Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ചൈനീസ് ഭൂപടം അതീവ ഗൗരവകരം-രാഹുല്‍ഗാന്ധി

ന്യൂദല്‍ഹി- അരുണാചല്‍ പ്രദേശ് അടക്കമുള്ള ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചൈനയുടെ ഔദ്യോഗിക ഭൂപടത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈന ഇത്തരത്തില്‍ ഭൂപടം പ്രസിദ്ധീകരിച്ചത് അതീവ ഗൗരവമുള്ള കാര്യമാണ്. ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ല എന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാദം പച്ചക്കള്ളമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ലഡാക്കില്‍ ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ അതിക്രമിച്ചു കയറിയെന്ന് രാഹുല്‍ ആവര്‍ത്തിച്ചു. ഇക്കാര്യം അവിടെ താമസിക്കുന്നവര്‍ക്കറിയാം. താന്‍ ഇക്കാര്യം വര്‍ഷങ്ങളായി പറയുന്നതാണ്. അരുണാചല്‍ പ്രദേശ്, അക്സായ് ചിന്‍ മേഖലകള്‍ ഉള്‍പ്പെടുത്തി ചൈന പ്രസിദ്ധീകരിച്ച സ്റ്റാന്‍ഡേര്‍ഡ് മാപ്പ് ഗൗരവമുള്ള വിഷയമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അരുണാചല്‍ പ്രദേശ്, അക്സായ് ചിന്‍, തയ്വാന്‍, ദക്ഷിണ ചൈനാക്കടല്‍ തുടങ്ങിയ സ്ഥലങ്ങള്‍ തങ്ങളുടെ പ്രദേശമായി കാണിച്ചുള്ള ഭൂപടമാണ് ചൈന പുറത്തുവിട്ടിരിക്കുന്നത്. ഷെജിയാങ് പ്രവിശ്യയിലെ ഡെക്കിങ് കൗണ്ടിയില്‍ നടന്ന സര്‍വേയിങ് ആന്‍ഡ് മാപ്പിങ് പബ്ലിസിറ്റി ഡേയുടെയും ദേശീയ മാപ്പിങ് ബോധവല്‍ക്കരണ പബ്ലിസിറ്റി വാരത്തിന്റെയും ആഘോഷവേളയില്‍ ചൈനയുടെ പ്രകൃതിവിഭവ മന്ത്രാലയം ഭൂപടം പുറത്തിറക്കിയതായാണ് ചൈന ഡെയ്‌ലി പത്രം റിപ്പോര്‍ട്ട് ചെയ്തത്.

Latest News