'കാലത്ത് ശുദ്ധജലത്തിൽ കുളി, വെണ്മ തിരളുന്ന വസ്ത്രധാരണം, രക്തബന്ധം പുലർത്തുന്ന ദായക്രമം, മാതൃമാതുല പിതൃസഹോദര ഭാവേനയുള്ള കൂട്ടുകുടുംബ ജീവിതം, വയക്രമത്തിൽ കാരണവ സ്ഥാനം, മാതൃസ്ഥാനത്തിന് മാന്യത നൽകുന്ന മരുമക്കത്തായം, മഴയുടെയും വെയിലിന്റെയും ഗതിക്കനുസരിച്ചുള്ള കൃഷിയിറക്കൽ, വികാരോത്തേജനത്തെ അടിസ്ഥാനമാക്കി ആചരിക്കപ്പെടുന്ന ആരാധനാഘോഷ സമ്പ്രദായം, ലളിതമായ വിവാഹച്ചടങ്ങ്, സഹകരണാടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ശവസംസ്‌കാര കർമം, ഇങ്ങനെ കേരളത്തിന്റെ സമസ്ത മേഖലകളിലേക്കും ആചാരങ്ങൾ വേരോടിയിരിക്കുന്നു...'
കേരളക്കരയിൽ നിലനിന്നു പോരുന്ന ഏതൊരു ആചാരാഘോഷാനുഷ്ഠാനങ്ങൾക്ക് പിറകിലും ഭൗതികവും ആത്മീയവുമായ ചിന്തകളുടെ ചൈതന്യം ഒളിഞ്ഞിരിപ്പുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള, സാമൂഹ്യ നവോത്ഥാന നായകരിൽ പ്രധാനിയായ വി.ടി. ഭട്ടതിരിപ്പാടിന്റെ മുകളിലുദ്ധരിച്ച വാക്കുകൾ ഈ പൊന്നോണപ്പുലരിയിൽ ഓർത്തുപോവുക സ്വാഭാവികം.
കള്ളക്കർക്കടകം കരിനിഴൽ വീഴ്ത്തിയ കേരളീയത്തറവാടുകളുടെ ഹൃത്തടങ്ങളെ നാട്ടുനന്മയുടെ വെണ്മ തിരളുന്ന പുടവയാൽ മൂടിയും ആത്മീയ ചിന്തകളുടെ ചൈതന്യം വാരിവിതറിയും ഋതുക്കളുടെ പരിണാമ ഭേദമായി വീണ്ടുമൊരു പൊന്നിൻ ചിങ്ങമാസം കൂടി വിരുന്നിനെത്തുമ്പോൾ ആഗോള മലയാളികളൊന്നടങ്കം ഓണ മഹോത്സവത്തെ വരവേൽക്കാൻ സർവാത്മനാ ഒരുങ്ങിക്കഴിഞ്ഞില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടൂ?
പരശുരാമൻ കേരളം സന്ദർശിക്കാനെത്തുന്നതിന്റെ സ്മരണാർത്ഥമാണ് ഓണം, അതല്ല, ആണ്ടുപിറപ്പിന്റെ ആഘോഷമാണ് ഓണം, ഇതൊന്നുമല്ല, ചേരമാൻ പെരുമാൾ രാജ്യമുപേക്ഷിച്ച് അറേബ്യയിലേക്ക് യാത്ര പോയതിന്റെ ഓർമ പുതുക്കലാണ് ഓണം തുടങ്ങിയ ഐതിഹ്യങ്ങളേറെയുണ്ടെങ്കിലും മലയാളക്കരയുടെ അധിപനും പ്രജാക്ഷേമ തൽപരനുമായിരുന്ന മാവേലി മന്നൻ വിഷ്ണുപാദ സ്പർശത്താൽ മോക്ഷം ലഭിച്ച് സ്വർഗസ്ഥനാവുകയും ആണ്ടിലൊരിക്കൽ തന്റെ പ്രജകളെ കാണാൻ എഴുന്നള്ളുകയും ചെയ്യുന്നതിന്റെ ദീപ്ത സ്മരണയാണ് പൊന്നോണം എന്ന വിശ്വാസത്തിനുള്ള പ്രചാരവും അംഗീകാരവുമൊന്നും മറ്റൊന്നിനുമില്ല തന്നെ.
