Sorry, you need to enable JavaScript to visit this website.

സൗദിയിൽ അനധികൃത സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് പരിശോധന കർശനമാക്കി

റിയാദ് - സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ലൈസൻസില്ലാതെയും സുരക്ഷാ വ്യവസ്ഥകൾ പാലിക്കാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കതിരെ അധികൃതർ നടപടി കർശനമാക്കുന്നു. ആവശ്യമായ ലൈസൻസുകൾ നേടാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ലക്ഷ്യമിട്ടാണ് പരിശോധന.  മധ്യറിയാദിൽ ലൈസൻസില്ലാതെയും ആരോഗ്യ, സുരക്ഷാ വ്യവസ്ഥകൾ പാലിക്കാതെയും സ്ഥാപനങ്ങൾ നടത്തിയ വിദേശികളെ റിയാദ് നഗരസഭയും വിവിധ സർക്കാർ വകുപ്പുകളും ചേർന്ന് പിടികൂടി. ഫഌറ്റ് കേന്ദ്രീകരിച്ച് ബേക്കറിയുൽപന്നങ്ങൾ നിർമിച്ച് മൊത്തമായി വിതരണം ചെയ്തവരും പഴയ കെട്ടിടം കേന്ദ്രീകരിച്ച് മര ഉരുപ്പടി നിർമാണ കേന്ദ്രം നടത്തിയവരുമാണ് പിടിയിലായത്. ഇരു സ്ഥാപനങ്ങളും അധികൃതർ അടപ്പിച്ചു. നിയമാനുസൃത നടപടികൾ സ്വീകരിച്ച് ഇവരെ നാടുകടത്തുമെന്ന് റിയാദ് നഗരസഭ അറിയിച്ചു.
അതേസമയം, ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ലക്ഷ്യമിട്ടും പരിശോധന തുടങ്ങി. വിവിധ സ്ഥലങ്ങളിൽ സ്വകാര്യ താമസ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലറുകൾ, ക്ലിനിക്കുകൾ, ബേക്കറികൾ, വ്യാപാരവശ്യത്തിനായി ഭക്ഷണങ്ങൾ നിർമ്മിക്കുന്ന സ്ഥലങ്ങൾ തുടങ്ങിയവയാണ് പരിശോധിക്കുന്നത്. നിയമലംഘകർക്ക് കനത്ത പിഴയും നാടുകടത്തൽ അടക്കമുള്ള ശിക്ഷയുമാണ് കാത്തിരിക്കുന്നത്. സർക്കാറിന്റെ ഒരു തരത്തിലുള്ള മാനദണ്ഡങ്ങളും പാലിക്കാതെയാണ് അനധികൃത കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. സോഷ്യൽ മീഡിയ വഴിയുള്ള ക്യാംപയിനുകളിലൂടെയാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്. ഇത്തരം കേന്ദ്രങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാൻ സോഷ്യൽ മീഡിയ ഹാൻഡിലുകളും അധികൃതർ ഉപയോഗിക്കുന്നുണ്ട്. അതിനിടെ, വീടുകളിലും മറ്റു സ്ഥാപനങ്ങളിലും നേരിട്ടെത്തി നൽകുന്ന ആരോഗ്യ സേവനങ്ങളും അധികൃതർ നിരീക്ഷണത്തിലാക്കി. ആശുപത്രികൾ, ക്ലിനിക്കുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ നേരിട്ടെത്തി ബ്യൂട്ടി പാർലർ, മസാജിംഗ് തുടങ്ങിയ സേവനങ്ങൾ നൽകുന്നതാണ് നിരീക്ഷണത്തിലാക്കിയത്. അതാത് സ്ഥലങ്ങളിലെ നഗരസഭ അധികൃതരുടെ മേൽനോട്ടത്തിലാണ് പരിശോധന നടക്കുന്നത്. 

പൊതുസ്ഥലങ്ങളിലെ വീഡിയോ ചിത്രീകരണം; കാത്തിരിക്കുന്നത് ശിക്ഷ

പൊതുസ്ഥലങ്ങളിൽ വെച്ച് മൊബൈൽ ഫോൺ ഉപയോഗിച്ച് മറ്റുള്ളവരെ ചിത്രീകരിക്കുന്നവർക്ക് സൈബർ ക്രൈം നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം ഒരു വർഷം വരെ തടവും അഞ്ചു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് സൗദി അഭിഭാഷകൻ ഫായിസ് ഈദ് അൽഅനസി മുന്നറിയിപ്പ് നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും മറ്റു സ്ഥാപനങ്ങളും അടക്കം ഏതു സ്ഥലങ്ങളിൽ വെച്ചും മറ്റുള്ളവരെ ചിത്രീകരിക്കുന്നത് ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. ഇതേ കുറിച്ച് അറിയാതെയാണ് പലരും സൈബർ കുറ്റകൃത്യങ്ങളിൽ പെടുന്നതെന്നും ഫായിസ് ഈദ് അൽഅനസി പറഞ്ഞു. 
ക്യാമറകൾ അടങ്ങിയ മൊബൈൽ ഫോണുകൾ അടക്കമുള്ള ഉപകരണങ്ങൾ ദുരുപയോഗം ചെയ്ത് മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കുന്നത് അറസ്റ്റ് നിർബന്ധമാക്കുന്ന സൈബർ കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. ഇത്തരം കേസുകളിലെ പ്രതികൾക്ക് ഒരു വർഷം വരെ തടവും അഞ്ചു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. കൂടാതെ കുറ്റകൃത്യം നടത്താൻ ഉപയോഗിച്ച ഉപകരണവും സംവിധാനങ്ങളും കണ്ടുകെട്ടുമെന്നും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. 

Latest News