1.1 കോടി വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ, വാഗ്ദാനം പാലിച്ച് കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു - തെരഞ്ഞെടുപ്പിന് മുമ്പുള്ള മറ്റൊരു പ്രധാന വാഗ്ദാനം കൂടി നിറവേറ്റി കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ 'ഗൃഹലക്ഷ്മി' പദ്ധതി ആരംഭിച്ചു.  കുടുംബനാഥരായ ഏകദേശം 1.1 കോടി സ്ത്രീകള്‍ക്ക് പ്രതിമാസം 2,000 രൂപ വീതം ലഭിക്കും.
എ.ഐ.സി.സി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മഹാരാജാ കോളേജ് ഗ്രൗണ്ടില്‍ നടന്ന പൊതുപരിപാടിയില്‍ പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു.

മെയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍നിന്ന് പുറത്താക്കിയ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പിന് മുമ്പുള്ള അഞ്ച് 'ഗ്യാരന്റി'കളില്‍ ഒന്നാണ് 'ഗൃഹ ലക്ഷ്മി' പദ്ധതി.

'ശക്തി', 'ഗൃഹജ്യോതി', 'അന്നഭാഗ്യ' എന്നീ മൂന്നെണ്ണം തന്റെ സര്‍ക്കാര്‍ ഇതിനകം നടപ്പാക്കിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'ഗൃഹ ലക്ഷ്മി'യാണ് നാലാമത്തേത്. നടപ്പ് സാമ്പത്തിക വര്‍ഷം 17,500 കോടി രൂപയാണ് 'ഗൃഹ ലക്ഷ്മി' പദ്ധതിക്കായി സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.

2022-23 വര്‍ഷത്തില്‍ പരീക്ഷ പാസായി ആറുമാസം കഴിഞ്ഞിട്ടും ജോലി ലഭിക്കാത്ത തൊഴില്‍രഹിതരായ ബിരുദധാരികള്‍ക്കും ഡിപ്ലോമ ഹോള്‍ഡര്‍മാര്‍ക്കും യഥാക്രമം 3000 രൂപയും ഡിപ്ലോമ ഹോള്‍ഡര്‍മാര്‍ക്കും പ്രതിമാസം 3000 രൂപയും 1500 രൂപയും നല്‍കുമെന്നതാണ് അഞ്ചാമത്തെ ഗ്യാരന്റി 'യുവ നിധി'. പദ്ധതി ഡിസംബറില്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

 

Latest News