സുഖസന്തോഷ സമൃദ്ധിയിൽ മാനുഷരെല്ലാം ഏകോദര സഹോദരങ്ങളെ പോലെ വാണിരുന്ന സമത്വ സുന്ദരമായ ഒരു ഭൂതകാലത്തിന്റെ പുനഃസൃഷ്ടി എന്ന നിലയിലായാലും ഐശ്വര്യ സമൃദ്ധമായ ഒരു ഭാവികാലത്തിന്റെ സ്വപ്‌ന സാക്ഷാത്കാരം എന്ന നിലയിലായാലും മലയാളിക്ക് മധുര മഹോത്സവം തന്നെയാണ് ഓണം.
പരമ്പരാഗതമായി കൈവന്ന വൈവിധ്യങ്ങളെ കാറ്റിൽ പറത്തുന്നതും സാംസ്‌കാരിക പിന്മടക്കങ്ങൾക്ക് അതിർവരമ്പുകൾ തീർക്കുന്നതുമായ ഇന്നിന്റെ ആഗോളവൽക്കരണ കാലത്ത് 'അന്ന് മാലോകരെല്ലാം ഒന്നുപോൽ വാണിരുന്നു' എന്ന വാങ്മയ ചിത്രം പോലും എത്രമേൽ ഉദാത്തമെന്ന് പറയാതെ വയ്യ.
പ്രശ്‌നസങ്കീർണമായ ജീവിതത്തിൽ, പരിഹാര പരിശീലനവും ഒപ്പം നിഷ്പക്ഷമായി ചിന്തിക്കാനും മറ്റുള്ളവരുടെ വാദമുഖങ്ങളെ സഹിഷ്ണുതയോടെ വീക്ഷിക്കാനും ഒരു പരിധി വരെ വ്യത്യസ്ത ചിന്താഗതികളുമായി പൊരുത്തപ്പെടാനുമുള്ള വിലയേറിയ പരിശീലനക്കളരി കൂടിയാണ് കേരളീയന് ഓണാഘോഷം.
തൃക്കാക്കരയപ്പൻ മലനാട്ടിലെത്തുമ്പോൾ പൂക്കളും പൂജകർമാദികളും വിശിഷ്ട ഭോജ്യങ്ങളുമൊരുക്കി പൂപ്പൊലിപ്പാട്ട്, പൂക്കളപ്പാട്ട്, ചടങ്ങുപാട്ട്, വരവുപാട്ട്, കളിപ്പാട്ട്, പരിഭവപ്പാട്ട് എന്നിങ്ങനെ നിരവധിയാർന്ന ഓണപ്പാട്ടുകൾ പാടി കളിയും ആഘോഷവുമായി വേണം സ്വീകരിക്കാൻ എന്നാണ് പഴമ്പുരാണം.
'തട്ടാനും വന്നീല, താലിയും തീർത്തീല
എന്തെന്റെ മാവേലി ഓണം വന്നൂ...
നങ്ങേലിപ്പെണ്ണിന്റെ അങ്ങേരും വന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ...'
ഗൃഹാതുരത്വം മാത്രമല്ല കുടുംബാംഗങ്ങളുടെ ഒത്തുചേരലിന്റെ പ്രാധാന്യത്തെ കൂടി സൂചിപ്പിക്കുന്ന ഇത്തരത്തിൽ എണ്ണമറ്റ എത്രയെത്ര ഓണപ്പാട്ടുകൾ!
