Sorry, you need to enable JavaScript to visit this website.

ചൊവ്വക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന വന്‍ തടാകം കണ്ടെത്തി

ന്യൂയോര്‍ക്ക്- ചൊവ്വാ ഗ്രഹത്തിനുള്ളില്‍ വന്‍ തടാകം ഒളിഞ്ഞിരിക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 20 കിലോമീറ്ററോളം വീതിയുള്ള വിശാലമായ ഈ ജലാശയം ചൊവ്വയുടെ ഹിമപാളിക്കടിയിലാണ് ഒളിഞ്ഞിരിക്കുന്നതെന്ന് ഇറ്റാലിയന്‍ ശാസ്ത്രജ്ഞരാണ് കണ്ടെത്തിയത്. ഇതുവരെ നടത്തിയ ശാസ്ത്രാന്വേഷണങ്ങളില്‍ പലപ്പോഴായി ചൊവ്വയുടെ ഉപരിതലത്തില്‍ അങ്ങിങ്ങായി ജല സാന്നിധ്യവും വെള്ളമൊഴുകിയ അടയാളങ്ങളും കണ്ടെത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു വന്‍ തടാകം തന്നെ ശാസ്ത്രജ്ഞരുടെ കണ്ണില്‍പ്പെടുന്നത്. യുറോപ്യന്‍ സ്‌പേയ്‌സ് ഏജന്‍സിയുടെ മാര്‍സ്് എക്‌സ്പ്രസ് ഓര്‍ബിറ്റര്‍ എന്ന ചൊവ്വാ പര്യവേക്ഷണ വാഹനത്തിലെ റഡാര്‍ ആണ് ചൊവ്വയുടെ ദക്ഷിണ ദ്രുവത്തിനു സമീപം ഈ തടാകത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്.  തടാകത്തില്‍ ദ്രവ രൂപത്തിലുള്ള വെള്ളമാണെങ്കിലും ഇതു കുടിക്കാന്‍ യോഗ്യമല്ല. ഒന്നര കിലോമീറ്ററോളം ആഴത്തിലുള്ള ഐസ് പാളിക്കടിയിലാണ് ഈ താടാകം. 

ചൊവ്വയില്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടെന്ന സംശയങ്ങള്‍ക്ക് ബലമേകുന്നതാണ് പുതിയ കണ്ടെത്തല്‍. ഈ തടാകത്തില്‍ സൂക്ഷ്മ ജീവികളുടെ സാന്നിധ്യമുണ്ടോ എന്നതാണ് അന്വേഷണത്തിന്റെ അടുത്ത ഘട്ടം. നേരത്തെ കണ്ടെത്തിയതു പോലെ ചൊവ്വയില്‍ ജല സാന്നിധ്യം ഒരു താല്‍ക്കാലി പ്രതിഭാസമല്ലെന്നും ജീവന്‍ നിലനിര്‍ത്താനാവശ്യമായ തോതില്‍ സ്ഥിരതയുള്ള ഒരു ജലാശയമായിരിക്കാം ഇതെന്നും ഓസ്‌ട്രേലിയയിലെ സ്വിന്‍ബേണ്‍ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫസര്‍ അലന്‍ ഡഫി പറയുന്നു.

അതേസമയം ഹിമപാളിക്കടിയില്‍ തണുപ്പേറിയ അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്ന ഈ വെള്ളത്തില്‍ ചൊവ്വയിലെ ലവണങ്ങളും ധാതുക്കളും അടങ്ങിയിരിക്കുന്നതിനാല്‍ സൂക്ഷ്്മ ജീവികളുടെ സാന്നിധ്യത്തിന് സാധ്യത കുറവാണെന്നും ചില ശാസ്്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

ചൊവ്വ ഇപ്പോള്‍ തണുത്തതും തരിശുമാണ്. അതേസമയം ഈര്‍പ്പം നിലനില്‍ക്കുന്നുമുണ്ട്. 3.6 ശതകോടി വര്‍ഷങ്ങള്‍ക്കു മുമ്പ് ചൊവ്വ ഒരു പക്ഷെ തടാകങ്ങളാലും ജലാശയങ്ങളാലും സമൃദ്ധമായിരുന്നിരിക്കാം എന്നാണ് ശാസ്ത്ര നിഗമനം. ഇപ്പോള്‍ ചൊവ്വയില്‍ നിലനില്‍ക്കുന്ന ജലസാന്നിധ്യം തേടിയുള്ള അന്വേഷണങ്ങളാണ് പുരോഗമിക്കുന്നത്. ചൊവ്വയില്‍ ഏതെങ്കിലും കാലത്ത് ജീവന്‍ നില നിന്നിരുന്നോ എന്ന നിഗൂഢതയക്ക് ഉത്തരം കണ്ടെത്താന്‍ ഈ അന്വേഷണങ്ങള്‍ ഇനിയും തുടരേണ്ടതുണ്ട്.

Latest News