Sorry, you need to enable JavaScript to visit this website.

അമ്പരപ്പിക്കുന്ന ഓർമശക്തിയോടെ ഖുർആൻ മത്സരാർഥി

അബ്ദുല്ല ഇദോസോവ്

മക്ക - വിശുദ്ധ ഹറമിൽ നടക്കുന്ന നാൽപത്തിമൂന്നാമത് കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ പങ്കെടുക്കുന്ന കിർഗിസ്ഥാനിൽ നിന്നുള്ള അബ്ദുല്ല ഇദോസോവിന്റെ അപാരമായ ബുദ്ധിശക്തിയും ഓർമശക്തിയും എല്ലാവരെയും അമ്പരപ്പിക്കുന്നു. വിശുദ്ധ ഖുർആൻ മുഴുവൻ മനഃപാഠമാക്കിയ അബ്ദുല്ല ഇദോസോവിന് ഓരോ അധ്യായത്തിന്റെയും സൂക്തങ്ങളുടെയും ഖുർആൻ ഭാഗങ്ങളുടെയും (ജുസ്അ്) നമ്പറുകളും ഓരോ പേജിന്റെയും തുടക്കവും അവസാനവും അധ്യായം അവതരിച്ച സ്ഥലങ്ങളും മറ്റും അനായാസമായും ക്ഷണ നേരത്തിലും പറയാൻ സാധിക്കുന്നു. 
പന്ത്രണ്ടാം വയസിലാണ് അബ്ദുല്ല ഇദോസോവ് ഖുർആൻ മനഃപാഠമാക്കാൻ തുടങ്ങിയത്. മൂന്നു വർഷമെടുത്ത് ദൗത്യം പൂർത്തിയാക്കുകയും ചെയ്തു. സ്വന്തം നാട്ടിലെ ഗ്രാമ, നഗര, രാജ്യ തലങ്ങളിൽ നടന്ന മത്സരങ്ങളിൽ ഒന്നാമതെത്തിയാണ് കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. 
ഖുർആൻ മുഴുവൻ മനഃപാഠമാക്കിയ ശേഷവും ഖുർആൻ പഠനം താൻ തുടരുകയായിരുന്നെന്ന് അബ്ദുല്ല ഇദോസോവ് പറഞ്ഞു. ഇങ്ങിനെയാണ് ഖുർആൻ അധ്യായങ്ങൾ അവതരിച്ച സ്ഥലങ്ങളും അധ്യായങ്ങളുടെയും സൂക്തങ്ങളുടെയും പേജുകളുടെയും നമ്പറുകളും പേജുകളുടെ തുടക്കവും അവസാനവും മറ്റും ഹൃദിസ്ഥമാക്കിയത്. വിശുദ്ധ ഹറമിൽ സംഘടിപ്പിക്കുന്ന കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക എന്നത് ഖുർആൻ മനഃപാഠമാക്കിയ എല്ലാവരുടെയും സ്വപ്‌നമാണ്. മക്കയെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. ഇതുവരെ മക്ക കാണാൻ ഭാഗ്യം ലഭിച്ചിരുന്നില്ല. കിംഗ് അബ്ദുൽ അസീസ് ഖുർആൻ മത്സരമാണ് ജീവിതത്തിൽ ഒരിക്കലെങ്കിലും മക്ക കാണുകയെന്ന തന്റെ സ്വപ്‌നം സാക്ഷാൽക്കരിക്കാൻ സഹായിച്ചതെന്നും അബ്ദുല്ല ഇദോസോവ് പറഞ്ഞു.

Latest News