വേറിട്ട ഓണക്കാഴ്ചകൾ

മലയാളിയുടെ പൊതുജീവിതത്തിൽ ആഹ്ലാദത്തിന്റെ പൂക്കളം തീർക്കുന്ന ആഘോഷമായാണ് ഓണം വിടർന്നു നിൽക്കുന്നത്. ഓണ നാളുകൾ കേരളത്തിന്റെ ഭൂപ്രകൃതിയിലും മനുഷ്യ മനസ്സുകളിലും വളർത്തുന്ന ഭാവവ്യത്യാസം ചെറുതല്ല. എവിടെയും ഉൽസാഹത്തിന്റെയും സന്തോഷത്തിന്റെയും നാളുകളാണ്. അത്തം മുതൽ തിരുവോണം വരെയുള്ള ആഘോഷങ്ങളിൽ ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും പങ്കാളികളാകുന്നുവെന്നത് ഈ ആഘോഷം മുന്നോട്ടുവെക്കുന്ന സുകൃതമാണ്. കോവിഡ് മഹാമാരിയുടെ വർഷങ്ങൾക്ക് ശേഷം, സാമ്പത്തിക തളർച്ചയിലായിരുന്ന ജനങ്ങൾ, ഇത്തവണ അതിൽ നിന്നെല്ലാം ഏറെക്കുറെ മുക്തി നേടി, ഓണത്തെ കൂടതൽ ആഘോഷമാക്കുന്നുവെന്നാണ് വിപണിയിലെ തിരക്കുകൾ സൂചിപ്പിക്കുന്നത്. വസ്ത്ര വിപണിയിൽ ഇത്തവണ വലിയ തിരക്കായിരുന്നു. പല സ്‌കൂളുകളിലും ഓരോ ക്ലാസിലെ കുട്ടികളും പ്രത്യേകം ഡ്രസ് കോഡിലാണ് ഓണാഘോഷം നടത്തിയത്. ഇതിനായി അവർ വലിയ തുക ചെലവിട്ട് പുതിയ വസ്ത്രങ്ങൾ വാങ്ങി. പരമ്പരാഗത ഓണക്കോടിക്ക് പുറമേയാണിത്. ഓണസദ്യയുടെ വിപണി വലിയ തോതിൽ വളർച്ച നേടിയതാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. കാറ്ററിംഗ് കമ്പനികൾ ഓർഡറനുസരിച്ച് സദ്യ തയാറാക്കാൻ തന്നെ ബുദ്ധിമുട്ടുകയാണ്. അത്രയേറെ പേരാണ് ഓണസദ്യക്ക് വീടിന് പുറത്ത് ഓർഡർ നൽകുന്നത്. കോവിഡിന് ശേഷം കമ്പനികളിൽ ജീവനക്കാർ സജീവമായതോടെ ഓഫീസുകളിലെ ഓണാഘോഷം ഇത്തവണ സജീവമായത് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കുവരെ ഓണത്തിന് ഒരേ ഭാവമാണ്. പൂക്കൾ കൊണ്ട് കലയുടെ വർണമനോഹാരിതയൊരുക്കുന്ന പൂക്കളവും വിഭവസമൃദ്ധമായ ഓണസദ്യയും പുത്തൻ ഓണക്കോടിയും സുന്ദരിക്ക് പൊട്ടുതൊടൽ മുതൽ വടംവലി വരെയുള്ള മൽസരങ്ങളുമൊക്കെ മലയാളിയുടെ ഓണാഘോഷത്തിലെ പൊതുവായ വിഭവങ്ങളാണ്. എന്നാൽ മലബാറിലെത്തുമ്പോൾ ഓണത്തിന് വേറിട്ട ചില മുഖങ്ങളുണ്ട്. വെജിറ്റേറിയൻ ഓണസദ്യക്ക് പകരം ഇറച്ചിയും മീനുമൊക്കെ ഒരുക്കിയുള്ള നോൺവെജ് ഓണസദ്യ, ക്ഷേത്ര വിശ്വാസവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഓണപ്പൊട്ടൻ തുടങ്ങിയവയാണിത്. മലബാറിന്റെ, പ്രത്യേകിച്ച് വടക്കേ മലബാറിന്റെ ഓണാഘോഷങ്ങളിൽ നിറഞ്ഞു നിൽക്കുന്നതാണ് ഈ വേറിട്ട കാഴ്ചകൾ.
ഓണസദ്യ വെജിറ്റേറിയനാകണമെന്ന, കാലങ്ങളായി വളർന്നു വന്ന ഒരു ബോധത്തിന്റെ മറുവശമാണ് വടക്കേ മലബാറിൽ കാണാറുള്ളത്. കാർഷിക വൃത്തിയുമായി കൂടി ബന്ധപ്പെട്ടു കിടക്കുന്ന ഓണത്തിനുള്ള ഭക്ഷണം സ്വന്തമായി വിളയിച്ചെടുക്കുന്ന കാർഷിക വിഭവങ്ങൾ കൊണ്ടായിരിക്കണമെന്ന ഒരു വിശ്വാസം പണ്ടു മുതൽക്കേ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ പച്ചക്കറിയാണ് സദ്യയിൽ കൂടുതലായി ഇടം പിടിച്ചത്. മാത്രമല്ല, ഹിന്ദുമത വിശ്വാസികൾ ഓണസദ്യയുടെ ചെറിയൊരു ഭാഗം ദൈവങ്ങൾക്ക് നൽകുന്ന ഒരു ആചാരവുമുണ്ട്. ഇതിൽ നോൺവെജ് വിഭവങ്ങൾ പാടില്ലെന്നാണ് വിശ്വാസം. എന്നാൽ മലബാറിലേക്ക് വരുമ്പോൾ, ജാതിമത വ്യത്യാസമില്ലാതെ ഈ വിശ്വാസം മാറുന്നു. ചിക്കൻ കറിയും ബീഫ് ഫ്രൈയും മീൻ വറുത്തതും മീൻ കറിയുമൊക്കെ ഇവിടെ ഓണസദ്യയുടെ ഒഴിവാക്കാനാകാത്ത വിഭവമാണ്. ഇതൊന്നുമില്ലെങ്കിൽ അവിടുത്തെ ഭൂരിഭാഗം കുടുംബങ്ങളിലും ഓണസദ്യ പൂർണമാകില്ല. വേറിട്ട ഈ ഭക്ഷണ രീതിയെ വിശ്വാസത്തിന്റെ നിരാസമായി ആരും കാണുന്നുമില്ല.