ചരിത്രപരമായി ഓണത്തെക്കുറിച്ച് പരാമർശമുള്ളതും തിരുവല്ല, തിരുവാറ്റുവായ് ക്ഷേത്രത്തിലെ പതിവിനെക്കുറിച്ച് വിവരിക്കുന്നതും ക്രിസ്തു വർഷം എണ്ണൂറ്റിഅറുപത്തിയൊന്നിൽ കോത്താണുരവി തുല്യം ചാർത്തിയതുമായ താമ്രശാസന വരികളിൽ ചിലത് ഇപ്രകാരമത്രേ:
'പുൻചൈപ്പടകാശത്ത് ചേന്തഞ്ചങ്കരൻ ആവണിയോണം അടുവാൻ കൊടുത്ത പൂമി ചേന്നൻ ചേന്നനാർ കരിപതിൻ കലമും കാടേര ഐന്നൂറ്റി നാഴിയും ഇവൈകൊണ്ട് ഊർമ മറൈയായ് ഓണമടക്കവർ...'
പ്രാചീന മലയാള സാഹിത്യ കൃതിയായ ചന്ദ്രോത്സവത്തിൽ നായികയായ മേദിനീവെണ്ണിലാവ് ഓണപ്പുടവ അണിഞ്ഞൊരുങ്ങുന്നതും കോഴിക്കോട്ട് സാമൂതിരി മാനവിക്രമന്റെ വിദ്വൽ സദസ്സിലെ പതിനെട്ടരക്കവികളിൽ ഒരാളായിരുന്ന ഉദ്ദണ്ഡ ശാസ്ത്രികൾ ഓണത്തെ പുകഴ്ത്തിപ്പറയുന്നതും മണിപ്രവാള കൃതിയായ ഉണ്ണുനീലി സന്ദേശത്തിൽ നായിക, നായകനെ സ്വീകരിക്കുന്നതും ഓണാഘോഷത്തെ വരവേൽക്കുന്നതു പോലെയെന്ന് ഉപമിക്കുന്നതുമെല്ലാം ചരിത്ര രേഖകളായി ചേർത്തുവെക്കാം.
ഓണപ്പൂവിളിയുയരുന്ന ചിങ്ങമാസം ഒന്നാം തീയതി, കൊല്ലവർഷാരംഭം അഥവാ മലയാള വർഷാരംഭമായി ഗണിക്കപ്പെടുന്നത് എ.ഡി എണ്ണൂറ്റി ഇരുപത്തിയഞ്ചിലായിരുന്നുവെന്നതും മേൽപറഞ്ഞതിലേക്ക് വെളിച്ചം വീശുന്ന ചരിത്ര വസ്തുതയായി കണക്കാക്കപ്പെടുന്നു.
കുടിയാന്മാരായ കൃഷിക്കാർ കാർഷിക വിഭവങ്ങളുമായി ജന്മിയുടെ മുൻപിലെത്തി ഓണക്കാഴ്ച സമർപ്പിക്കുമ്പോൾ കുടിയാന്മാരുടെ സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് തമ്പ്രാക്കൾ നൽകുന്ന ഓണളവ്, ഒരു കാലത്ത് വിളവെടുപ്പുത്സവത്തിന്റെ കാതലായ ഭാഗമായിരുന്നുവെങ്കിലും ജാതീയമായ വേർതിരിവോടെ നൽകിയിരുന്ന ഓണളവാചാരം പിന്നീടേതോ ഓണംകേറാമൂലയിലെത്തിയെന്ന് വേണം കരുതാൻ.
ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ എന്നതിനെ അന്വർത്ഥമാക്കുമാറ് ഇന്ന് അക്ഷരമാല ക്രമത്തിൽ കാർഡുകളുണ്ടാക്കി 'അർഹതപ്പെട്ടവർക്ക്' മാത്രം ഓണളവ് വിതരണം ചെയ്ത് ഓണത്തിനിടയിലും പുട്ട് കച്ചവടം ചെയ്യുന്നവരോട് കാണം വിറ്റും ഓണമുണ്ണും എന്ന പഴഞ്ചൊല്ല് മറുമൊഴി ചൊല്ലി മലയാളി ഓണമാഘോഷിക്കുന്നത് അവന്റെ നിസ്സഹായത കൊണ്ടല്ല, മറിച്ച്, ഓണം അവന്റെ, മലയാളക്കരയുടെ വികാരമായതുകൊണ്ടാണെന്ന് ബന്ധപ്പെട്ടവരൊരിക്കൽ തിരിച്ചറിയുക തന്നെ ചെയ്യും.






