Sorry, you need to enable JavaScript to visit this website.

ഗ്രീക്ക് തീരത്ത് കാട്ടുതീ, 80 മരണം; ആളുകള്‍ രക്ഷപ്പെട്ടത് കടലില്‍ ചാടി

ഏതന്‍സ്- ഗ്രീസിലെ തീരദേശ പട്ടണത്തില്‍ അതിവേഗം ആളിപ്പടര്‍ന്ന കാട്ടുതീയില്‍ അകപ്പെട്ട് മരിച്ചവരുടെ എണ്ണം ബുധനാഴ്ചയോടെ 80 ആയി. നിരവധി പേരെ കാണാതായിട്ടുണ്ട്. റിസോര്‍ട്ട്് നഗരമായ മാറ്റിയാണ് തിങ്കളാഴ്ച രാത്രിയുണ്ടായ കാട്ടുതീയില്‍ തീര്‍ത്തും ഒറ്റപ്പെട്ടത്. ഇവിടെ നൂറുകണക്കിന് ആളുകളാണ് കുടുങ്ങിക്കിടക്കുന്നത്. മരിച്ചവരില്‍ ഏറെ പേരും തിരിച്ചറിയാനാവാത്ത വിധം ജീവനോടെ കത്തിക്കരിഞ്ഞവരാണ്. ബന്ധുക്കള്‍ക്ക് ഇവരെ തിരിച്ചറിയാനാവാത്തത് വലിയ വെല്ലുവിളിയായിരിക്കുകയാണെന്ന് രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നു. നിരവധി പേര്‍ കടലിലേക്ക് എടുത്തു ചാടി രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.  കടലിലൂടെയാണ് പ്രധാനമായും രക്ഷാ പ്രവര്‍ത്തനം നടക്കുന്നത്. 

കടല്‍ തീരത്തെ ചെങ്കുത്തായ മുനമ്പിലാണ് നിരവധി മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. നിരവധി പേര്‍ കാറുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കുള്ളിലും അകപ്പെട്ട്  ശ്വാസംമുട്ടിയാണ് മരിച്ചത്. നിരവധി പേരെ കാണാതായതായി നിരന്തരം പരാതികള്‍ ലഭിച്ചു കൊണ്ടിരിക്കുകയാണെന്ന് അഗ്നിശമന സേന അറിയിച്ചു. കാണാതയവര്‍ മരിച്ചവരുടെ കൂട്ടത്തിലുണ്ടോ എന്നു സ്ഥിരീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഡി.എന്‍.എ പരിശോധനിയിലൂടെ മാത്രമെ ഇവരെ തിരിച്ചറിയാനാകൂവെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

സുരക്ഷാ സേനയും രക്ഷാപ്രവര്‍ത്തകരും കടല്‍ മാര്‍ഗം എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. നിരവധി പേരെ ബോട്ടുകള്‍ വഴി സുരക്ഷിത ഇടത്തെത്തിച്ചു. നിരവധി ടൂറിസ്റ്റുകളും തീപ്പിടിത്തത്തില്‍ പെട്ടുപോയിട്ടുണ്ട്. തീ കണ്ട് ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി ബിച്ചിലെത്തിയെങ്കിലും രക്ഷയില്ലെന്നു കണ്ട് കടലില്‍ ചാടിയാണ് രക്ഷപ്പെട്ടതെന്ന് ഫിന്‍ലാന്‍ഡില്‍ നിന്നുള്ള ടൂറിസ്റ്റ് ജാകോബ് മകിനെന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. കടലില്‍ ചാടിയവര്‍ക്ക് മണിക്കൂറുകളോളം വെള്ളത്തില്‍ നില്‍ക്കേണ്ടി വന്നു.

കാട്ടുതീ പടരാനുണ്ടായ കാരണം വ്യക്തമല്ല. മാറ്റി പട്ടണത്തിനു ചുറ്റും പൈന്‍ മരങ്ങള്‍ തിങ്ങിയ കാടാണ്. ശക്തിയേറിയ കാറ്റു വീശിയതാണ് തീ അതിവേഗം ആളിപ്പടരാന്‍ കാരണമായതെന്ന് കരുതപ്പെടുന്നു. വേനലില്‍ ഗ്രീസില്‍ പലയിടത്തും തീപടരുന്നത് സാധാരണയാണ്. മാറ്റിയിലെ തീപ്പിടിത്തത്തെ ലോകാവസാനത്തോടാണ് പ്രാദേശിക മാധ്യമങ്ങള്‍ ഉപമിച്ചത്. അതിനിടെ തീപ്പിടിത്തത്തിനു ഗ്രീസ് പ്രധാനമന്ത്രി അലെക്‌സി സിപ്രാസ് നിരീശ്വരവാദി ആയതിലുള്ള ദൈവ കോപമാണെന്ന വിചിത്ര വാദവുമായി കലവ്‌റിറ്റ ബിഷപ് രംഗത്തെത്തി.
 

Latest News