ഐക്യകേരള പ്രസ്ഥാനത്തോടെ ഓണം ദേശീയ ഉത്സവമായി പരിഗണിക്കപ്പെട്ടു. മലയാളിയുടെ പ്രവാസ ജീവിതം ശക്തമായതോടെ ഓണമെന്ന ദേശീയ വികാരത്തിന് തീവ്രത കൂടി. അതിനിടയിൽ ഓണത്തിന്റെ സവർണ ആഖ്യാനങ്ങൾ ശക്തമായി. വാസ്തവത്തിൽ ജാതിയെന്ന യാഥാർത്ഥ്യത്തെ മറച്ചുവെച്ച് മറ്റെന്തും പോലെ ഓണത്തെ കുറിച്ചും പറയാനാകില്ല. കേരളത്തിലെ പൊതുവായ ഇടതു മനസ്സ് അതിനെ മറച്ചുവെക്കാനുള്ള ശ്രമമാണ് എന്നും നടത്തിയിട്ടുള്ളത്. ഓണത്തിന്റെയും മാവേലിയുടെയും ഇന്നത്തെ രൂപങ്ങളും ആവിഷ്‌കാരങ്ങളും പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.
പ്രളയ - കോവിഡ് ദുരന്തങ്ങൾ ഏറെക്കുറെ അതിജീവിച്ച അവസ്ഥയിലാണ് മലയാളികൾ മറ്റൊരോണം കൂടി ആഘോഷിക്കുന്നത്. തീർച്ചയായും ഒട്ടും മോശമല്ലാത്ത മറ്റൊരു പ്രകൃതി ദുരന്തത്തിന്റെ മുന്നറിയപ്പുമായാണ് ഇക്കുറി മാവേലി കടന്നു വരുന്നത്. അത് രൂക്ഷമായ വരൾച്ചയെ കുറിച്ചുള്ളതാണ്. ഒരു കാലത്തും ഉണ്ടാകാത്ത പോലെ വരൾച്ചയും പ്രളയവും ചുഴലിക്കാറ്റുകളും കടലാക്രമണങ്ങളുമൊക്കെ മാറിമാറി ആക്രമിക്കുന്ന കേരളത്തെയാണ് അടുത്ത കാലത്തായി മാവേലി കാണുന്നത്. ഇനിയുമതിനാണ് സാധ്യത.
മാനുഷരെല്ലാരും ഒന്നുപോലെ ജീവിച്ച കാലം എന്ന മാവേലിയെ കുറിച്ചുള്ള മിത്തും മനുഷ്യ സമൂഹം നിലനിൽക്കും വരെ നിലനിൽക്കുമെന്നതിൽ സംശയമില്ല. മിത്തുകളെ കുറിച്ചുള്ള ചർച്ചയായിരുന്നല്ലോ ഏതാനും ദിവസം മുമ്പ് കേരളത്തിൽ സജീവമായത്. നിർഭാഗ്യവശാൽ ആ ചർച്ചയിൽ പങ്കെടുത്ത രണ്ടു കൂട്ടരും ഏകപക്ഷീയമായ നിലപാടുകളാണ് പൊതുവിൽ സ്വീകരിച്ചത്. ഒരു കൂട്ടർ മിത്തെല്ലാം യാഥാർത്ഥ്യമാണെന്നും ഗംഭീരമായ ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു എന്നും വാദിച്ചപ്പോൾ മറുഭാഗം മിത്തുകളെ ശാസ്ത്രീയമായി വിശകലനം ചെയ്ത് യാഥാർത്ഥ്യമല്ല എന്നു സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു. ഏതു സമൂഹത്തിലും മിത്തുകളുണ്ടാകുമെന്നും അവയില്ലാത്ത സാമൂഹ്യ ജീവിതം തികച്ചും വരണ്ടതാണെന്നും അതേസമയം അവ മിത്തുകളാണെന്നും യാഥാർത്ഥ്യമാകണമെന്നില്ല എന്നും മറുവശത്ത് യാഥാർത്ഥ്യമാണോ അല്ലയോ എന്നു ശാസ്ത്രീയമായി പരിശോധിക്കേണ്ട ആവശ്യമില്ല എന്നുമാണ് മനസ്സിലാക്കേണ്ടത്. മലയാളികളുടെ ഏറ്റവും മനോഹരമായ മിത്തായ മാവേലിയെ തന്നെ നോക്കൂ. മാവേലി മുന്നോട്ടുവെക്കുന്ന സമത്വ സുന്ദരമായ നാട് എന്ന മനോഹരമായ സ്വപ്‌നം അശാസ്ത്രീയമാണെന്നു സമർത്ഥിക്കേണ്ട എന്തുകാര്യമാണ് നമുക്കുള്ളത്? അതു യാഥാർത്ഥ്യമാക്കാനല്ലേ ശ്രമിക്കേണ്ടത്? വിജയിച്ചില്ലെങ്കിൽ കൂടി..
