Sorry, you need to enable JavaScript to visit this website.

ഹഫർ അൽ ബാത്തിൻ - ഹരിത താഴ്‌വരക്ക് പ്രകൃതിയുടെ ദ്വാരകവാടം

മാറ്റത്തിന്റെ പാതയിൽ അതിവേഗം സഞ്ചരിക്കുന്ന സൗദി അറേബ്യൻ നഗരങ്ങളിൽ പ്രകൃതിയുടെ മടിത്തട്ടിൽ പഴമയേയും പുതുമയേയും പുണരുന്ന മരുഭൂദേശമാണ് ഹഫർ അൽ ബാത്തിൻ. നീണ്ടു നിവർന്ന് ശയിക്കുന്ന അതിവിശാലമായ അൽ ബാത്തിൻ താഴ്‌വരയുടെ ദ്വാരകവാടം എന്ന നിലയിലാണ് സുന്ദരമായ ഈ ഗ്രാമത്തിന് ഹഫർ അൽ ബാത്തിൻ എന്ന പേര് ലഭിച്ചത്. 

ജിദ്ദയിൽ നിന്ന് രണ്ടു മണിക്കൂർ യാത്രക്ക് ശേഷം അൽ ഖൈസൂമ എയർപോർട്ടിൽ സൗദിയ വിമാനം ലാന്റ് ചെയ്യുമ്പോൾ ആരവമില്ലാത്ത, തീർത്തും വിജനമായ മരുഭൂമിയുടെ ഓരം ചേർന്നുള്ള പാർക്കിംഗ് ബേയിൽ എം.എ. യൂസഫലിയുടെ സ്വകാര്യ വിമാനം കിടന്നിരുന്നു. ലുലു ഹൈപ്പർ മാർക്കറ്റിന്റെ 255 ാമത്തെയും സൗദിയിലെ ലുലുവിന്റെ മുപ്പത്തിമൂന്നാമത്തെയും ശാഖയുടെ ഉദ്ഘാടനത്തിനു വേണ്ടിയാണ് തലേ ദിവസം തന്നെ അദ്ദേഹമെത്തിയിട്ടുള്ളത്. ലുലുവിന്റെ ക്ഷണപ്രകാരമാണ് ഞാനും ഹഫർഅൽ ബാത്തിനിലേക്ക് പോയത്. അൽ ഖൈസൂമ, വിമാനങ്ങളുടെ ഇരമ്പമില്ലാത്ത ചെറിയ എയർപോർട്ടാണ്. 
പുറത്ത് എന്നെ കാത്തുനിന്നിരുന്ന പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശി ഷബീർ പറഞ്ഞു: ഇന്നലെ യൂസഫലി സാബിന്റെ വിമാനം ഇവിടെ വന്നിറങ്ങിയ ശേഷവും അദ്ദേഹം പുറത്തിറങ്ങിയപ്പോഴും എയർപോർട്ടധികൃതർ വലിയ വരവേൽപാണ് നൽകിയത്. ഇന്നലെ മുതൽ ലുലുവിന്റെ അതിഥികളായി യു.എ.ഇയിൽ നിന്നും മറ്റും വന്നിറങ്ങുന്നവർക്കും വലിയ പരിഗണനയാണ് ലഭിക്കുന്നത്. ഷബീറിന്റെ ലാന്റ് ക്രൂയിസറിൽ അൽ ഖൈസൂമയിൽ നിന്ന് ഹഫർ അൽ ബാത്തിനിലേക്ക് പോകുമ്പോൾ കൊടുംചൂടിൽ വേവുന്ന വിശാലമായ മരുഭൂമിയുടെ നോക്കെത്താ ദൃശ്യങ്ങൾ. പൊടിക്കാറ്റ് വീശുന്നുണ്ട്. കൊച്ചുകൊച്ചു ടൗൺഷിപ്പുകൾ. