Sorry, you need to enable JavaScript to visit this website.

മുസ്‌ലിംകള്‍ ഒഴിഞ്ഞു പോകണം, ഇല്ലെങ്കില്‍ വീടുകള്‍ക്ക് തീയിടും: ഹരിയാനയില്‍ ഭീഷണി പോസ്റ്റര്‍ വീണ്ടും

നൂഹ്- വി.എച്ച്.പി ശോഭായാത്രാ നടത്തുന്നതിനിടെ, ഹരിയാനയിലെ ഗുരുഗ്രാമില്‍ പ്രകോപനപരമായ പോസ്റ്റര്‍. മുസ്‌ലിംകള്‍ ഒഴിഞ്ഞു പോകണമെന്നാണ് എഴുതിയിരിക്കുന്നത്. പോയില്ലെങ്കില്‍ വീടുകള്‍ക്കു തീയിടുമെന്നാണ് ബജ്‌റംഗ്ദളിന്റെയും വി.എച്ച്.പിയുടെയും പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ പറയുന്നത്. വിലക്കുകളെ മറികടന്നു കൊണ്ടാണ് വി.എച്ച്.പി ശോഭായാത്ര നടത്തുന്നത്. ബാരിക്കേഡുകള്‍ നിരത്തി യാത്ര തടയാനാണ് പോലീസിന്റെ ശ്രമം. അയോധ്യയില്‍നിന്ന് യാത്രയില്‍ പങ്കെടുക്കുന്നതിനായി എത്തിയവരെ അതിര്‍ത്തിയില്‍ തടഞ്ഞു. തുടര്‍ന്ന് സന്യാസിമാര്‍ നിരാഹാര സമരം ആരംഭിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ പോലീസ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

റാലിക്ക് അധികൃതര്‍ അനുമതി നല്‍കിയിട്ടില്ല. നിരോധാജ്ഞ പ്രഖ്യാപിച്ച ജില്ലയില്‍ ഒരു സ്ഥാപനവും തുറന്നിട്ടില്ല. അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത ആരെയും കടത്തിവിടുന്നില്ല. ജനങ്ങളോട് യാത്രയില്‍ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ അഭ്യര്‍ഥിച്ചു. ശോഭായാത്രക്കു അനുമതി നല്‍കിയിട്ടില്ലെന്നാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പ്രതികരിച്ചത്. യാത്രയ്ക്കു പകരം ജനങ്ങള്‍ക്ക് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാമെന്നും ഖട്ടര്‍ കൂട്ടിച്ചേര്‍ത്തു. അര്‍ധസൈനിക വിഭാഗങ്ങള്‍ ഉള്‍പ്പെടെ വന്‍സുരക്ഷാസന്നാഹമാണു നൂഹില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

Latest News