മുസ്‌ലിമായതിന്റെ പേരിൽ ഒരു കുഞ്ഞിനെ സഹപാഠികളെക്കൊണ്ട് തല്ലിച്ച അധ്യാപികയുടെ പ്രവൃത്തിയാണ് കഴിഞ്ഞ ദിവസം നമ്മൾ കണ്ടത്. അത് യു.പിയിലായിരിക്കാം. എന്നാൽ അടുത്തിടെ ഒരു അധ്യാപികയുടെ ജാതീയ അധിക്ഷേപത്തിൽ മനം നൊന്ത് ഒരു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് സംസ്ഥാന തലസ്ഥാനത്തായിരുന്നു. പ്രബുദ്ധമെന്നൊക്കെ അഹങ്കരിക്കുന്ന കേരളത്തിന്റെ അവസ്ഥയും യു.പിയിൽ നിന്ന് കാര്യമായി വ്യത്യസ്തമൊന്നുമല്ല എന്നർത്ഥം. ജാത്യാഭിമാന കൊലകളടക്കം ഇവിടെ നടന്നല്ലോ. അന്യായമായി പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച ഒരു വയോധികനെ മാവേലി കാണാൻ പോകുന്നത് കാരാഗൃഹത്തിലാണ്. തന്റെ പിൻഗാമികളായ ഭരണാധികാരികൾ അഴിമതി ആരോപണങ്ങളുടെ പ്രളയത്തിലാണെന്നും ഇക്കുറി മാവേലി തിരിച്ചറിയും. താൻ മാനുഷരെയെല്ലാം ഒന്നായി കണ്ട നാട്ടിൽ ഇപ്പോൾ അങ്ങനെയല്ല എന്നും അദ്ദേഹം മനസ്സിലാക്കും. അദ്ദേഹമെത്തുന്നതിനു രണ്ടു ദിവസം മുമ്പാണല്ലോ ഇപ്പോഴത്തെ ഭരണാധികാരി പൗരപ്രമുഖരെ മാത്രം വിളിച്ച് ഓണസദ്യ കൊടുത്തത്. മാനുഷരെല്ലാരും ഒന്നുപോലെയല്ല എന്നതിന് അതിനേക്കാൾ വലിയ തെളിവു വേണോ?
