പ്രതീക്ഷിച്ചത് സംഭവിച്ചു. വ്ളാദ്മിർ പുട്ടിനെ എതിർക്കുന്നവർക്ക് കാലാകാലങ്ങളായി സംഭവിക്കുന്നത് തന്നെ. റഷ്യൻ കൂലിപ്പട്ടാള സംഘമായ വാഗ്‌നർ ഗ്രൂപ്പ് തലവൻ യെവെഗ്‌നി പ്രിഗോഷിൻ പടിഞ്ഞാറൻ റഷ്യയിലുണ്ടായ വിമാനാപകടത്തിൽ മരിച്ച കാര്യം റഷ്യ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. ജൂണിൽ റഷ്യൻ സേനക്കെതിരെ തന്നെ അട്ടിമറി നീക്കം നടത്തിയ പ്രിഗോഷിൻ പുട്ടിനെ ഒന്ന് വിറപ്പിച്ചെന്നത് ശരി തന്നെ. പ്രിഗോഷിൻ സായുധ കലാപത്തിന് ആഹ്വാനം ചെയ്തതിലൂടെ വിമത മേധാവിയായാണ് മാറിയത്. ഒറ്റ ദിവസം കൊണ്ട് റഷ്യൻ നേതൃത്വം പകച്ചുപോയ വിഷയം അന്താരാഷ്ട്ര തലത്തിലും ചർച്ചയായി. കഴിഞ്ഞ ബുധനാഴ്ചയുണ്ടായ വിമാനപകടത്തിൽ മരിച്ച പത്ത് യാത്രികരിലൊരാൾ പ്രിഗോഷിൻ തന്നെയാണെന്ന് റഷ്യയുടെ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റിയും അറിയിച്ചു.
മോസ്‌കോയിൽ നിന്ന് സെന്റ് പീറ്റേഴ്‌സ്ബർഗിലേക്കുള്ള യാത്രക്കിടെയാണ് പ്രിഗോഷിന്റെ ഉടമസ്ഥതയിലെ സ്വകാര്യ വിമാനം ട്വെർ മേഖലയിലെ കഷെൻകീനോ ഗ്രാമത്തിന് മുകളിൽ വെച്ച് പൊട്ടിത്തെറിച്ചത്.
വിമാനത്തിലുണ്ടായിരുന്ന പത്ത് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും തിരിച്ചറിയാനായി മോളിക്കുലാർ - ജെനറ്റിക് പരിശോധനകൾ നടത്തിയിരുന്നു. പരിശോധന ഫലപ്രകാരമാണ് പ്രിഗോഷിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ജനിതക വിശകലനത്തിന് ശേഷം ഞായറാഴ്ചയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മോസ്‌കോയുടെ സൈനിക നേതൃത്വത്തിനെതിരെ വാഗ്നർ കലാപം നടത്തിയതിന് കൃത്യം രണ്ട് മാസത്തിന് ശേഷമാണ് ഈ അപകടം. അതുകൊണ്ടു തന്നെ ക്രെംലിൻ ഇതിൽ ഉൾപ്പെട്ടിരിക്കാമെന്ന ഊഹാപോഹങ്ങൾ ഉയരുകയും ചെയ്തു.
റഷ്യൻ പ്രസിഡന്റ് പുട്ടിന്റെ വിശ്വസ്തനും വ്യവസായിയുമായ യെവ്ഗനി പ്രിഗോഷിൻ 2014 ൽ രൂപവത്കരിച്ച സ്വകാര്യ സൈനിക സംഘമാണ് പി.എം.സി വാഗ്നർ അഥവാ വാഗ്നർ പട്ടാളം. വിദേശത്തെ സൈനിക നടപടിക്ക് റഷ്യ ഉപയോഗിക്കുന്ന കൂലിപ്പട്ടാളമാണിത്. 250 പേരുമായി തുടങ്ങിയ സംഘം എട്ടു വർഷം കൊണ്ട് വലിയ സംഘമായി മാറി.
