കൊൽക്കത്ത-തന്റെ കുടുംബപ്പേര് ‘മോഡിയോ ‘മല്ല്യ’യോ അല്ലെന്നും ഓടിയൊളിക്കില്ലെന്നും തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും പാർട്ടി ലോക്‌സഭാംഗവുമായ അഭിഷേക് ബാനർജി.
ഞാൻ നേത്ര ചികിത്സയ്ക്കായി വിദേശത്തേക്ക് പോയി. തുടർന്ന് ഞാൻ നാട്ടിൽ നിന്ന് രക്ഷപ്പെട്ടു എന്നൊരു കിംവദന്തി പരന്നു. ഒരു കാര്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ കുടുംബപ്പേര് 'മോഡി എന്നല്ല. അത് ‘മല്ല്യ’യോ ‘ചോക്സി’യോ അല്ല. ബാനർജി എന്നാണ് എന്റെ കുടുംബപ്പേര്. എന്റെ പേര് അഭിഷേക് ബാനർജി.
തലയുയർത്തി പോരാടാൻ എനിക്കറിയാം. സമ്മർദങ്ങൾക്ക് വഴങ്ങി ദൽഹിക്ക് കീഴടങ്ങാനുള്ള കല എനിക്കറിയില്ല. ഏതെങ്കിലും തരത്തിലുള്ള സമ്മർദങ്ങൾക്ക് മുന്നിൽ ഞാൻ ഒരിക്കലും മുട്ടുമടക്കില്ല- പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ തൃണമൂൽ ഛത്ര പരിഷത്തിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും തരത്തിലുള്ള അഴിമതിയിൽ പങ്കാളിയാണെന്നതിന് ഒരു തെളിവ് പുറത്തുവന്നാൽ കൂടുതൽ അന്വേഷണമോ വിചാരണയോ ആവശ്യമില്ലെന്നും സ്വമേധയാ പരസ്യമായി തൂങ്ങിമരിക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.