മാവേലിയെ കുറിച്ചുള്ള കഥകളിൽ അത്യുക്തിയുണ്ടെന്നതിൽ സംശയമില്ല. മുകളിൽ പറഞ്ഞ പോലെ അതൊരു മിത്താണ്. അതേസമയം അതിന് ഒരുപാട് പാഠഭേദങ്ങളുമുണ്ട്. ഓരോ സമുദായത്തിലും ഓരോ കാലത്തും ഓരോ പ്രദേശത്തും ഓണവും മാവേലിയും വിഭിന്നമായിരുന്നു. പാണൻ, വണ്ണാൻ, മണ്ണാൻ, വേലൻ, പറയർ, പുലയർ, കണക്കർ, ചെറുമർ തുടങ്ങിയ ദളിത് വിഭാഗങ്ങളാണ് ഓണപ്പാട്ടുകളിൽ വലിയ പങ്കും പാടി നടന്നിരുന്നത്. എന്നാൽ ഇവർക്കൊന്നും ഓണത്തിനു കാര്യമായ അനുഷ്ഠാന ചടങ്ങുകളില്ലായിരുന്നു എന്ന് ഈ വിഷയത്തെ കുറിച്ച് പഠിച്ച പി. രൺജിത് ചൂണ്ടിക്കാട്ടുന്നു. പക്ഷേ ഓണം അവരുടെ ജീവിതത്തെ ഏറെ സ്വാധീനിച്ചിരുന്നു. ഏറെ വൈവിധ്യങ്ങൾ നിറഞ്ഞ 'ഓണങ്ങൾ' ആയിരുന്നു നിലനിന്നിരുന്നത്. പിന്നീട് കേരളത്തിന്റെ പൊതുവായ ഇടതുപക്ഷ മനസ്സ് അതിനെ തങ്ങൾ വിഭാവനം ചെയ്ത കമ്യൂണിസമായി വ്യാഖ്യാനിച്ചു. കർഷക യൂനിയനുകളുടെ വ്യാപനത്തോടെ ഓണത്തിനു കാർഷിക ഉത്സവമെന്ന വ്യാഖ്യാനവും വന്നു. ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിക്കാൻ തുടങ്ങി. ഐക്യകേരള പ്രസ്ഥാനത്തോടെ ഓണം ദേശീയ ഉത്സവമായി പരിഗണിക്കപ്പെട്ടു.. മലയാളിയുടെ പ്രവാസ ജീവിതം ശക്തമായതോടെ ഓണമെന്ന ദേശീയ വികാരത്തിന് തീവ്രത കൂടി. അതിനിടയിൽ ഓണത്തിന്റെ സവർണ ആഖ്യാനങ്ങൾ ശക്തമായി.
വാസ്തവത്തിൽ ജാതിയെന്ന യാഥാർത്ഥ്യത്തെ മറച്ചുവെച്ച് മറ്റെന്തും പോലെ ഓണത്തെ കുറിച്ചും പറയാനാകില്ല. കേരളത്തിലെ പൊതുവായ ഇടതുമനസ്സ് അതിനെ മറച്ചുവെക്കാനുള്ള ശ്രമമാണ് എന്നും നടത്തിയിട്ടുള്ളത്. ഓണത്തിന്റെയും മാവേലിയുടെയും ഇന്നത്തെ രൂപങ്ങളും ആവിഷ്‌കാരങ്ങളും പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. വ്യത്യസ്ത വിഭാഗങ്ങൾ വൈവിധ്യമായി ആഘോഷിച്ചിരുന്ന ഓണത്തിനും മാവേലിക്കും ഏറെക്കുറെ ഒരേ രൂപം വന്നത് എങ്ങനെയെന്നു പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാകും.
ഈ ബോധം സ്വാഭാവികമായും ഏറ്റവംു ബാധിച്ചത് ഓണത്തെ തന്നെയായിരുന്നു. ഓണച്ചിഹ്നങ്ങളെല്ലാം സവർണ ചിഹ്നങ്ങളായി മാറി. കസവുവേഷം കേരളത്തിന്റെ ദേശീയ വേഷമായും കാളനും ഓലനുമടങ്ങിയ സദ്യ ദേശീയ ഭക്ഷണമായും കൈകൊട്ടി - തിരുവാതിര കളികൾ ദേശീയ കലാരൂപങ്ങളായും വ്യഖ്യാനിക്കപ്പെട്ടു. അക്കാലത്ത് കേരളീയ സമൂഹത്തിൽ പ്രാമുഖ്യം നേടിയ നായർ സമുദായമായിരുന്നു ഈ മാറ്റങ്ങളെയും നിയന്ത്രിച്ചത്. ഇടതുപക്ഷത്തിലും സ്വാധീനം അവർക്കായിരുന്നു. പ്രവാസ ജീവിതം നയിച്ചതും പ്രധാനമായും അവർ തന്നെ. സാഹിത്യ ജീവിതവും മറിച്ചല്ല. അതിനാൽ തന്നെ ഓണത്തിനു വന്ന പ്രധാന മാറ്റം സവർണ മുഖം എന്നതായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയമിപ്പോൾ ശ്രമിക്കുന്നത് അസുര ചക്രവർത്തിയായ മാവേലിയെ അപ്രസക്തനാക്കി വാമനനെ ഓണത്തിന്റെ നായകനാക്കാനാണ് എന്നതും കാണാതിരുന്നുകൂടാ. അതിനെയും ചെറുക്കേണ്ടതുണ്ട്.