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആട് വിപണിയും അപ്പുറത്ത് ഒട്ടകച്ചന്തയും. കച്ചവടക്കാർ എത്തുന്നേയുള്ളൂ. കുറച്ചുകൂടി കഴിയുന്നതോടെ ആടുകളുടെയും ഒട്ടകങ്ങളുടെയും ലോകം സജീവമാകും. അയൽദേശങ്ങളിൽ നിന്നെത്തുന്ന നൂറുകണക്കിന് വ്യാപാരികൾ വാണിഭ രംഗം കൊഴുപ്പിക്കുമെന്ന് ഷബീർ പറഞ്ഞു. അര മണിക്കൂറിനു ശേഷം ബോത്തൽ ഗ്രൂപ്പിന്റെ മുഹൈദിബ് ഹോട്ടലിലെത്തിയ ഞാൻ ഉച്ചക്ക് രണ്ടു മണിക്ക് അതിവിശാലമായ അൽ ഹൊത്തൈം മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടന സ്ഥലത്തേക്ക് പോയി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ ഹഫർ അൽ ബാത്തിനിലെ ഗവർണർ മൻസൂർ ബിൻ മുഹമ്മദ് ബിൻ സൗദ് അൽ സൗദാണ് ലുലു ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തത്. പരമ്പരാഗത രീതിയിലുള്ള അറേബ്യൻ ആചാരോപചാരങ്ങളോടെ മുഖ്യാതിഥികളെ വരവേൽക്കുന്നതും അറബ് നാടൻ നൃത്തവും പാട്ടുകളും ആകർഷകമായ അന്തരീക്ഷം സൃഷ്ടിച്ചു.  
ഹഫർ അൽ ബാത്തിൻ, രാവിലെകളിൽ നിശ്ശബ്ദവും സായാഹ്നങ്ങളിൽ സജീവവുമാകുന്ന പ്രദേശമാണ്. മലയാളികൾ പലയിടങ്ങളിലായി ചെറിയ ജോലികളിലുണ്ട്. വിദേശികളിൽ ബംഗാളി തൊഴിലാളികളാണ് കൂടുതലായും നിർമാണ രംഗങ്ങളിലും വ്യാപാര മേഖലകളിലുമുള്ളത്. ദ്രുതഗതിയിൽ വികസനത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന പൂർവപ്രവിശ്യയിലെ സ്വഛത നിറഞ്ഞ ഒരു പ്രദേശമായാണ് ഹഫർ അൽ ബാത്തിൻ അനുഭവപ്പെട്ടത്. പന്ത്രണ്ടു വർഷമായി ഹഫറിലുള്ള കൊല്ലം ആയൂർ സ്വദേശി നൗഷാദ് പറഞ്ഞു: രണ്ടു മൂന്നു നാൾ ഇവിടെ തങ്ങിയാൽ ഹഫറിന്റെ മലനിരകളിലെ ഭംഗിയും കുവൈത്ത് - ഇറാഖ് അതിർത്തികളുമെല്ലാം വിശദമായി കണ്ടു മടങ്ങാം. അറ്റം കാണാത്ത മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോൾ പ്രദേശവാസികൾ കെട്ടിപ്പൊക്കിയ നഗര സംസ്‌കൃതിയുടെ അടയാളങ്ങളേറെ കാണാൻ സാധിക്കും.  
