വാടക കരാര്‍ പുതുക്കേണ്ടത് എപ്പോള്‍, എത്ര ദിവസം കാലാവധി, ഈജാര്‍ വിശദീകരണം ഇങ്ങനെ

ജിദ്ദ - വാടക കരാറുകള്‍ പുതുക്കുന്നതിന് അനുവദിച്ച കാലയളവ് 180 ദിവസമാണെന്നും കരാര്‍ അവസാനിക്കുന്നതിന് 60 ദിവസം മുമ്പ് അത് ആരംഭിക്കുമെന്നും  മുനിസിപ്പല്‍, റൂറല്‍ അഫയേഴ്‌സ് ആന്‍ഡ് ഹൗസിംഗ് മന്ത്രാലയത്തിന് കീഴിലുള്ള റെന്റല്‍ സര്‍വീസസ് ഇനെറ്റ്‌വര്‍ക്ക് (ഈജാര്‍) പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചു. കാലാവധി കഴിഞ്ഞ് 120 ദിവസം കൂടി തുടരും.

കരാര്‍ റദ്ദാക്കുന്നത് വാടകക്കാരന്‍, ഭൂവുടമ, റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ തുടങ്ങി കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്ന കക്ഷികള്‍ തമ്മിലുള്ള കരാറിലൂടെയോ കോടതി ഉത്തരവിലൂടെയോ നടക്കുമെന്ന് ഈജാര്‍ വെളിപ്പെടുത്തി. കരാര്‍ പുതുക്കല്‍ അംഗീകരിക്കാന്‍ വാടകക്കാരന്‍ വിസമ്മതിക്കുകയും വസ്തു ഒഴിയാന്‍ തയാറാകാതിരിക്കുകയും ചെയ്താല്‍, കുടിയൊഴിപ്പിക്കല്‍ ഉത്തരവിനായി ഭൂവുടമക്ക് എക്‌സിക്യൂഷന്‍ കോടതിയെ സമീപിക്കാം.

പോര്‍ട്ടലിലൂടെ നിലവിലെ കരാര്‍ പരിഷ്‌ക്കരിക്കാനോ ഭേദഗതി ചെയ്യാനോ സാധ്യമല്ലെന്ന് ഈജാര്‍ സ്ഥിരീകരിച്ചു. കരാര്‍ കാലയളവിന്റെ തുടക്കത്തില്‍ വാടക പേയ്‌മെന്റ് നടത്തണം, അതേസമയം കരാര്‍ അവസാനിപ്പിക്കുന്നതിനുള്ള സാമ്പത്തിക ചെലവ് ഭൂവുടമ വഹിക്കണം. കൂടാതെ, പുതിയ കരാര്‍ അവസാനിപ്പിക്കുമ്പോഴോ കരാര്‍ പുതുക്കുമ്പോഴോ ആദ്യ വര്‍ഷത്തേക്കുള്ള കരാറിന്റെ മൂല്യത്തില്‍നിന്ന് 2.5 ശതമാനം നിരക്ക് ലഭിക്കാന്‍ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ക്ക് അര്‍ഹതയുണ്ട്.

കരാര്‍ കാലഹരണപ്പെടുകയും അത് പുതുക്കാന്‍ ആഗ്രഹിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, വാടകക്കാരന്‍ റിയല്‍ എസ്‌റ്റേറ്റ് യൂണിറ്റ് ഭൂവുടമക്ക് അത് ലഭിച്ച അതേ രൂപത്തില്‍ തന്നെ കൈമാറണം. എന്തെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടായാല്‍, കോടതിയെ സമീപിക്കാം.

 

 

Latest News