ഉക്രൈൻ യുദ്ധം കൈകാര്യം ചെയ്തതിൽ റഷ്യൻ സൈനിക നേതൃത്വത്തെ നിരന്തരം വിമർശിച്ച പ്രിഗോഷിൻ, പ്രസിഡന്റ് വ്ളാദ്മിർ പുട്ടിനെ ഒരിക്കലും നേരിട്ടു വിമർശിച്ചിരുന്നില്ല. അത്രക്കുണ്ടായിരുന്നു അവർ തമ്മിലുള്ള ഇഴയടുപ്പം. കൂലിപ്പട്ടാളം തിരിഞ്ഞു കുത്തിയപ്പോൾ പുട്ടിൻ കടുത്ത ഭാഷയിൽ പ്രതികരിച്ചെങ്കിലും പ്രിഗോഷിന്റെ പേര് അദ്ദേഹം പരാമർശിച്ചില്ല. പുട്ടിന്റെ സ്വന്തം നാടായ സെന്റ് പീറ്റേഴ്സ്ബർഗാണ് പ്രിഗോഷിന്റെയും ദേശം. ചെറുപ്പം മുതലേ കുറ്റകൃത്യ വാസനയുണ്ടായിരുന്ന പ്രിഗോഷിൻ 1979 ൽ 18 ാം വയസ്സിലാണ് ആദ്യമായി ക്രിമിനൽ കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നത്. മോഷണക്കുറ്റത്തിന് രണ്ടു വർഷം തടവ്. കവർച്ച പതിവാക്കിയ പ്രിഗോഷിൻ 13 വർഷത്തെ തടവിന് വീണ്ടും ശിക്ഷിക്കപ്പെട്ടു.
എട്ടു വർഷത്തെ ജയിൽ വാസത്തിനു ശേഷം പുറത്തുവന്ന് സെന്റ് പീറ്റേഴ്സ്ബർഗിൽ 'ഹോട്ട് ഡോഗ്' വിൽക്കുന്ന ഒരു ഹോട്ടൽ ശൃംഖല സ്ഥാപിച്ചു. നിയമ വിരുദ്ധ മാർഗങ്ങളിലൂടെയും അല്ലാതെയും ബിസിനസ് തഴച്ചു വളർന്നു. 1990 കളിൽ റഷ്യയിലുടനീളം ആഡംബര ഭക്ഷണശാലകൾ തുറന്നു.
പ്രിഗോഷിന്റെ ഭക്ഷണ ശാലകളിലെ നിത്യസന്ദർശകനായിരുന്നു പുട്ടിൻ. 'ന്യൂ ഐലൻഡ്' എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ഒഴുകുന്ന ആഡംബര റെസ്റ്റോറന്റായിരുന്നു പുട്ടിന്റെ ഇഷ്ട കേന്ദ്രം. നെവാനദിയിലൂടെ സഞ്ചരിക്കുന്ന ഒരു ബോട്ടായിരുന്നു ഇത്. പ്രസിഡന്റായ ശേഷം ഇവിടെ വെച്ചാണ് വിദേശ രാജ്യങ്ങളിൽനിന്ന് ഉൾപ്പെടെയെത്തുന്ന അതിഥികളെ പുട്ടിൻ സ്ഥിരമായി സൽക്കരിച്ചിരുന്നത്.
2000 ൽ ജപ്പാൻ മുൻപ്രധാനമന്ത്രി യോഷിറോ മോറിക്കൊപ്പം ന്യൂഐലൻഡിലെത്തിയപ്പോഴാണ് പുട്ടിൻ പ്രിഗോഷിനെ ആദ്യമായി കാണുന്നത്. ഉടമയായിട്ടും അതിഥികൾക്ക് മടി കൂടാതെ ഭക്ഷണം വിളമ്പുന്ന പ്രിഗോഷിന്റെ വ്യക്തിത്വം പുട്ടിനെ ആകർഷിച്ചു. 2003 ലെ തന്റെ പിറന്നാളാഘോഷം ന്യൂഐലൻഡിൽവെച്ച് സംഘടിപ്പിക്കാൻ പുട്ടിൻ പ്രിഗോഷിനോട് ആവശ്യപ്പെട്ടത് ഇരുവരും തമ്മിലുള്ള അടുപ്പം കൂട്ടി.
2014 ൽ വാഗ്‌നർ ഗ്രൂപ്പ് സ്ഥാപിച്ചെന്നാണ് പ്രിഗോഷിൻ അവകാശപ്പെടുന്നത്. ഇതൊരു നിയമവിരുദ്ധ സേനയെങ്കിലും 2022 ൽ സ്വകാര്യ സൈനിക കമ്പനിയായി രജിസ്റ്റർ ചെയ്തു. പുട്ടിന്റെ പാചകക്കാരൻ എന്നാണ് പ്രിഗോഷിന്റെ വിളിപ്പേര്. ധനികനായൊരു ബിസിനസുകാരനും അതേപോലെ തന്നെ ഒരു ക്രിമിനലുമാണ് അയാൾ. പുട്ടിനുമായി ഏറെ അടുത്ത ബന്ധമുള്ളയാളും.
