തിരുവനന്തപുരം - കൊടും ചൂടിനിടെ, ഓണാവധിക്ക് കുളിര് പകരാൻ മഴ എത്തിയേക്കും. ആലപ്പുഴ, എറണാകുളം ജില്ലകൾക്ക് പുറമേ ഇടുക്കിയിലും ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി മൂന്ന് ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ (വ്യാഴം) എറണാകുളം, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടുത്ത വേനലിൽ പൊള്ളുകയാണ് കേരളം. ആവശ്യത്തിന് മഴ ലഭിക്കാത്തതു കാരണം കടുത്ത ആശങ്കയിലാണ് ജനങ്ങൾ. ഇത് വരാനിരിക്കുന്ന വലിയൊരു പ്രതിസന്ധിയുടെ മുന്നറിയിപ്പാണെന്ന ആധിയിലാണ് കേരളം. ജലാശയങ്ങളിലും ഡാമുകളിലുമെല്ലാം വെള്ളം കുറയുന്നത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കുമെന്ന ആശങ്കയും നിലവിലുണ്ട്. അതിനിടെ, ഇന്നലെ രാത്രിയും ഇന്ന് രാവിലെയും കേരളത്തിലെ ഒറ്റപ്പെട്ട ചില ഭാഗങ്ങളിൽ മഴ ലഭിച്ചത് ഏറെ ആശ്വാസം പകർന്നു.