കാർഷിക കേരളം ഉത്സവാഘോഷ ലഹരിയിൽ. മലഞ്ചരക്ക് വിപണിയിൽ സുഗന്ധ രാജാവിന്റെ സുവർണ കാലം വരവായി. സെപ്റ്റംബറിലും മഴ കനിഞ്ഞില്ലെങ്കിൽ ഏലക്കയെ പിന്നെ പിടിച്ചാൽ കിട്ടില്ല. കൊപ്ര ഉൽപാദകരുടെ പ്രതീക്ഷകൾ അസ്ഥാനത്ത്, വെളിച്ചെണ്ണക്ക് തിരിച്ചടിയുടെ ദിനങ്ങൾ. വിവാഹ പാർട്ടികളുടെ വാങ്ങൽ ആഭരണ വിപണികളെ സജീവമാക്കി.
ഓണാഘോഷങ്ങളിലേക്ക് കാർഷിക മേഖല ശ്രദ്ധ തിരിച്ചതോടെ വിപണികളിൽ ഇടപാടുകളുടെ വ്യാപ്തി ചുരുങ്ങി. ഈ വാരം ആഘോഷ തിമർപ്പിലേയ്ക്ക് കേരളം തിരിയുന്നതിനാൽ മുന്നിലുള്ള ദിവസങ്ങളിൽ വാങ്ങലുകാർ രംഗത്ത് നിന്നും അൽപം അകന്നു നിൽക്കാമെങ്കിലും അവരുടെ കണ്ണും മനസ്സും കുരുമുളകിൽ മാത്രമായിരിക്കും. പിന്നിടാൻ ഏറെ ദൂരവും കൈയിൽ അൽപം സമയവും മാത്രമായി അവർ വിപണിക്ക് മുന്നിൽ വട്ടമിട്ട് പറക്കുകയാണ്. ബുൾ റാലിയിൽ ഓവർ ഹീറ്റായ കുരുമുളകിലെ സാങ്കേതിക തിരുത്തലുകൾ വിപണിയുടെ അടിത്തറ കൂടുതൽ ശക്തമാക്കി. ഒരാഴ്ചയിൽ 4400 രൂപ ഉയർന്ന് 66,200 ലെത്തിയിട്ടും സ്റ്റോക്കിസ്റ്റുകൾ അനങ്ങുന്നില്ല.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഉത്സവ സീസണിന് ഒരുങ്ങുകയാണ്. വിജയ ദശമിയും ദീപാവലിക്കും നിറം പകരണമെങ്കിൽ നാടൻ കുരുമുളകിന്റെ നറുമണം അവർക്ക് കൂടിയേ തീരൂ. ക്രിസ്മസ്, ന്യൂ ഇയർ ഡിമാന്റ് കൂടി നാം മുന്നിൽ കാണണം. ഇറക്കുമതി ചരക്കിൽ മലബാർ മുളകിന്റെ സ്വാദ് ഒഴിഞ്ഞിരിപ്പില്ല.
സെപ്റ്റംബറിലും മഴ കനിഞ്ഞില്ലങ്കിൽ ഏലക്ക തോട്ടങ്ങൾ പലതും വരണ്ടുണങ്ങും. ചിങ്ങം രണ്ടാം പകുതിയിലും വരണ്ട കാലവസ്ഥ തുടർന്നാൽ രണ്ടാം റൗണ്ട് വിളവെടുപ്പ് തടസ്സപ്പെടും. കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും രംഗത്ത് സജീവമാണ്. ഏലക്ക വിലയിൽ ബുൾ തരംഗം ഉടലെടുക്കാനുള്ള അണിയറ നീക്കത്തിലാണ് വിപണി. മികച്ചയിനങ്ങൾ 3002 രൂപയിലും ശരാശരി ഇനങ്ങൾ 1918 രൂപയിലുമാണ്.
ബഹുരാഷ്ട്ര കുത്തകകൾ വില കുറച്ചും വെളിച്ചെണ്ണ വിറ്റുമാറാൻ മത്സരിച്ചത് ചെറുകിട മില്ലുകാരെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. തമിഴ്‌നാട്ടിലെ വൻകിട എണ്ണ വ്യവസായികൾ സ്റ്റോക്കുമായി കേരളത്തിലേക്ക് പ്രവേശിച്ചു. ഓണവിൽപനയിൽ വലിയ പങ്ക് അവർ കൈപ്പിടിയിൽ ഒതുക്കി.
ചെറുകിട മില്ലുകാർക്ക് നേരിടുന്ന ഓരോ തിരിച്ചടിയും അതേ വേഗത്തിൽ നാളികേര കർഷകനിലും പ്രതിഫലിക്കും. സർക്കാർ ഏജസിയുടെ കൊപ്ര സംഭരണ കണക്കുകൾ കർഷകരെ നാണിപ്പിക്കും വിധമാണ്. അതുകൊണ്ട് തന്നെ സംഭരണ ചുമതലയുള്ളവർ അതിനെ കുറിച്ച് മൗനം പാലിക്കുന്നു. കൊച്ചിയിൽ വെളിച്ചെണ്ണ 12,500 രൂപയിലും കൊപ്ര 8150 രൂപയിലുമാണ്.
ടയർ ലോബി റബർ വില ഉയർത്തി. നാലാം ഗ്രേഡ് റബർ 14,200 ൽ നിന്നും 14,600 ലേയ്ക്ക് എത്തിച്ചു. അഞ്ചാം ഗ്രേഡ് റബർ കിലോ 132-138 രൂപയിൽ നിന്നും 136-142 രൂപയായി. ഒട്ടുപാൽ 91 രൂപയിലും ലാറ്റകസ് 106 രൂപയിലുമാണ് വാരാന്ത്യം. ആഭരണ വിപണികളിൽ വിവാഹ പാർട്ടികളുടെ തിരക്ക്. 43,280 രൂപയിൽ വിപണനം തുടങ്ങിയ പവൻ വാരാന്ത്യം 43,600 ലേക്ക് കയറി. ഗ്രാമിന് വില 5410 രൂപയിൽ നിന്നും 5450 രൂപയായി.