സൈബര്‍ ആക്രമണം: വീട്ടിലെത്തി അച്ചു ഉമ്മന്റെ മൊഴിയെടുത്ത് പോലീസ്

തിരുവനന്തപുരം- സാമൂഹിക മാധ്യമങ്ങളിലൂടെയും പാര്‍ട്ടി പ്രചാരണ വേദികളിലൂടെയും അപമാനിക്കാനുള്ള ശ്രമത്തിനെതിരേ അച്ചു ഉമ്മന്‍ നല്‍കിയ പരാതിയില്‍ പൂജപ്പുര പോലീസ് മൊഴി രേഖപ്പെടുത്തി. പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലില്‍ വീട്ടിലെത്തിയാണ് പോലീസ് സംഘം മൊഴിയെടുത്തത്.

ബുധനാഴ്ച ഉച്ചയ്ക്ക് 3.20 മുതലാണ് മൊഴിയെടുക്കല്‍ ആരംഭിച്ചത്. പൂജപ്പുര പോലീസ് സംഘത്തിനൊപ്പം ലോക്കല്‍ പോലീസും പുതുപ്പള്ളിയിലെ വീട്ടിലെത്തി. അച്ചു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ ആക്രമണമടക്കമുള്ള കൂടുതല്‍ വിശദാംശങ്ങള്‍ തേടിയാണ് പോലീസെത്തിയത്.

ഇടതുസംഘടനാ നേതാവും സെക്രട്ടേറിയറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറിയുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളിക്കെതിരെയടക്കം സൈബര്‍ ആക്രമണം ആരോപിച്ച് അച്ചു പരാതി നല്‍കിയിരുന്നു. ഇയാള്‍ക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു. വനിതാ കമ്മിഷനിലും സൈബര്‍ സെല്ലിലും പൂജപ്പുര പോലീസ് സ്റ്റേഷനിലുമാണ് അച്ചു പരാതി നല്‍കിയത്.

 

Latest News