പാലക്കാട് - തമിഴ്‌നാട് കോവില്‍പാളയത്ത് കാര്‍ പിക്കപ്പ് വാനിന്റെ പിന്നിലിടിച്ച് കാറിലുണ്ടായിരുന്ന മലയാളികളായ അച്ഛനും മകനും മരിച്ചു. പാലക്കാട് മീനാക്ഷിപുരം സ്വദേശി പരമേശ്വരന്‍ (48), മകന്‍ രോഹിത് (21) എന്നിവരാണ് മരിച്ചത്. ഇവര്‍ വര്‍ഷങ്ങളായി പൊള്ളാച്ചിയിലാണ് താമസം. രോഹിതിന്റെ പഠന ആവശ്യവുമായി ബന്ധപ്പെട്ട് ബംഗ്ലൂരുവിലെത്തിയ ഇരുവരും നാട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടമുണ്ടായത്. രോഹിത് ഓടിച്ചിരുന്ന കാര്‍ തടി കയറ്റി മുന്നില്‍ സഞ്ചരിക്കുകയായിരുന്ന പിക് അപ്പിന്റെ പിന്നില്‍ ഇടിച്ചായിരുന്നു അപകടം. ഇരുവരെയും പൊള്ളാച്ചി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.