വടക്കു കിഴക്കൻ സൗദിയിൽ കിഴക്കൻ പ്രവിശ്യയിൽ പെട്ട നഗരമായ ഹഫർ അൽ ബാത്തിന് പറയാൻ ചരിത്രമേറെയുണ്ട്. ഹഫർ അൽബാത്തിൻ ഉപ ഗവർണറേറ്റിന്റെ ഭരണ തലസ്ഥാനവും ഹഫർ അൽബാത്തിനാണ്. ഇറാഖിനും അറേബ്യൻ ഉപദ്വീപിനുമിടയിൽ കടന്നുപോകാൻ ബനീ അൽഅൻബർ മരുഭൂമിയിൽ ഹജ് തീർഥാടകർ ഉപയോഗിച്ചിരുന്ന വഴി മാത്രമായിരുന്നു ഹിജ്‌റ ഒന്നാം നൂറ്റാണ്ടിൽ ഹഫർ അൽബാത്തിൻ. ഈ പ്രദേശത്തെ ജലദൗർലഭ്യത്തെ കുറിച്ച് അക്കാലത്ത് തീർഥാടകരിൽ നിന്ന് നിരവധി പരാതികൾ ഉയർന്നിരുന്നു. ഇത് രണ്ടാം ഖലീഫ ഉമർ ബിൻ അൽഖത്താബിന്റെ കാലത്ത് ബസറ ഗവർണറായിരുന്ന പ്രവാചക അനുചരൻ അബൂമൂസ അൽഅശ്അരിയുടെ ചെവിയിലുമെത്തി. 
പ്രശ്‌നപരിഹാരത്തിന് അദ്ദേഹം മുന്നിട്ടിറങ്ങി കിണർ കുഴിച്ചു. ശുദ്ധജല സമൃദ്ധമായ ഈ കിണർ ഹഫർ അബൂമൂസ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഹജ് പാതയിൽ ബസറക്കും അൽനബാജിനും (ഇന്നത്തെ അൽഅസ്‌യാഹ്) മധ്യത്തിലായിരുന്നു കിണർ. ഭൂഗർഭജല സമ്പന്നമായ പ്രദേശമായതിനാലാണ് കിണർ കുഴിക്കാൻ അബൂമൂസ അൽഅശ്അരി ഈ സ്ഥലം തെരഞ്ഞെടുത്തത്. അബൂമൂസ കിണറിൽ നിന്ന് ബസറയിലേക്ക് അഞ്ചു രാത്രിയുടെ യാത്രാ ദൂരമാണുണ്ടായിരുന്നത്. വൈകാതെ കൂടുതൽ കിണറുകൾ കുഴിച്ചു. താഴ്‌വരയുടെ ഏറ്റവും താഴ്ചയേറിയ ഭാഗത്താണ് കിണറുകൾ കുഴിച്ചത്. തുടക്കത്തിൽ അഞ്ചു കിണറുകളാണുണ്ടായിരുന്നത്. ഹിജ്‌റ 17 ാം വർഷത്തിലായിരുന്നു ഇത്. പിന്നീട് കിണറുകളുടെ എണ്ണം 70 ലേറെയായി ഉയർന്നു. പരിമിതമായ ഒരു ഭൂപ്രദേശത്ത് ഏറെ കൂടുതലായിരുന്നു ഇത്. പുരാതന കാലത്ത് അറബികൾ വെള്ളത്തിന് ആശ്രയിച്ചിരുന്ന ഏറ്റവും പ്രശസ്തമായ കിണറുകളായിരുന്നു അൽഹഫറിലേത്. നൂറു വർഷം മുമ്പത്തെ കണക്കുകൾ പ്രകാരം ഹഫറിലെ കിണറുകളുടെ എണ്ണം 70 ൽ നിന്ന് 40 ആയി കുറഞ്ഞു. ഇതിൽ 11 കിണറുകളിലെ വെള്ളം മാത്രമാണ് ഉപയോഗയോഗ്യം. മൂന്നു മൈൽ വ്യാസമുള്ള വിശാലമായ സമതലത്തിലാണ് ഇവയുള്ളത്. കിണറകൾ തമ്മിലുള്ള ദൂരം കാൽ മൈൽ മുതൽ 100 യാർഡ് വരെയാണ്. കിണറുകളിൽ വെള്ളത്തിന്റെ ആഴം ഏകദേശം 30 അടിയാണ്. 
