ന്യൂദല്‍ഹി- സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ പുനര്‍മൂല്യനിര്‍ണയത്തിനായി അപേക്ഷിച്ച 50 ശതമാനത്തോളം വിദ്യാര്‍ഥികള്‍ക്കും മാര്‍ക്ക് വര്‍ധിച്ചു. 9,111 വിദ്യാര്‍ഥികളാണ് വിവിധ വിഷയങ്ങളില്‍ പുനര്‍ മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചത്. ഇതില്‍ 4,632 വിദ്യാര്‍ഥികള്‍ക്കും കൂടുതല്‍ മാര്‍ക്ക് ലഭിച്ചു.
മൂല്യനിര്‍ണയത്തില്‍ ഗുരുതരമായ അനാസ്ഥയുണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൃത്യമായ ഉത്തരമെഴുതിയ പലര്‍ക്കും നല്‍കിയിരിക്കുന്നത് പൂജ്യം മാര്‍ക്കാണ്. അതേപോലെ ഗഹനമായി ഉത്തരമെഴുതേണ്ട ചോദ്യങ്ങളുടെ മൂല്യനിര്‍ണയം കൃത്യമായി നടത്തിയിട്ടുമില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ സി.ബി.എസ്.ഇ 214 അധ്യാപകര്‍ക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ട്. നടപടി നേരിടുന്ന അധ്യാപകരില്‍ 81 പേര്‍ ഡെറാഡൂണ്‍ മേഖലയില്‍ നിന്നുള്ളവരും 55 അധ്യാപകര്‍ അലഹബാദില്‍ നിന്നുമുള്ളവരാണ്.
പിശക് വ്യാപകമായതോടെ ഒരു ഉത്തരക്കടലാസ് രണ്ട് അധ്യാപകരെ കൊണ്ട് മൂല്യനിര്‍ണയം നടത്തുന്ന രീതി സി.ബി.എസ.്ഇ നടപ്പിലാക്കിയിരുന്നു. ഈ നീക്കം വലിയ വിജയമാണെന്ന് സി.ബി.എസ്.ഇ അവകാശപ്പെടുന്നതിനിടെയാണ് ഇത്രയധികം പരാതികള്‍ ഉണ്ടായിരിക്കുന്നത്. 99.6 ശതമാനം കൃത്യതയാണ് രണ്ട് പേര്‍ മൂല്യനിര്‍ണയം നടത്തുന്നതിലൂടെ ലഭിക്കുന്നതെന്ന് സി.ബി.എസ്.ഇ അവകാശപ്പെട്ടിരുന്നു.