Sorry, you need to enable JavaScript to visit this website.

പ്രതിയെ പിടിക്കാനെത്തിയ പോലീസിനെ പ്രതിയുടെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു

ഭോപാല്‍- മധ്യപ്രദേശിലെ ചിന്ദ്‌വാര ജില്ലയില്‍ പ്രതിയെ പിടികൂടാന്‍ വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥനെ പ്രതിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി സ്ഥലം വിട്ടു. കോടതിയുടെ അറസ്റ്റ് വാറന്റുള്ള പ്രതി ജോറി ലാല്‍ കകോഡിയ എന്നയാളെ അറസ്റ്റ് ചെയ്യാന്‍ ചൊവ്വാഴ്ച അര്‍ധരാത്രിയാണ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ദേവേന്ദ്ര നഗാലെയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയുടെ വീട്ടിലെത്തിയത്. ഈ സമയം കകോഡിയയും സുഹൃത്തുക്കളും വീട്ടിനുള്ളില്‍ മദ്യപിച്ചു കൊണ്ടിരിക്കുകയായിരുന്നു. അറസ്റ്റ് ചെയ്യാനെത്തിയതാണെന്നറിഞ്ഞതോടെ ഇവര്‍ എ.എസ്.ഐ നഗാലെയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

എ.എസ്.ഐ നഗാലെ പ്രതി കകോഡിയയുടെ കോളറില്‍ പിടിച്ച് പോലീസിന്റെ കൂടെ സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഇതിനിടെയാണ് കകോഡിയയുടെ സുഹൃത്തുക്കള്‍ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതോടെ കൂടെയുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ ദേവേന്ദ്ര കുംറെ ഇവിടെ നിന്നും രക്ഷപ്പെട്ട് പുറത്തെത്തി സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. കൂടുതല്‍ പോലീസുകാര്‍ സ്ഥലത്തെത്തുന്നതിനു മുമ്പ് തന്നെ പ്രതിയും സുഹൃത്തുക്കളും രക്ഷപ്പെട്ടു. എ.എസ്.ഐ ദേവന്ദ്ര നഗാലെ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.

പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പുതിയ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ഇവര്‍ക്കായുള്ള തെരിച്ചിലും ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെ ഉന്നത പോലീസ് ഓഫീസര്‍മാര്‍ ബുധനാഴ്ച രാവിലെ സ്ഥലത്തെത്തി. അനിഷ്ട സംഭവങ്ങള്‍ തടയുന്നതിന് ഗ്രാമത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട എ.എസ്.ഐ 20 വര്‍ഷമായി ചിന്ദ് വാര ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
 

Latest News