മധുരയില്‍ ട്രെയിന്‍ കോച്ചിന് തീപിടിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

ചെന്നൈ- മധുര റെയില്‍വേ സ്റ്റേഷനു സമീപം നിര്‍ത്തിയിട്ട പ്രത്യേക ട്രെയിനിന്റെ കോച്ചിനു തീപിടിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സിതാപുര്‍ സ്വദേശികളായ ശുഭം കശ്യപ് (19), നരേന്ദ്ര കുമാര്‍ (61), ഹാര്‍ദിക് സഹാനി (24), ദീപക് കുമാര്‍ (23), സത്യപ്രകാശ് (45) എന്നിവരാണ് പിടിയിലായത്. സിതാപുരിലെ ബാസിന്‍ ടൂര്‍ ആന്റ് ട്രാവല്‍സ് കമ്പനിയിലെ ജീവനക്കാരാണ് ഇവര്‍. 

ടൂര്‍ ഓപ്പറേറ്റര്‍ ബുക്ക് ചെയ്ത സ്ലീപ്പര്‍ കോച്ചില്‍ യാത്രക്കാര്‍ ഉറങ്ങുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. കോച്ചിനുള്ളില്‍ ചായ ഉണ്ടാക്കുമ്പോള്‍ എല്‍. പി. ജി സിലിണ്ടറില്‍ നിന്നു വാതകം ചോര്‍ന്നു പൊട്ടിത്തെറിച്ചതാണെന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കോച്ചിന്റെ വാതില്‍ അകത്തു നിന്നു പൂട്ടിയതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകുകയും പലര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. അപകടത്തില്‍പ്പെട്ട കോച്ചില്‍ ലക്‌നൗവില്‍ നിന്നുള്ള 55 യാത്രക്കാരും ടൂര്‍ ഓപ്പറേറ്ററുടെ എട്ട് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

Latest News