വാഗ്‌നർ സംഘത്തിന്റെ ആദ്യ ഫീൽഡ് കമാൻഡർ ദിമിത്രി ഉത്കിൻ ആയിരുന്നു റഷ്യയുടെ മുൻ സൈനിക ഓഫീസർ. റഷ്യൻ സൈന്യത്തിൽ നിന്ന് വിരമിച്ചവരായിരുന്നു ഈ സംഘത്തിൽ ആദ്യമുണ്ടായിരുന്നത്. ഏകദേശം അയ്യായിരത്തോളം അംഗങ്ങൾ. 2022 ൽ പ്രിഗോഷിൻ റഷ്യൻ ജയിലുകളിൽ നിന്നും കുറ്റവാളികളുടെ റിക്രൂട്ട്‌മെന്റ് വലിയ തോതിൽ നടത്തി. ഉക്രൈനിൽ റഷ്യക്ക് വേണ്ടി പോരടിക്കുന്നതിൽ ഭൂരിഭാഗവും വാഗ്‌നർ ഗ്രൂപ്പിലെ തടവുകാരാണ്. ഏകദേശം ഇരുപത്തി അയ്യായിരത്തോളം പോരാളികളാണ് ഇപ്പോൾ വാഗ്‌നറിനുള്ളത്. ഉെക്രെനിൽ മാത്രമല്ല, സിറിയ, മാലി, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, സുഡാൻ, ലിബിയ എന്നിവിടങ്ങളിലും വാഗ്‌നറുണ്ട്.
വെല്ലുവിളിക്കുന്നവരെ വെറുതെ വിടുന്ന ശീലമില്ലാത്ത ആളാണ് പുട്ടിനെന്നതിന് തെളിവുകളേറെ.
ജെയിംസ് ബോണ്ട് സിനിമകളുടെ തിരക്കഥകൾ പോലെയാണ് റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുട്ടിന്റെ എതിരാളികൾ ഓരോ തരത്തിൽ ചിറകറ്റ് വീഴുന്നത്.
വിഷബാധയേറ്റും വെടിയേറ്റും ദുരൂഹ സാഹചര്യത്തിൽ മരിച്ച ഡസൻ കണക്കിന് പുട്ടിൻ വിമർശകരുണ്ട്. എന്നാൽ ഇതിലൊന്നും പുട്ടിനോ ഭരണകൂടത്തിനോ പങ്കുള്ളതായി തെളിയിക്കപ്പെട്ടിട്ടില്ല. ഉക്രൈൻ അധിനിവേശം ആരംഭിച്ച ശേഷം ഉന്നത സൈനിക ഉദ്യോഗസ്ഥരും വ്യവസായികളുമടക്കം ചിലർ ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു.
കലാപ നീക്കത്തിലൂടെ തന്റെ അധികാരത്തിന് വെല്ലുവിളി ഉയർത്തിയ പ്രിഗോഷിനെയും പുട്ടിൻ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നോ എന്നാണ് പലരും ഇപ്പോൾ ചർച്ച ചെയ്യുന്നത്.
