ഇസ്‌ലാമാബാദ്- മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് അറ്റോക്ക് ജില്ലാ ജയിലില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ അനുവദിച്ചതായി അറ്റോര്‍ണി ജനറലിന്റെ ഓഫീസ് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് അനുസരിച്ച് നെയ്യില്‍ പാകം ചെയ്ത ആട്ടിറച്ചിയും ചിക്കനും അടങ്ങിയ ഭക്ഷണം അദ്ദേഹത്തിന് ലഭ്യമാക്കുന്നു.
ഇമ്രാന്‍ ഖാന്റെ അവസ്ഥ പരിശോധിക്കാന്‍ പഞ്ചാബ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പ്രിസണ്‍സ് മിയാന്‍ ഫാറൂഖ് നസീര്‍ അറ്റോക്ക് ജില്ലാ ജയിലില്‍ നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. സന്ദര്‍ശനവേളയില്‍, ഖാന് നല്‍കിയിട്ടുള്ള സൗകര്യങ്ങള്‍ നിരീക്ഷിക്കുകയും സ്വകാര്യത ഉറപ്പാക്കുന്നതിനായി അദ്ദേഹത്തിന്റെ ബാരക്കിലെ ക്യാമറ പ്ലെയ്‌സ്‌മെന്റുകള്‍ അവലോകനം ചെയ്യുകയും ചെയ്തു.
ഈ മാസം ആദ്യമാണ് തോഷഖാന അഴിമതിക്കേസില്‍ ഇമ്രാന്‍ ഖാനെ മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. കിടക്ക, കസേര, എയര്‍ കൂളര്‍, പ്രാര്‍ഥനാമുറി, ഇംഗ്ലീഷ് വിവര്‍ത്തനത്തോടുകൂടിയ ഖുര്‍ആന്‍ കോപ്പി, പുസ്തകങ്ങള്‍, പത്രങ്ങള്‍, ഭക്ഷണം, വ്യക്തിഗത വസ്തുക്കള്‍, പ്രത്യേക മെഡിക്കല്‍ സംഘം എന്നിവയും ജയില്‍ നിയമങ്ങള്‍ക്കനുസരിച്ച് ഖാന് നല്‍കുന്നതിനായി ജയില്‍ അധികൃതര്‍ അറിയിച്ചു.
ഇമ്രാന്‍ ഖാന്റെ പുതിയ ശുചിമുറിയില്‍ വെസ്‌റ്റേണ്‍ ടോയ്‌ലറ്റ്, വാഷ് ബേസിന്‍, അവശ്യ ശുചിത്വ വസ്തുക്കള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. നസീറിന്റെ സന്ദര്‍ശനവേളയിലെ ക്രമീകരണത്തില്‍ താന്‍ സംതൃപ്തനാണെന്ന് ഖാന്‍ പറഞ്ഞു.
സൗകര്യങ്ങളുണ്ടായിട്ടും ഖാന്റെ ജയില്‍വാസം കുടുംബത്തിലും പാര്‍ട്ടിയിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. വിഷബാധയുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലായി വീട്ടില്‍നിന്ന് ഭക്ഷണവും വെള്ളവും ഓര്‍ഡര്‍ ചെയ്യാനുള്ള അവകാശം അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടതായി പി.ടി.ഐ നേതാക്കള്‍ അവകാശപ്പെട്ടു.
ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷ്‌റ ബീബി അടുത്തിടെ തന്റെ ഭര്‍ത്താവിന്റെ ആരോഗ്യനില വഷളാകുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. അറ്റോക്ക് ജയിലില്‍ വിഷബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.