Sorry, you need to enable JavaScript to visit this website.

മെഹുല്‍ ചോക്‌സി ഒളിവില്‍ കഴിയുന്നത് ആന്റിഗ്വയില്‍; വലവിരിച്ച് സി.ബി.ഐ

ന്യൂദല്‍ഹി- പഞ്ചാബ നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് കോടികളുടെ വായ്പ എടുത്ത് മുങ്ങിയ വജ്രവ്യാപാരി മെഹുല്‍ ചോക്‌സി ഒളിവില്‍ കഴിയുന്നത് കരീബിയന്‍ ദ്വീപുരാഷ്ട്രമായ ആന്റിഗ്വയില്‍. അനന്തരവനും വജ്രവ്യാപാരിയുമായ നീരവ് മോഡിക്കൊപ്പം ചേര്‍ന്നാണ് 13,000 കോടി രൂപയുടെ ബാങ്ക് വെട്ടിപ്പു നടത്തി ഇവര്‍ രാജ്യം വിട്ടത്. ചോക്‌സി ആന്റിഗ്വയിലെത്തി പൗരത്വവും സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. കോടികള്‍ നിക്ഷേപിച്ചാല്‍ വിദേശികള്‍ക്ക് പൗരത്വം നല്‍കുന്ന രാജ്യങ്ങളിലൊന്നാണ് ആന്റിഗ്വ.

ചോക്‌സി ബാങ്കു തട്ടിപ്പു കേസില്‍ പ്രതിയാണെന്നും ഇദ്ദേഹത്തിന്റെ വിവരങ്ങള്‍ കൈമാറണമെന്നും ആവശ്യപ്പെട്ട് ഇന്ത്യ ആന്റിഗ്വയെ സമീപിച്ചിട്ടുണ്ട്. ചോക്‌സിക്കെതിരെ റെഡ് കോര്‍ണര്‍ നൊട്ടീസ് ഇറക്കാന്‍ കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഇന്റര്‍പോളിനെയും സമീപിച്ചിട്ടുണ്ട്. ചോക്‌സി ആന്റിഗ്വയിലുള്ള കാര്യം ഇന്റര്‍പോളാണ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഇന്ത്യന്‍ അധികൃതരെ അറിയിച്ചത്. ചോക്‌സിക്കും മറ്റു പ്രതികള്‍ക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റം ചുമത്തിയതോടെ നേരത്തെ ചോക്‌സിക്കെതിരെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ചോക്‌സിക്ക് നവംബറിലാണ് ആന്റിഗ്വ ആന്റ് ബര്‍ബുഡ പൗരത്വം നല്‍കിയത്. ജനുവരി 15-ന് പൗരത്വ സത്യപ്രതിജ്ഞയും എടുത്തു. ഇക്കാര്യം ആന്റിഗ്വയുടെ സിറ്റിസണ്‍ഷിപ്പ് ആന്റ് ഇന്‍വെസ്‌മെന്റ് യൂണിറ്റ് വ്യക്തമാക്കി. ഇതോടെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വെട്ടിപ്പ് നടത്തിയത് പുറത്തു വരുന്നതിനു മുമ്പ് തന്നെ ചോക്‌സി രക്ഷപ്പെടാനുള്ള കരുക്കള്‍ നീക്കിയിരുന്നുവെന്ന് വ്യക്തമായിരിക്കുകയാണ്. യുഎസില്‍ നിന്നാണ് ചോക്‌സി ആന്റിഗ്വയിലെത്തിയത്. 

കോടിക്കണക്കിന് പണം കയ്യിലുള്ളവര്‍ക്ക് വേഗത്തില്‍ ആന്റിഗ്വ പൗരത്വം സ്വന്തമാക്കാം. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് നിക്ഷേപം നടത്തുന്നവര്‍ക്കാണ് പൗരത്വം നല്‍കുക. ആന്റിഗ്വ ദേശീയ വികസന ഫണ്ടിലേക്ക് രണ്ടു ലക്ഷം ഡോളര്‍ സംഭാവന നല്‍കുകയോ, ഇവിടെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് നാലു ലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തുകയോ, രാജ്യത്ത് ബിസിനസിനായി 15 ലക്ഷം ഡോളര്‍ മുതല്‍ മുടക്കുകയോ ചെയ്താല്‍ ആന്റിഗ്വ പൗരത്വം നല്‍കും. രാജ്യത്ത് സ്ഥിരതാമസമാക്കണമെന്ന നിര്‍ബന്ധവുമില്ല. പൗരത്വം നഷ്ടപ്പെടാതിരിക്കാന്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ചുരുങ്ങിയത് അഞ്ചി ദിവസമെങ്കിലും രാജ്യത്തു താമസിക്കണമെന്ന വ്യവസ്ഥയെ ഉള്ളൂ. ആന്റിഗ്വ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ബ്രിട്ടന്‍ ഉള്‍പ്പെടെ 132 രാജ്യങ്ങളിലേക്ക് വീസയില്ലാതെ സഞ്ചരിക്കാനും കഴിയും.
 

Latest News