അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ വിദേശത്ത് പോയി പഠിക്കുന്നതും താലിബാന്‍ വിലക്കി

കാബൂള്‍ - അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളുടെ പഠനം നേരത്തെ തന്നെ വിലക്കിയ താലിബാന്‍  വിദ്യാര്‍ത്ഥിനികള്‍ വിദേശത്തുപോയി പഠിക്കുന്നതും ഇപ്പോള്‍ തടഞ്ഞു. ബി ബി സിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ കോളജുകളില്‍ നിന്ന് വിദ്യാര്‍ത്ഥിനികളെ വിലക്കിയതോടെ പലരും സ്‌കോളര്‍ഷിപ്പ് നേടി വിദേശ സര്‍വകലാശാലകളില്‍ പഠിക്കാന്‍ ആരംഭിച്ചിരുന്നു. ഇപ്പോള്‍ താലിബാന്‍ ഭരണകൂടം ഇതും തടഞ്ഞിരിക്കുകയാണ്. കോളജുകളില്‍ നിന്ന് വിദ്യാര്‍ത്ഥിനികളെ വിലക്കിയതിനു പിന്നാലെ ദുബായ് സര്‍വകലാശാലയില്‍ പഠിക്കാന്‍ 100 വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നു. ഷെയ്ഖ് ഖലാഫ് അഹ്‌മദ് അല്‍ ഹബതൂര്‍ എന്ന കോടീശ്വരനാണ് 2022 ഡിസംബറില്‍ ഈ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചത്. ഇതില്‍ ചിലര്‍ ദുബായിലെത്തിക്കഴിഞ്ഞു. എന്നാല്‍, ഇപ്പോള്‍ ടിക്കറ്റും സ്റ്റുഡന്റ് വീസയും കാണുമ്പോള്‍ തങ്ങളെ വിമാനത്താവളത്തില്‍ നിന്ന് തിരികെ അയക്കുകയാണെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നതായി ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. സ്റ്റുഡന്റ് വീസയില്‍ രാജ്യം വിടാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അനുവാദമില്ലെന്നാണ് താലിബാന്‍ അധികൃതര്‍ ഇവരോട് പറയുന്നത്. ഏകദേശം 60ഓളം വിദ്യാര്‍ത്ഥിനികളെ വിമാനത്താവളത്തില്‍ വച്ച് തിരികെ അയച്ചു എന്നാണ് വിവരമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Latest News