ബിഹാര്‍ ജാതി സെന്‍സസിനെ എതിര്‍ത്ത് കേന്ദ്രം, സെന്‍സസ് നടത്താന്‍ അധികാരം കേന്ദ്രത്തിന് മാത്രം

ന്യൂദല്‍ഹി- സംസ്ഥാനത്ത് ജാതി അടിസ്ഥാനമാക്കിയുള്ള സര്‍വേ നടത്താനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. സെന്‍സസ് നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമേ അധികാരമുള്ളുവെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പരാമര്‍ശം. സെന്‍സസ് ഒരു യൂണിയന്‍ ലിസ്റ്റ് വിഷയമാണെന്നും 1948 ലെ നിയമത്തിലെ സെക്ഷന്‍ 3 പ്രകാരം കേന്ദ്രത്തിന് മാത്രമേ ഇത് നടത്താന്‍ കഴിയൂ എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
സെന്‍സസ് ഒരു നിയമാനുസൃതമായ പ്രക്രിയയാണെന്നും 1948 ലെ സെന്‍സസ് ആക്ട് പ്രകാരമാണ് ഇത് നിയന്ത്രിക്കപ്പെടുന്നതെന്നും മന്ത്രാലയം പറഞ്ഞു, 'സെന്‍സസ് വിഷയം ഏഴാം ഷെഡ്യൂളിലെ യൂണിയന്‍ ലിസ്റ്റ് എന്‍ട്രി 69 ന് കീഴിലുള്ളതാണ്.
കേന്ദ്രസര്‍ക്കാരിന്റെ രണ്ട് പേജുള്ള സത്യവാങ്മൂലത്തില്‍, ഇന്ത്യന്‍ ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കും ബാധകമായ നിയമത്തിനും അനുസൃതമായി എസ്.സി, എസ്.ടി, ഒ.ബി.സിയുടെ ഉന്നമനത്തിനായി എല്ലാ അനുകൂല നടപടികളും സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ചൂണ്ടിക്കാട്ടി.
ബിഹാര്‍ ജാതി സര്‍വേയുടെ സാധുത ചോദ്യം ചെയ്ത ഒരു കൂട്ടം പൊതുതാല്‍പര്യ ഹരജികള്‍ തള്ളിയ പട്‌ന ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ അപ്പീലിലാണ് കേന്ദ്രത്തിന്റെ പ്രതികരണം.

 

 

Latest News