ഇളം ചൂടുവെള്ളമാണ് ഹഫറിലെ കിണറുകളിലേത്. രാവിലെ കിണറുകളിൽ നിന്ന് നീരാവി ഉയരും. ഹഫറിലെ കിണറുകൾ അറബ് ഗോത്രങ്ങളുടെ ഉടമസ്ഥതയിലായിരുന്നു. കുവൈത്തുമായും ഇറാഖുമായുള്ള സൗദി അറേബ്യയുടെ അതിർത്തി നിർണയം പൂർത്തിയാക്കിയ കരാറുകൾക്കു ശേഷം ഹഫർ അൽബാത്തിന് വടക്ക് ഇറാഖ് അതിർത്തിയിലെ ന്യൂട്രൽ സോണിൽ സഞ്ചരിക്കാൻ 
ഇറാഖിലെ ചില ഗോത്രങ്ങളെ ആധുനിക സൗദി അറേബ്യയുടെ ശിൽപി അബ്ദുൽ അസീസ് രാജാവ് അനുവദിച്ചു. ഇവർ ഹഫർ അൽബാത്തിന് വടക്ക് മരുഭൂഗ്രാം സ്ഥാപിച്ചു. അൽസുഫൈരി മരുഭൂ ഗ്രാമമാണിത്. ഹഫർ അൽബാത്തിൻ നഗരത്തിന് ഏറ്റവുമടുത്ത മരുഭൂ ഗ്രാമമാണിത്. 
റിയാദിന് വടക്ക് 430 കിലോമീറ്ററും കുവൈത്ത് അതിർത്തിയിൽ നിന്ന് 94.2 കിലോമീറ്ററും ഇറാഖ് അതിർത്തിയിൽ നിന്ന് 74.3 കിലോമീറ്ററും ദൂരെയാണ് ഹഫർ അൽബാത്തിൻ സ്ഥിതി ചെയ്യുന്നത്. ഹഫർ അൽബാത്തിന് തെക്ക് 90 കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന കിംഗ് ഖാലിദ് മിലിട്ടറി സിറ്റി ഹഫർ അൽബാത്തിൻ അതിർത്തിയിലാണ്. ഹഫർ അൽബാത്തിനിൽ 36 ലേറെ ഗ്രാമങ്ങളും മരുഭൂ ഗ്രാമങ്ങളുമുണ്ട്. റഫ്ഹാ, അറാർ വഴി ജോർദാനിലേക്കും സിറിയയിലേക്കും ലെബനോനിലേക്കുമുള്ള റോഡ്, അൽഖസീമിലേക്കും റിയാദിലേക്കുമുള്ള ദക്ഷിണ റോഡ്, ദമാമിലേക്കും ബഹ്‌റൈനിലേക്കുമുള്ള ഈസ്റ്റേൺ റോഡ്, കുവൈത്തിലേക്കുള്ള വടക്കുകിഴക്കൻ റോഡ് എന്നീ നാലു വാണിജ്യ പാതകളുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഹഫർ അൽബാത്തിൻ നഗരത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം വലിയ പ്രാധാന്യം നൽകുന്നു. 
ജനങ്ങൾ പലായനം ചെയ്യാത്ത സൗദിയിലെ ഏക അതിർത്തി നഗരമാണ് ഹഫർ അൽബാത്തിൻ. സൗദിയിലെ മറ്റു പ്രദേശങ്ങളിൽ നിന്ന് ആളുകൾ ഇവിടേക്ക് കുടിയേറുകയായിരുന്നു. 
