ഓണപ്പൂവിളിയിൽ മുഴങ്ങുന്ന ഒരുമയുടെ സംഗീതം

ലോകമെമ്പാടുമുള്ള മലയാളികളുടെ മഹോന്നതമായ സാംസ്‌കാരികോത്സവമാണ് ഓണം.
വറുതിയുടെയും ഇല്ലായ്മയുടെയും കർക്കടകത്തിൽ നിന്നും സമൃദ്ധിയിലേക്കള്ള യാത്രയാണ് നമ്മെ ഓണത്തിലേക്കെത്തിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഓണം വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്.
കർക്കടകത്തിലെ മഴക്കാലത്തിന്റെയും കഷ്ടതകളുടെയും പഞ്ഞകാലം കടന്ന് ആളുകൾ വിളവെടുപ്പും അതിന്റെ വ്യാപാരവും പുനരാരംഭിക്കുന്ന മാസമണ് ശ്രാവണ മാസം. ശ്രാവണം എന്ന പേരു ലോപിച്ചാണ് ഓണം എന്ന പേരുണ്ടായത്. 
പൂർണാർത്ഥത്തിൽ ഓണം ഒരു ദേശീയോത്സവമാണ്. സമത്വം എന്ന ആശയം വെച്ചുകൊണ്ട് ലോകത്ത് ദേശീയോത്സവം നടത്തുന്ന ഏക സംസ്ഥാനമാണ് കേരളം. മലയാളിയുടെ സോഷ്യലിസ്റ്റ് ചിന്തയാണ് ഇതിന് കാരണം. ഇന്ത്യയിൽ ജനാധിപത്യ ഗവൺമെന്റ് നിലവിൽ വന്നത് മലയാളിയുടെ സമത്വ ബോധം തന്നെ. ഓണവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങൾ നിലവിലുണ്ടെങ്കിലും മഹാബലിയുമായി ബദ്ധപ്പെട്ട ഐതിഹ്യമാണ് നമുക്ക് ഓണത്തെ കുറിച്ചുള്ള കനപ്പെട്ട അറിവ്. ദാനശീലനും മഹാത്യാഗിയുമായ മഹാബലി എന്നൊരു രാജാവ് കേരളം ഭരിച്ചിരുന്നു. മഹാബലിയുമായി ബന്ധപ്പെട്ട ചരിത്രത്തിലൂടെയാണ് വാസ്തവത്തിൽ നാം ഓണത്തെ വായിക്കേണ്ടത്.
മാവേലി നാടുവാണീടും കാലം മാനുഷ്യരെല്ലാരും ഒന്നുപോലെ ആയിരുന്ന കള്ളവും ചതിയുമില്ലാത്ത ആ കാലത്തിന്റെ ഓർമയിലൂടെയാണ് നാമിന്ന് ഓണം ആഘോഷിക്കുന്നത് എന്ന് ചുരുക്കം. ഓണം തമിഴ്നാട്ടിൽ നിന്നും സംക്രമിച്ചതാണെന്ന വ്യാഖ്യാനങ്ങളുമുണ്ട്. പണ്ടുകാലത്ത് കേരളം തമിഴ്നാടിന്റെ ഭാഗമായിരുന്നു. കേരളം അടക്കിവാണ പാണ്ട്യ, ചേര, ചോള സാമ്രാജ്യങ്ങളൊക്കെ അവിടെനിന്നും വന്നവരായിരുന്നു. തെന്നിന്ത്യ, തമിഴകം എന്നൊക്കെ വിളിക്കപ്പെടുന്നതിനകത്താണ് ഈ മലയാളനാടും ഉൾപ്പെട്ടിരുന്നത്. ബി.സി മുന്നൂറുകളിൽ രചിക്കപ്പെട്ട സംഘകാല കൃതിയായ മധുരൈകാഞ്ചിയിലാണ് ഓണത്തെക്കുറിച്ചുളളതെന്ന് പറയാവുന്ന  ആദ്യ പരാമർശങ്ങൾ കാണുന്നത്.
 തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനം. ക്രി.വ. നാലാം ശതകത്തിൽ കേരള രാജ്യത്തിന്റെ തലസ്ഥാനം തൃക്കാക്കരയായിരുന്നു. ഓണം നടപ്പാക്കിയത് അന്ന് ഇവിടം ഭരിച്ചിരുന്ന മന്ഥരാജാവാണ് എന്ന് അലഹബാദ് ലിഖിതങ്ങളിൽ ഉള്ളതിനാൽ ഇത് ഒരു ചരിത്ര വസ്തുതയാകാമെന്ന് ചിലർ കരുതുന്നു. സമുദ്ര ഗുപ്തൻ ദക്ഷിണേന്ത്യ ആക്രമിച്ച കൂട്ടത്തിൽ തൃക്കാക്കര ആക്രമിക്കുകയും എന്നാൽ മന്ഥരാജാവ് നടത്തിയ പ്രതിരോധത്തിലും സാമർത്ഥ്യത്തിലും ആകൃഷ്ടനായ സമുദ്ര ഗുപ്തൻ സന്ധിക്കപേക്ഷിക്കുകയും തുടർന്ന് ആ യുദ്ധവിജയത്തിന്റെ സ്മരണക്കായി രാഷ്ട്രീയോത്സവമായി ഓണം ആഘോഷിക്കാൻ രാജാവ് വിളംബരം പുറപ്പെടുവിക്കുകയും ചെയ്തു എന്നാണ് ലിഖിതങ്ങളിലുള്ളത്.
 അവിടെ മഹാബലിക്കു പകരം വാമനനെയാണ്  ആരാധിക്കുന്നത്. വാമനൻ മഹാബലിക്കു മേൽ വിജയം നേടിയത് തൃക്കാക്കരയിൽ വെച്ചാവാം. 'ഇന്ദ്രവിഴാ' എന്ന് മാങ്കുടി തുരനാരുടെ കൃതിയിൽ കാണാം. ഇന്ദ്രന്റെ വിജയം അഥവാ, അസുരനും ഭൂമിയിലെ രാജാവുമായ മഹാബലിക്കു മേൽ ദേവലോകത്തിന്റെ അഭ്യർത്ഥന മാനിച്ച് ദേവേന്ദ്രനായ വിഷ്ണുവിന്റെ വിജയം.
എന്നാൽ സമുദ്ര മാർഗം തൃക്കാക്കര ആക്രമിക്കാൻ സാധ്യമല്ല എന്നതിനാൽ മന്ഥരാജാവ് അക്കാലത്തെ ചേര തലസ്ഥാനമായിരിന്ന കുട്ടനാട് (മാവേലിക്കര) ആയിരുന്നിരിക്കാമെന്ന് മറ്റു ചിലർ വാദിക്കുന്നു. മാവേലിക്കരയായിരുന്നു ചേര തലസ്ഥാനമെന്നും നിഗമനമുണ്ടല്ലോ.
 കർക്കടക മാസത്തിന് ശേഷം മാനം തെളിയുന്ന ഈ കാലത്താണ് ഉൾക്കടലിൽ നങ്കൂരമിട്ടിരുന്ന വിദേശ വ്യാപാര കപ്പലുകൾ പണ്ട് കേരള തീരത്തേക്ക് അടുത്തിരുന്നത്. കാറും പടലും തീർന്ന് മഴമാറി വാണിജ്യം പുനരാരംഭിക്കുന്നത് ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ്. വ്യാപാരികൾ സ്വർണവുമായി വരുന്ന കാലമായതിനാലാവാം പൊന്നിൻ ചിങ്ങമാസം, പൊന്നോണം എന്നൊക്കെ പേര് വന്നിട്ടുണ്ടാവുക.
 മഴക്കാലത്തെ ദുരിതാവസ്ഥയും മഹാബലിയുടെ ദാരുണ അന്ത്യവും കൂട്ടിവായിക്കേണ്ടതാണ്. വിശ്വകർമ-ഈഴവ-പുലയരാദിയായ ബൗദ്ധർ ഈ കാലത്ത് ധ്യാനത്തിൽ മുഴുകി ബലിയെ അനുസ്മരിച്ചു കാണുന്നുണ്ട്. സിദ്ധാർത്ഥ രാജകുമാരൻ ഗൗതമ ബുദ്ധന് ബോധോദയം ലഭിച്ച് ശ്രവണപഥത്തിലേക്ക് പ്രവേശിച്ചത് തിരുവോണ നാളിലായിരുന്നുവെന്ന് ബുദ്ധമതാനുയായികൾ വിശ്വസിക്കുന്നു. അതിനാലാവാം ശ്രാവണ മാസം എന്ന് ചിങ്ങത്തിന് പേരു വന്നത്.
 കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഓണാഘഷത്തിന്റെ ആ പഴയ കാഴ്ചകൾ പലവിധത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. പൂക്കളമൊരുക്കാൻ സ്വന്തം വീട്ടുപറമ്പിൽ പൂക്കൾ നട്ടുവളർത്തുന്ന മലയാളി അന്യ സംസ്ഥാനങ്ങളിൽ നിന്ന് പൂക്കളുമായെത്തുന്ന വണ്ടി കാത്തിരിക്കുകയാണ്. ഇലക്കുമ്പിളിൽ പൂവിറുത്ത് കുട്ടികളും മുതിർന്നവരും കൂട്ടത്തോടെ നടന്ന് പോകുന്ന ആ സുന്ദരമായ കാഴ്ച ഓർമയായി മാറിയത് എടുത്തു പറയേണ്ട കാര്യമാണ്. പൂക്കൾ തേടിയുള്ള യാത്രകളില്ലാത്ത കോരിത്തരിപ്പിക്കുന്ന ഓണക്കളികളില്ല, കുടുംബാംഗങ്ങൾ കൂട്ടം കൂടുന്ന അവസ്ഥയില്ല. എല്ലാം ടി.വിയിലും മൊബൈലിലും ഓൺലൈനിലും ഒതുങ്ങി. 
ഇന്നിപ്പോൾ, സ്‌നേഹത്തിന്റെയും ഒരുമയുടെയും ഉത്സവമായ ഓണാഘോഷത്തിന് എന്തൊക്കെയൊ സംഭവിച്ചിരിക്കുന്നു.
ആഘോഷങ്ങൾക്കപ്പുറം പാവപ്പെട്ടവരായ അയൽവാസികളെയും മറ്റും തേടിപ്പിടിച്ച് ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിങ്ങനെ എത്തിച്ചു കൊടുത്ത് അവരെ സഹായിക്കണം. ഇത് തന്നെയാണ് മഹാബലി പറയുന്ന കേരളം, അല്ലാതെ ഓണക്കോടി  ഉടുക്കലും ഓണസദ്യ കഴിക്കലും പുതുവസ്ത്രം ധരിക്കലും ഓണക്കളി കളിക്കലും മാത്രമല്ല എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. നമുക്ക് നല്ല വഴി വെട്ടിത്തെളിച്ചവർ നമ്മിൽ വലിയ  ഉത്തരവാദിത്തങ്ങളും ഏൽപിച്ചിട്ടുണ്ട്
അതൊക്കെ കണിശമായി ചെയ്ത് തീർക്കേണ്ടിയിരിക്കുന്നു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഒരുമയുടെയും ആഘോഷമായ ഓണം കള്ളവും ചതിയുമില്ലാതെ ഒരുമയോടെ ആഘോഷിക്കാം.
മഹാബലി എന്ന ഒരു നല്ല രാജാവിന്റെ നല്ല ഭരണകാലത്തെ ഓർമപ്പെടുത്തി ഓരോ പൊന്നോണവും കടന്നു പോകുന്നു. സർവഗുണ സമ്പന്നനായ ഒരു ഭരണാധികാരി ജനങ്ങളുടെ ഹൃദയ കോവിലിൽ പ്രതിഷ്ഠിക്കപ്പെട്ടത് മഹാബലിയിലൂടെ നാം കണ്ടു.
പ്രജകളുടെ ക്ഷേമവും സമാധാനവും  ഐശ്വര്യവും മുഖ്യ ലക്ഷ്യമായി കാണുന്ന സങ്കൽപത്തിന്റെ ഉജ്വലമായ ദൃഷ്ടാന്തമായി മഹാബലി എന്നും നിലകൊള്ളുന്നു. ഏകതയുടെയും ഒരുമയുടെയും മധുര മനോജ്ഞ സങ്കൽപം സൃഷ്ടിക്കുന്ന നിതാന്തമായ സർഗശോഭ എക്കാലത്തും നിലനിൽക്കും എന്നതാണ് ഓണാഘോഷത്തിന്റെ സാർവ ലൗകികത. 
അതിന്റെ സന്ദേശം അത്രമേൽ സ്‌നേഹ ഭരിതവുമാണ്. ഓണപ്പൂവിളിയിൽ കേരളത്തിന്റെ സമത്വ ബോധവും സഹിഷ്ണുതയും വീണ്ടും പുളകച്ചാർത്തണിയട്ടെ. 

Latest News