കോഴിക്കോട്- ശമ്പള വിതരണം മുടങ്ങിയതിനെ തുടർന്ന് തിരുവോണ നാളിൽ മാധ്യമം ഓഫീസിന് മുന്നിൽ സമരം ചെയ്യുന്ന തൊഴിലാളികൾക്ക് അഭിവാദ്യം നേർന്ന് മുൻ മന്ത്രി ഡോ. കെ.ടി ജലീൽ. ജമാഅത്തെ ഇസ്ലാമി സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ തുടങ്ങിയതാണ് മാധ്യമത്തിന് കഷ്ടകാലം തുടങ്ങാൻ കാരണമെന്നും ജലീൽ പറഞ്ഞു.
മൂന്ന് മാസമായി ശമ്പളം കിട്ടാതെ പട്ടിണിയിലായ 'മാധ്യമം' ജീവനക്കാർ തിരുവോണ നാളിൽ ഉപവാസ സമരത്തിലാണെന്ന വാർത്ത അത്യന്തം ഖേദകരമാണെന്നും ജലീൽ പറഞ്ഞു. വിയർപ്പ് വറ്റുന്നതിന് മുമ്പ് തൊഴിലാളിക്ക് കൂലികൊടുക്കണമെന്ന് പഠിപ്പിച്ച പ്രവാചകന്റെ അനുയായികൾക്ക് ഒരുനിലക്കും യോജിക്കാത്ത പ്രവൃത്തിയാണ് മാധ്യമം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. ഇത്തരമൊരു പ്രതിസന്ധി മാധ്യമത്തിന് ഉണ്ടായത് എങ്ങിനെയെന്ന് ബന്ധപ്പെട്ടവർ ശാന്തമായി ആലോചിച്ചാൽ നന്നാകും.
മാധ്യമം പത്രം നിയന്ത്രിക്കുന്ന ജമാഅത്തെ ഇസ്ലാമി, സ്വന്തം രാഷ്ട്രീയപ്പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചതോടെയാണ് 'മാധ്യമ'ത്തിന്റെ 'ശനികാലം' തുടങ്ങിയത്. പുതിയ പാർട്ടിയുടെ രൂപീകരണത്തോടെ ജമാഅത്ത് നേതാക്കളിൽ മൊട്ടിട്ട രാഷ്ട്രീയ മോഹങ്ങൾ സഫലമാക്കാൻ പ്രഖ്യാപിത നിഷ്പക്ഷ നിലപാടിൽ പത്രത്തിന് തരാതരംപോലെ വെള്ളവും വിഷവും ചേർക്കേണ്ടി വന്നു.
ഇടതുപക്ഷ മുന്നണിയിൽ ചേക്കാറാൻ ഒരിക്കലുമാവില്ലെന്ന് തിരിച്ചറിഞ്ഞ വെൽഫെയർ പാർട്ടിക്ക്, യു.ഡി.എഫിൽ ഒരു ബെർത്ത് വാങ്ങിക്കൊടുക്കാൻ എന്തൊക്കെ നെറികേടുകളാണോ ചെയ്യേണ്ടത് അതൊക്കെ 'മാധ്യമം' യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ചെയ്തു. വ്യക്തിഹത്യയും ഊഹാപോഹ പ്രചരണങ്ങളും വലതുപക്ഷ പത്രങ്ങളെപ്പോലെ 'മാധ്യമ'വും അതിന്റെ മുഖമുദ്രയാക്കി. നിലത്തിഴഞ്ഞിട്ടും പക്ഷെ യു.ഡി.എഫും കനിഞ്ഞില്ല.
സി.പി.എമ്മിനെ ദുർബലമാക്കി ഇടതുപക്ഷത്തെ ക്ഷയിപ്പിക്കാൻ 'മാധ്യമം' പയറ്റാത്ത അടവുകളില്ല. ഇത് 'മാധ്യമ'ത്തിന്റെ വിശ്വാസ്യതയെ കുറച്ചൊന്നുമല്ല തകർത്തത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരെല്ലെങ്കിലും ഇടതുപക്ഷ മനസ്സുള്ള വായനക്കാരാണ് 'മാധ്യമ'ത്തെ പാലും തേനുമൂട്ടി വളർർത്തിയിരുന്നത്. വലതുമുന്നണിയെ വെള്ളപൂശാനും ഇടതുപക്ഷത്തെ കടന്നാക്രമിക്കാനും 'ദാവൂദാതികൾ' രാപ്പകൽ പണിയെടുത്ത് അസത്യങ്ങളും അർധസത്യങ്ങളും കൊണ്ട് പത്രത്തിന്റെ കോളങ്ങൾ നിറച്ചപ്പോൾ 'മാധ്യമ'ത്തിന്റെ കാൽചുവട്ടിലെ മണ്ണാണ് അക്ഷരാർത്ഥത്തിൽ ഒലിച്ചു പോയത്.
കോവിഡ് കാലത്തെ പ്രതിസന്ധിയിൽ നിന്ന് എല്ലാ പത്രങ്ങളും കരകയറിയപ്പോൾ 'മാധ്യമം' മാത്രം കരകയറാതെ നിന്നതിന്റെ കാരണവും മറ്റൊന്നല്ല. വായനക്കാരിൽ നല്ല പ്രചാരം നേടിയ 'മാധ്യമം' അഭ്യുദയകാംക്ഷികൾക്കിടയിൽ മൂക്കുകുത്തി വീണത് അങ്ങിനെയാണ്. വരിക്കാരുടെ എണ്ണത്തിൽ ഇതുണ്ടാക്കിയ ഇടിച്ചിൽ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. ആനയായിരുന്ന 'മാധ്യമം' ചാവാലിക്കാളയായി മെലിയാൻ തുടങ്ങിയ കഥയുടെ രത്‌നച്ചുരുക്കമാണിത്.
ഇന്ന് 'മാധ്യമം' ഇറച്ചിവെട്ടുകാരന്റെ കടക്കുമുന്നിൽ ദയാവധത്തിന് കാത്തുനിൽക്കുന്ന ദാരുണാവസ്ഥയിലാണ്. ഈ പത്ര സ്ഥാപനത്തെ ഇത്തരമൊരു പതനത്തിൽ കൊണ്ടു ചെന്നെത്തിച്ചതിൽ പുത്തൻകൂറ്റുകാരായ നവ 'പ്രൊഫഷണൽ' മാനേജുമെന്റിന്റെ പങ്ക് അനിഷേധ്യമാണ്. അധികം വൈകാതെ ആരുടെയും കത്തും കമ്പിയുമില്ലാതെ തന്നെ 'മാധ്യമം' പൂട്ടേണ്ടി വന്നാലും ആരും അൽഭുതപ്പെടേണ്ടതില്ല.
എന്നെ തെറിവിളിക്കാൻ കമന്റ് ബോക്‌സിൽ വരുന്ന 'വെൽഫെയറുകാർ' ദയവു ചെയ്ത് അവനവനെക്കൊണ്ട് കഴിയുന്ന സംഖ്യ ഓൺലൈനായി 'സക്കാത്ത്' പോർട്ടലുണ്ടാക്കി നൽകി മാധ്യമം ജീവനക്കാരുടെ മൂന്നുമാസത്തെ ശമ്പള കുടിശ്ശിക കൊടുത്തു തീർക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും ജലീൽ പറഞ്ഞു.