തന്ത്രപ്രധാന കേന്ദ്രമായ ഹഫർ അൽബാത്തിൻ ഇറാഖിന്റെ കുവൈത്ത് അധിനിവേശ കാലത്ത് അമേരിക്കൻ സൈന്യം സൈനികാവശ്യത്തിനായി ഉപയോഗിച്ചിരുന്നു. സാമ്പത്തികമായും വാണിജ്യപരമായും നഗരം വളരെ സജീവമാണ്. 1922 ൽ ഒപ്പുവെച്ച അൽഉഖൈർ പ്രോട്ടോകോളിനു മുമ്പ് ഹഫർ അൽബാത്തിൻ കുവൈത്തിന്റെ ഭാഗമായിരുന്നു. അൽഉഖൈർ പ്രോട്ടോകോൾ ആണ് ഹഫർ അൽബാത്തിനെ സൗദി അറേബ്യക്ക് നൽകിയത്. ഹഫർ അൽബാത്തിനിൽ രണ്ടു വിമാനത്താവളങ്ങളാണുള്ളത്. സമീപ കാലത്ത് വികസിപ്പിച്ച അൽഖൈസൂമ എയർപോർട്ടും സൈനിക ഉപയോഗത്തിനുള്ള കിംഗ് ഖാലിദ് മിലിട്ടറി സിറ്റി എയർപോർട്ടുമാണിവ. പൂർണതോതിലുള്ള അന്താരാഷ്ട്ര സർവീസുകൾക്ക് 450 കിലോമീറ്റർ ദൂരെയുള്ള ദമാം കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ടാണ് ഹഫർ അൽബാത്തിൻ നിവാസികൾക്ക് ആശ്രയം. 
ഹഫർ അൽബാത്തിന്റെ ചരിത്രവും പൈതൃകവും അടുത്തറിയാൻ സഹായിക്കുന്ന അൽഅസീറ മ്യൂസിയം കിഴക്കൻ പ്രവിശ്യയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. പ്രിൻസ് സുൽത്താൻ പാർക്കും അബൂമൂസ അൽഅശ്അരി പാർക്കും നിരവധി സന്ദർശകരെ ആകർഷിക്കുന്നു. ആകെ 144 ചതുരക്ര കിലോമീറ്റർ വിസ്തൃതിയുള്ള ഹഫർ അൽബാത്തിൻ സബ്ഗവർണേറ്റിന്റെ ഗവർണർ മൻസൂർ ബിൻ മുഹമ്മദ് ബിൻ സഅദ് രാജകുമാരനാണ്. 2017 ലെ സെൻസസ് പ്രകാരം ഹഫർ അൽബാത്തിനിലെ ജനസംഖ്യ 3,90,282 ആണ്. ഇപ്പോഴത് താരതമ്യേന വർധിച്ചിട്ടുണ്ട്. വിനോദ സഞ്ചാരത്തിന്റെ അപാര സാധ്യതകളുണ്ടെങ്കിലും ടൂറിസ്റ്റുകളുടെ പ്രവാഹം കിഴക്കൻ പ്രവിശ്യയിലെ അൽഹസ - ഹുഫൂഫ് മേഖലകളെ അപേക്ഷിച്ച് ഇവിടെ കുറവാണ്. റിയാദിൽ നിന്ന് 430 കിലോമീറ്ററകലെയുള്ള ഹഫറിൽ നിന്ന് 95 കിലോമീറ്റർ സഞ്ചരിച്ചാൽ കുവൈത്ത് അതിർത്തിയിലെത്താം. സാധാരണക്കാരായ
മലയാളികൾ ചിതറിക്കിടക്കുന്ന റഫ്ഹ എന്ന പ്രദേശം കടന്നാണ് കുവൈത്ത് അതിർത്തിയിലെത്തുക. ഇറാഖ് അതിർത്തിയിലേക്ക് ഹഫറിൽ നിന്ന് 74 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ.   
