Sorry, you need to enable JavaScript to visit this website.

വിമാനങ്ങൾ തടസ്സപ്പെട്ടത് നേരെയാകാൻ ദിവസങ്ങളെടുക്കും; സൈബർ ആക്രമണ സാധ്യത തള്ളി

ലണ്ടൻ- എയർ ട്രാഫിക് കൺട്രോൾ (എടിസി) സംവിധാനത്തിലെ സാങ്കേതിക തകരാർ മൂലമുണ്ടായ  വ്യാപകമായ യാത്രാ തടസ്സം ദിവസങ്ങളോളം നീണ്ടുനിൽക്കുമെന്ന് ബ്രിട്ടീഷ് ഗതാഗത സെക്രട്ടറി മാർക്ക് ഹാർപ്പർ പറഞ്ഞു. എടിസി തകരാർ കാരണം നിരവധി വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്‌തു. ധാരാളം വിമാനങ്ങൾ റദ്ദാക്കപ്പെട്ടുവെന്നും ആളുകളെ അവരുടെ സ്ഥലങ്ങളിലെത്തിക്കാൻ  കുറച്ച് ദിവസമെടുക്കുമെന്നും  മാർക്ക് ഹാർപ്പർ ബിബിസിയോട് പറഞ്ഞു.

എടിസി സംവിധാനം  മാനുവൽ ബാക്കപ്പ് സിസ്റ്റത്തിലേക്ക് മാറ്റാൻ നിർബന്ധിതരായതിനെത്തുടർന്ന്, യുകെക്കുള്ളിലും പുറത്തുമുള്ള  1,500-ലധികം ഫ്ലൈറ്റുകൾ തിങ്കളാഴ്ച റദ്ദാക്കിയതായി സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്‌ച വരെ യുകെയിലെ വിമാനത്താവളങ്ങളിൽനിന്ന് പുറപ്പെടുകയോ എത്തിച്ചേരുകയോ ചെയ്യേണ്ടിയിരുന്ന  വിമാനങ്ങളുടെ അഞ്ച് ശതമാനം  റദ്ദാക്കി.

“സൈബർ ആക്രമണം ഉൾപ്പെട്ടിട്ടില്ലെന്നും എന്നാൽ ഇത്രയേറെ പ്രശ്‌നമുണ്ടായതിനാൽ സ്വതന്ത്ര അവലോകനം നടത്തേണ്ടതുണ്ടെന്നും ഹ ർപ്പർ പറഞ്ഞു.ഷെഡ്യൂളുകൾ ക്രമീകരിക്കുമ്പോൾ അനിവാര്യമായ കാലതാമസമുണ്ടാകുമെന്ന് ചില എയർലൈനുകൾ യാത്രക്കാർക്ക്  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യുകെയിലുടനീളമുള്ള  വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ്  വിമാനങ്ങളുടെ സ്റ്റാറ്റസ് അവരുടെ എയർലൈനുകളുമായി ബന്ധപ്പെട്ട് പരിശോധിക്കാൻ യാത്രക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

Latest News