപ്രദേശില്‍ പാചകവാതക വില 500 രൂപയാക്കി കുറക്കുമെന്ന് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. രാജസ്ഥാനില്‍ നേരത്തെ തന്നെ പാചകവാതക വില 500 രൂപയാക്കി കുറച്ചിരുന്നു. പാചകവാതകത്തിന്റെ വില കുറയ്ക്കാന്‍ തയാറായ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി വരുമ്പോള്‍ ഇന്ധനവിലയിലും കുറച്ചേക്കാന്‍ സാധ്യതയുണ്ട്.

 

Latest News