Sorry, you need to enable JavaScript to visit this website.

വനിതാ എഞ്ചിനീയർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; സഹോദരിയെ കാണാനില്ല

ഹൈദരാബാദ്- സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ സംശയാസ്പദമായ സാഹചര്യത്തിൽ മരിക്കുകയും സഹോദരിയെ കാണാതാകുകയും ചെയ്തു. ജഗ്തിയാൽ ജില്ലയിലെ കോരുത്‌ല ടൗണിലാണ് സംഭവം.  ചൊവ്വാഴ്ചയാണ് സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ (24) ടൗണിലെ വീട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൈദരാബാദ് ആസ്ഥാനമായുള്ള  കമ്പനിയിലെ ജീവനക്കാരിയായ അവർ വീട്ടിൽ നിന്ന് ജോലി ചെയ്യുകയായിരുന്നു.

ഞായറാഴ്ച ബന്ധുവിന്റെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുക്കാൻ മാതാപിതാക്കൾ ഹൈദരാബാദിലേക്ക് പോയ സമയത്ത് ദീപ്തിയും ചന്ദനയും വീട്ടിലുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി ബി.ശ്രീനിവാസ് റെഡ്ഡിയും മാധവിയും പെൺമക്കളുമായി ഫോണിൽ സംസാരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ വീണ്ടും ഇവരെ വിളിച്ചു. ദീപ്തി ഫോൺ എടുക്കാതിരുന്നപ്പോൾ ചന്ദനയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

ആശങ്കയിലായ മാതാപിതാക്കൾ തങ്ങളുടെ പെൺമക്കളുടെ വിവരം അറിയാൻ അയൽക്കാരെ വിളിച്ചു.  അയൽവാസികൾ വീട്ടിലെത്തിയപ്പോഴാണ് ദീപ്തിയെ മരിച്ചനിലയിൽ കണ്ടത്. ചന്ദനെയ കാണാനില്ലായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സോഫയിൽ ദീപ്തിയുടെ മൃതദേഹം കണ്ടെത്തി. അടുക്കളയിൽ നിന്ന് രണ്ട് മദ്യക്കുപ്പികളും കൂൾ ഡ്രിങ്ക് കുപ്പികളും ചില ലഘുഭക്ഷണ പാക്കറ്റുകളും കണ്ടെത്തി.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ച പോലീസ് ചന്ദനയ്‌ക്കായി തിരച്ചിൽ ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ചന്ദന ഒരു യുവാവിനൊപ്പം പുലർച്ചെ 5.30 ഓടെ നിസാമാബാദിലേക്ക് ബസിൽ കയറിയതായി കണ്ടെത്തി.

ചന്ദനയെയും അജ്ഞാതനായ യുവാവിനെയും കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രവീന്ദർ റെഡ്ഡി പറഞ്ഞു. രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് ദുരൂഹ  മരണത്തിന് കേസെടുത്തു.

ആരാണ് മദ്യക്കുപ്പികൾ കൊണ്ടുവന്നതെന്നും ചന്ദന രക്ഷപ്പെട്ടത് എന്തിനാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.  സിസിടിവി ദൃശ്യങ്ങളിൽ കണ്ട യുവാവ് കാമുകനാണെന്ന് സംശയം.

Latest News