ഓണനാളുകളിൽ മലബാറിന്റെ വിവിധ ഭാഗങ്ങളിൽ കാണുന്ന അപൂർവ കലാരൂപമാണ് ഓണപ്പൊട്ടൻ. വർഷത്തിലൊരിക്കൽ കേരളം സന്ദർശിക്കാനെത്തുന്ന മഹാബലിയുടെ പ്രതിനിധിയായാണ് ഓണപ്പൊട്ടനെ കാണുന്നത്. വിവിധ സ്ഥലങ്ങളിൽ ഓണപ്പൊട്ടൻ, ഓണദേവൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഉത്രാടം, തിരുവോണം നാളുകളിലാണ് ഓണപ്പൊട്ടന്റെ വേഷമണിഞ്ഞ് ഓലക്കുട ചൂടി തെയ്യം കലാരൻമാർ വീടുകളിലെത്തുന്നത്. കൂടെ ചെണ്ടക്കാരനുമുണ്ടാകും. ഓണപ്പൊട്ടൻ സംസാരിക്കാറില്ല. അതുകൊണ്ടു തന്നെയാണ് പൊട്ടൻ എന്ന പേര് വന്നതെന്നും പറയുന്നു. അതേസമയം, ജന്മി-നാടുവാഴിത്ത കാലത്ത് കീഴ്്ജാതിക്കാരെ വിളിച്ചിരുന്ന പേരാണ് പൊട്ടനെന്നും ചില നിരീക്ഷണങ്ങളുണ്ട്. കീഴ്്ജാതിക്കാരൻ ഓണപ്പൊട്ടന്റെ വേഷത്തിൽ, ജന്മിമാർ ഉൾപ്പടെയുള്ളവരുടെ വീടുകളിലെത്തി അവർക്ക് നിർദേശം നൽകുന്നതാണ് ഈ ചടങ്ങെന്നാണ് ഈ നിരീക്ഷണത്തിലെ വിശദീകരണം. ഏതായാലും ഓണപ്പൊട്ടനെ വീട്ടുകാർ സ്വീകരിക്കുന്നത് ബഹുമാനത്തോടെയും ഭയഭക്തിയോടെയുമാണ്. വീട്ടുകാരെ അനുഗ്രഹിച്ചാണ് ഓണപ്പൊട്ടൻ മടങ്ങുന്നത്.
മലബാറിന് ഓണവുമായി ബന്ധപ്പെട്ട ഒട്ടേറെ തനത് ആഘോഷങ്ങളുണ്ട്. ടൂറിസം ആഘോഷങ്ങളുടെ ഭാഗമായി ഇവയെല്ലാം ഇന്ന് മറ്റിടങ്ങളിലേക്കും പരന്നിട്ടുണ്ട്. നോൺവെജ് വിഭവങ്ങൾ ഓണസദ്യയിൽ ഉൾപ്പെടുത്തുന്നത് ഇപ്പോൾ മലബാറിന് പുറത്തും കണ്ടുവരുന്നുണ്ട്. ആഘോഷങ്ങളിൽ മാവേലി വേഷത്തെ പോലെ ഓണപ്പൊട്ടനെയും അനുകരിക്കുന്നുണ്ട്. തെക്കൻ കേരളത്തിലെ ഓണാഘോഷത്തിന്റെ ഭാഗമായ വള്ളംകളി ഇപ്പോൾ മലബാറിലേക്കും എത്തിയിട്ടുണ്ട്.
മതപരമായ വിശ്വാസങ്ങൾക്കപ്പുറം, ഓണം ഇന്നും മലയാളിയുടെ പൊതുവായ ആഘോഷമായാണ് നിറഞ്ഞു നിൽക്കുന്നത്. വ്യത്യസ്ത മതസ്ഥരായ ജനങ്ങളുടെ സാഹോദര്യത്തിന്റെ അടയാളം കൂടിയാണ് ഈ ആഘോഷം. വിവിധ മതസ്ഥർ ചേർന്നുള്ള ഓണസദ്യ, അയൽ വീടുകളിലെ സന്ദർശനം തുടങ്ങിയവ മലയാളി ഇന്നും അഭിമാനത്തോടെ സംരക്ഷിച്ചു പോരുന്ന ആചാരമാണ്. 
മനുഷ്യ മനസ്സുകളെ ചേർത്തു നിർത്തുന്ന അവസരമായി, ഓണം മലയാളികളുടെ സവിശേഷ ആഘോഷമായി നിലനിൽക്കുന്നു.

Latest News