മലപ്പുറം-കേന്ദ്ര സർക്കാരിന്റെ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾ ഏറെയുണ്ട്. എന്നാൽ അവർക്ക് നൽകാൻ പണിയില്ല. പദ്ധതിയുടെ ആസൂത്രണത്തിലുള്ള പാളിച്ചകളും പല കോണുകളിൽ നിന്നുള്ള എതിർപ്പുകളുമാണ് തൊഴിൽ മേഖല കണ്ടെത്താൻ ഇവരെ പ്രയാസപ്പെടുത്തുന്നത്. യു.പി.എ സർക്കാരിന്റെ കാലത്ത് സ്ത്രീകൾക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും അവരുടെ സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തുന്നതിനും നാടിന്റെ പുരോഗതിക്കും വേണ്ടിയാണ് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത്. പിന്നീട് എൻ.ഡി.എ സർക്കാരും പദ്ധതി തുടർന്നു. ആദ്യ ഘട്ടത്തിൽ വികസനം, ശുചിത്വം തുടങ്ങിയ മേഖലകളിൽ പദ്ധതി ഉപയോഗപ്പെടുത്തിയെങ്കിലും പിന്നീട് പല പദ്ധതികളും ഉപേക്ഷിക്കപ്പെട്ടു.
പദ്ധതിക്ക് കീഴിൽ നടപ്പാക്കേണ്ട തൊഴിലുകൾ സംസ്ഥാന സർക്കാർ നിർദേശിക്കാറുണ്ടെങ്കിലും പഞ്ചായത്തുകൾക്ക് പ്രാദേശികമായ ജോലികൾ ഉൾപ്പെടുത്താവുന്നതാണ്. മിക്ക പഞ്ചായത്തുകളിലും പൊതുനിരത്തുകളുടെ വശങ്ങളിലെ അടിക്കാടുകൾ വെട്ടിവൃത്തിയാക്കുന്ന ജോലികളാണ ചെയ്തുകൊണ്ടിരുന്നത്. എന്നാൽ ഇത്തരത്തിൽ ചെടികൾ വെട്ടിക്കളയുമ്പോൾ ഔഷധ ഗുണമുള്ള ചെടികൾ വേരോടെ നശിക്കുന്നതായി ചൂണ്ടിക്കാട്ടി ഇത് നിർത്തിവെക്കാൻ സംസ്ഥാന സർക്കാർ പഞ്ചാത്തുകൾക്ക് നിർദേശം നൽകിയിരുന്നു. ഇതോടെ പാതയോരങ്ങളിൽ അടിക്കാടുകൾ വളർന്നു നിൽക്കുകയാണ്. ഇവക്കിടയിൽ മാലിന്യം നിക്ഷേപിക്കുന്നതും പതിവായിരിക്കുന്നു. സംസ്ഥാനത്തിന്റെ എതിർപ്പ് മറികടക്കാനുള്ള കാര്യങ്ങളാണ് പഞ്ചായത്തുകൾ ആലോചിക്കുന്നത്. അടിക്കാടുകൾ വെട്ടിയ സ്ഥലത്ത് പുതിയ ഔഷധച്ചെടികൾ വെച്ചു പിടിപ്പിക്കുന്നതാണ് പുതിയ പദ്ധതി. ഇതിനായി പല പഞ്ചായത്തുകളും ഔഷധച്ചെടികൾ ശേഖരിച്ചു വരികയാണ്.
തൊഴിലുറപ്പു പദ്ധതിയിലെ അംഗങ്ങൾക്ക് ജോലി കുറഞ്ഞതോടെ സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിൽ ജോലി ചെയ്യാൻ നേരത്തെ അനുമതി നൽകിയിരുന്നു. സ്വകാര്യ തോട്ടമുടമകൾ പഞ്ചായത്തുകളിൽ രജിസ്റ്റർ ചെയ്യുകയും പഞ്ചായത്ത് തൊഴിലാളികളെ വിട്ടു നൽകുകയുമാണ് ചെയ്തിരുന്നത്. എന്നാൽ ഇതിനെതിരെ പരാതികൾ വ്യാപകമായതോടെ നിർത്തിവെച്ചു. കുടുംബശ്രീ മാതൃകയിൽ കൂട്ടുകൃഷിക്ക് പല പഞ്ചായത്തുകളും പദ്ധതി തയ്യാറാക്കിയെങ്കിലും സ്ഥലം പാട്ടത്തിന് ലഭിക്കാത്തതും മുടക്കുമുതലിന് പണം കണ്ടെത്താൻ കഴിയാത്തതും പ്രതികൂല കാലാവസ്ഥയും തിരിച്ചടിയായി.
മഴക്കാലമായതോടെ മിക്ക പഞ്ചായത്തുകളിലും വീടുകളിൽ മഴക്കുഴികളും മാലിന്യക്കകുഴികളും കുഴിക്കുന്ന ജോലികളാണ് തൊഴിലുറപ്പുകാർ ഏറ്റെടുക്കുന്നത്. ഒരു മീറ്റർ ചതുരശ്ര മീറ്ററിലുള്ള കുഴികളാണ് നിർമിക്കുന്നത്. എന്നാൽ കനത്ത മഴ മൂലം വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഈ ജോലിയും പൂർണമായും നടക്കുന്നില്ല. ചെറിയ ഇടവഴികളും മറ്റും വൃത്തിയാക്കി ഗതാഗത യോഗ്യമാക്കുന്ന ജോലികൾ, വനവൽക്കരണം, പച്ചക്കറി കൃഷി തുടങ്ങി വളരെ പരിമിതമായ തൊഴിൽ മാത്രമാണ് പദ്ധതിയിൽ ഇപ്പോൾ നടക്കുന്നത്. സംസ്ഥാനത്തെ ഓരോ പഞ്ചായത്തിലും 600 മുതൽ 800 വരെ തൊഴിലാളികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഭൂരിഭാഗവും പ്രായമേറിയവരാണ്. നിലവിൽ ഒരു ദിവസത്തെ വേതനം 270 രൂപയാണ്. നിർധനരായ സ്ത്രീകൾക്ക് ഈ വരുമാനം ആശ്വാസമാകുന്നുണ്ട്. എന്നാൽ തൊഴിൽ മേഖലയുടെ എണ്ണം കുറയുന്നത് പദ്ധതിയെ തന്നെ പ്രതിസന്ധിയിലാക്കുകയാണ്.