Sorry, you need to enable JavaScript to visit this website.

സ്വന്തമായി കടയില്ല, വഴിയോര കച്ചവട ലൈസന്‍സുമില്ല, പ്രളയ ഹീറോ നൗഷാദിന്റെ ജീവിതം അവതാളത്തിലാണ്

കൊച്ചി- പ്രളയം കേരളത്തെ മുക്കിക്കളഞ്ഞ കാലത്ത് അത്താണിയായി നിന്ന നൗഷാദ് അന്ന് വലിയ താരമായിരുന്നു. സ്വന്തം കടയിലെ വസ്ത്രങ്ങള്‍ പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്കായി നല്‍കിയ നൗഷാദ് മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്കും നല്ലൊരു തുക സംഭാവന ചെയ്തു. 5 വര്‍ഷങ്ങള്‍ക്കിപ്പുറം നൗഷാദിന്റെ ജീവിതം എങ്ങനെയാണ്...
വൈറലായതോടെ ജീവിതം ബുദ്ധിമുട്ടിലായെന്നാണ് നൗഷാദ് പറയുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി എന്നെയും ദുബായിലേക്കു കൊണ്ടുപോയിരുന്നു. അവിടെ ചെന്ന് ഞാന്‍ പറഞ്ഞത് ആരും എന്റെ കയ്യില്‍ ഒന്നുമേല്‍പ്പിക്കേണ്ട മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് കൊടുത്താല്‍ മതിയെന്നായിരുന്നു. പലരും സ്‌നേഹത്തോടെ എന്റെ അക്കൗണ്ടിലേക്ക് തന്ന തുക പോലും ഞാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് കൊടുത്തത്.
പക്ഷേ ദുബായില്‍ പോയി വന്നശേഷം എനിക്ക് ഒരുപാട് കാശ് കിട്ടിയെന്നും ഞാന്‍ കോടീശ്വരന്‍ ആണെന്നുമായിരുന്നു പ്രചാരണം. ഒരു രൂപ പോലും ഞാന്‍ കൈപ്പറ്റിയിട്ടില്ല. പ്രവാസിയായിരുന്ന ഞാന്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയിട്ടിപ്പോള്‍ 23 വര്‍ഷമായി. പ്രവാസി ലോണെടുത്താണ് കടപോലും തുടങ്ങിയത്. എന്നാലിന്ന് കച്ചവടം നടത്താനൊരു കടയില്ല, വഴിയോരക്കച്ചവടത്തിനുള്ള അനുമതിയും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. എനിക്ക് നല്ല ആസ്തിയുണ്ടെന്നും കടയുണ്ടെന്നുമൊക്കെ പറഞ്ഞാണ് ലൈസന്‍സ് തരാത്തത്. വിലപിടിപ്പുള്ള ഉടുപ്പുകള്‍ എന്റെ കടയില്‍ ഇല്ല.
തന്റെ കടയില്‍ വസ്ത്രം വാങ്ങാനെത്തുന്നവരേക്കാള്‍ കൂടുതല്‍ സഹായം തേടിയെത്തുന്നവരാണ്.  പല ആവശ്യങ്ങളുമായി ആളുകള്‍ വരാറുണ്ട്. കയ്യിലുണ്ടെങ്കില്‍ ഭക്ഷണമായും വസ്ത്രമായുമൊക്കെ സഹായം നല്‍കും- നൗഷാദ് പറഞ്ഞു.

 

Latest News