ദുരൂഹ മരണം സംഭവിച്ച പുട്ടിൻ വിമർശകരുടെ പട്ടികയിലെ പ്രധാനികൾ- ബോറിസ് ബെറെസോവ്‌സ്‌കി - 2013, ആദ്യം പുട്ടിന്റെ സുഹൃത്തും പിന്നീട് എതിരാളിയുമായി മാറിയ ബിസിനസുകാരൻ. വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മിഖായിൽ ലെസിൻ - 2015, റഷ്യയിലെ മുൻ മന്ത്രി. വാഷിംഗ്ടണിലെ ഒരു ഹോട്ടൽ മുറിയിൽ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അന്ന പൊലിറ്റ്കോവ്സ്‌കായ - 2006, മാധ്യമ പ്രവർത്തക. വെടിയേറ്റ് മരിച്ചു. ബോറിസ് നെംറ്റ്സോവ് - 2015, മുൻ ഉപപ്രധാനമന്ത്രി. വെടിയേറ്റ് മരിച്ചു. സ്റ്റാനിസ്ലേവ് മർക്കലോവ് - 2009, അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനും. വെടിയേറ്റ് മരിച്ചു. സെർജി മാഗ്‌നിറ്റ്‌സ്‌കി - 2009, അഭിഭാഷകൻ. റഷ്യൻ പോലീസിന്റെ കസ്റ്റഡിയിലിരിക്കേ അതിക്രൂരമായി മർദനമേറ്റ് കൊല്ലപ്പെട്ടു. നറ്റാലിയ എസ്റ്റെമിറോവ - 2003, മാധ്യമ പ്രവർത്തക. വെടിയേറ്റ് മരിച്ചു. യൂറി ഷെകൊചിഖിൻ - 2003, മാധ്യമ പ്രവർത്തകൻ. അജ്ഞാത രോഗം ബാധിച്ച് 16 ദിവസത്തിനുള്ളിൽ മരിച്ചു. റേഡിയേഷൻ വിഷബാധയെന്ന് കരുതുന്നു. അലക്‌സാണ്ടർ ലിറ്റ്വിനെൻകോ - 2006, ബ്രിട്ടനിൽ അഭയം തേടിയ മുൻ റഷ്യൻ ഇന്റലിജൻസ് ഓഫീസർ. ലണ്ടനിലെ ഹോട്ടലിൽ നിന്ന് വിഷം കലർത്തിയ ചായ ഉള്ളിലെത്തി ചികിത്സയിലിരിക്കേ മരിച്ചു. ഇവരൊക്കെ അകാല ചരമം പ്രാപിച്ചവർ.
ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടവരുടെ പട്ടിക വേറെ.
പ്രിഗോഷിൻ ഇല്ലാതായാൽ വാഗ്‌നർ ഗ്രൂപ്പ് അനാഥമാകുമെന്നാണ് റഷ്യയുടെ ധാരണ. അനാഥത്വത്തിൽ ശക്തി ക്ഷയിക്കുന്ന വാഗ്‌നറിനെ ഇഷ്ടം പോലെ ഉപയോഗിക്കാമെന്ന് റഷ്യ കണക്കുകൂട്ടിയതായാണ് വിലയിരുത്തലുകൾ.
മോസ്‌കോ-വാഗ്‌നർ ഗ്രൂപ്പ് അടക്കം രാജ്യത്തെ എല്ലാ സ്വകാര്യ സൈനിക സംഘടനകളിലെയും അംഗങ്ങൾ റഷ്യയോട് വിശ്വസ്തത പുലർത്തുന്നവരാണെന്ന് പ്രതിജ്ഞ ചെയ്യണമെന്ന് പ്രസിഡന്റ് വ്ളാദ്മിർ പുട്ടിന്റെ ഉത്തരവ്. ഉക്രൈനിലെ റഷ്യൻ സൈനിക നടപടികളിൽ ഭാഗമായവർക്കും പ്രാദേശിക പ്രതിരോധ യൂനിറ്റുകളുമായി ചേർന്ന് പ്രവർത്തിക്കുന്നവർക്കും ഉത്തരവ് ബാധകമാണ്.
വാഗ്നർ ഗ്രൂപ്പിന്റെ തലവൻ പ്രിഗോഷിൻ സഹസ്ഥാപകനായ ഡിമിട്രി ഉട്കിനും വിമാനാപകടത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുട്ടിന്റെ നിർണായക ഉത്തരവ്. പ്രിഗോഷിന്റെ മരണത്തോടെ നേതാവില്ലാതായി മാറിയ വാഗ്‌നർ ഗ്രൂപ്പിന്റെ നിയന്ത്രണം റഷ്യൻ പ്രതിരോധ വകുപ്പിന്റെ കൈകളിൽ ഉറപ്പിക്കുന്നതാണ് ഉത്തരവ്.
വിമാന അപകടത്തിന് പിന്നിൽ പ്രസിഡന്റ് വ്ളാദ്മിർ പുട്ടിനാണെന്നാണ് റഷ്യൻ പൗരന്മാരും വിദേശ രാജ്യങ്ങളും സംശയിക്കുന്നത്. ആരോപണങ്ങൾ കള്ളമാണെന്ന് വ്യക്തമാക്കി ക്രെംലിൻ രംഗത്തെത്തിയിട്ടുണ്ട്. പ്രിഗോഷിന്റെ അപകട മരണത്തിലെ വസ്തുതകൾ പുറത്തു വരേണ്ടതുണ്ട്. ഇതുസംബന്ധിച്ചുള്ള അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. ഇതിന് സമയമെടുക്കുമെന്നുമാണ് ക്രെംലിന്റെ മറുപടി.