മറുവശത്ത് ഓണം ശക്തിപ്പെടുത്തുന്നത് സവർണ യുക്തികളെയും ജ്ഞാന വ്യവഹാരങ്ങളെയും തന്നെയാണെന്ന ദളിത് വിമർശനവും സജീവമാണ്. ദളിത് ചിന്തകനായ സണ്ണി കപിക്കാട് ചോദിക്കുന്നത്, മാനം മര്യാദയ്ക്കു തുണിയുടുക്കാൻ ഒരു വലിയ സമൂഹത്തെ അനുവദിക്കാതിരുന്ന കാലത്ത് അവർ ഓണക്കോടി ഉടുത്തിരുന്നെന്നോ എന്നാണ്? ജന്മിത്വം എറിഞ്ഞുകൊടുക്കുന്ന നാഴിയുരി നെല്ലുകൊണ്ട് അന്നന്നത്തെ അന്നമൊരുക്കിയവർ നാക്കില മുറിച്ച് 18 കൂട്ടം കറിയും പായസവുമൊരുക്കി ഓണസദ്യ ഉണ്ടിരുന്നെന്നോ? പൊതുവഴിയിൽ കാൽ കുത്താൻ പോലും അനുവാദമില്ലാതിരുന്നവർ പൊതുഇടങ്ങളിൽ തിരുവാതിര കളിച്ച് ഓണം ആഘോഷിച്ചിരുന്നെന്നോ? ഓണക്കാലത്തു മാധ്യമങ്ങളും പരസ്യ ചിത്രങ്ങളും പൊലിപ്പിച്ചുകാട്ടുന്ന മലയാളി മങ്കമാരിൽ എവിടെയെങ്കിലും ഒരു കറുത്ത മുഖം കണ്ടിട്ടുണ്ടോ? വെളുത്തു ചുവന്ന് കസവുടുത്ത് ചന്ദനക്കുറിയണിഞ്ഞവരാണോ മലയാളത്തിലെ ബഹുഭൂരിപക്ഷം സ്ത്രീജനങ്ങളും? 'പൂവേ പൊലി' പാടി പൂവിറുക്കാൻ പോവുന്ന മലയാളി ബാല്യങ്ങളുടെ ദൃശ്യചിത്രങ്ങളിൽ ഒരൊറ്റ കറുത്ത കുട്ടിയും അബദ്ധത്തിൽ പോലും ഉൾപ്പെടുന്നില്ല. എന്തുകൊണ്ടാണിത്? എന്നു മുതലാണ് ഓണദിവസം എല്ലാവരും വെജിറ്റേറിയനാകുന്നത്?
തീർച്ചയായും മലയാളിക്കു മുന്നിൽ ഒരുപാട് ചോദ്യങ്ങൾ ഉന്നയിച്ചു തന്നെയാണ് ഇക്കുറിയും മാവേലി കടന്നുവരുന്നത്. അതിനുള്ള മറുപടികൾ കണ്ടെത്തലിലാണ് ഒരു ദേശീയ സമൂഹം എന്ന നിലയിൽ മലയാളികളുടെ ഭാവി നിലനിൽക്കുന്നത്.