ഹിജ്‌റ മൂന്നാം നൂറ്റാണ്ടു വരെ ഹഫർ അൽബാത്തിനിൽ കിണറുകളുടെ എണ്ണം വർധിച്ചുവന്നു. മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇസ്മായിലി ശിയാ വിഭാഗക്കാരായ ഖറാമിത്തകൾ ബഹ്‌റൈൻ പിടിച്ചടക്കി. അവർ പിന്നീട് ഹജ് തീർഥാടകരെ കൊള്ളയടിക്കാനും വധിക്കാനും തുടങ്ങി. ഇതു കാരണം ഹഫർ അൽബാത്തിൻ വഴിയുള്ള തീർഥാടകരുടെ യാത്രകൾ മുടങ്ങി. ഇതോടെ ഹഫറിന്റെ പ്രാധാന്യം നഷ്ടപ്പെടാനും ഗ്രാമം ക്ഷയിക്കാനും തുടങ്ങി. ഹിജ്‌റ 317 ൽ (എ.ഡി 908) ഹജ് ദിവസങ്ങളിൽ ഖറാമിത്തകൾ വിശുദ്ധ ഹറമിനു നേരെ ആക്രമണം നടത്തുകയും ഹജ്‌റുൽ അസ്‌വദ് കൊള്ളയടിക്കുകയും ആയിരക്കണക്കിന് മക്ക നിവാസികളെയും തീർഥാടകരെയും കൂട്ടക്കുരുതി നടത്തുകയും സമ്പത്ത് കൊള്ളയടിക്കുകയും ചെയ്തിരുന്നു. 22 വർഷത്തിനു ശേഷമാണ് ഖറാമിത്തകൾ ഹജറുൽ അസ്‌വദ് തിരികെ നൽകിയത്. 
അബ്ദുൽ അസീസ് രാജാവിന്റെ നേതൃത്വത്തിൽ മൂന്നാമത് സൗദി ഭരണകൂടം സ്ഥാപിതമായതോടെ രാജ്യത്ത് സുരക്ഷയും സമാധാനവും നിലവിൽവന്നു. ഇതോടെ നാടോടികളായ ബദുക്കളെ ഗ്രാമങ്ങളിൽ സ്ഥിരതാമസത്തിന് പ്രേരിപ്പിക്കുന്ന നയം സർക്കാർ നടപ്പാക്കി. ഇക്കൂട്ടത്തിൽ പെട്ട ഒരു മരുഭൂ ഗ്രാമമായിരുന്നു ഹഫർ അൽബാത്തിൻ. രാജ്യത്ത് ദൃശ്യമായ സാമ്പത്തിക ഉണർവിനും സാമൂഹിക വളർച്ചക്കുമൊപ്പം ഹഫർ അൽബാത്തിനും വികസിച്ചു. സമീപ പ്രദേശങ്ങളിൽ എണ്ണ കണ്ടെത്തിയത് ഹഫർ അൽബാത്തിന്റെ വളർച്ചക്ക് ഗതിവേഗം നൽകി. കിഴക്കൻ സൗദിയിലെ ദഹ്‌റാനിൽ നിന്ന് ജോർദാൻ, ദക്ഷിണ സിറിയ വഴി  മധ്യധരണ്യാഴി തീരത്തെ ലെബനോനിലെ സിദോൻ തുറമുഖത്തിലൂടെ പഴയ കാലത്ത് എണ്ണ കയറ്റുമതിക്ക് ഉപയോഗിച്ചിരുന്ന പൈപ്പ്‌ലൈൻ കടന്നുപോയിരുന്നത് ഹഫർ അൽബാത്തിനു സമീപത്ത് കൂടിയായിരുന്നു. 
മാറ്റത്തിന്റെ പാതയിൽ അതിവേഗം സഞ്ചരിക്കുന്ന സൗദി അറേബ്യൻ നഗരങ്ങളിൽ പ്രകൃതിയുടെ മടിത്തട്ടിൽ പഴമയേയും പുതുമയേയും പുണരുന്ന മരുഭൂദേശമാണ് ഹഫർ അൽ ബാത്തിൻ. നീണ്ടു നിവർന്ന് ശയിക്കുന്ന അതിവിശാലമായ അൽ ബാത്തിൻ താഴ്‌വരയുടെ ദ്വാരകവാടം എന്ന നിലയിലാണ് സുന്ദരമായ ഈ ഗ്രാമത്തിന് ഹഫർ അൽ ബാത്തിൻ എന്ന പേര് ലഭിച്ചത്. 

 

Latest News