പാലക്കാട്- ചരക്ക് ലോറി ക്ലീനര്‍ കല്ലേറിനെ തുടര്‍ന്ന് കൊല്ലപ്പെട്ട സംഭവത്തിന്റെ തുടര്‍ അന്വേഷണം തമിഴ്‌നാട്ടിലേക്ക്.
തിങ്കളാഴ്ച പുലര്‍ച്ചെ കോയമ്പത്തൂര്‍ അണ്ണൂര്‍ വടക്കല്ലൂര്‍ മുരുകേശന്റെ മകന്‍ വിജയ് (മുബാറക് ബാഷ-24) ആണ് കോയമ്പത്തൂരില്‍ നിന്ന് കേരളത്തിലേക്ക് പച്ചക്കറി ലോറിയുമായി വരുന്നതിനിടെ കല്ലേറില്‍ കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ നൂറുല്ല ആദ്യം വാളയാര്‍ കഞ്ചിക്കോട് വെച്ചാണ് കല്ലേറ് നടന്നതെന്ന് മൊഴി നല്‍കിയെങ്കിലും പിന്നീട് സംഭവം നടന്നത് കോയമ്പത്തൂര്‍ എട്ടിമടയില്‍ വെച്ചാണ് നടന്നതെന്ന് മൊഴി മാറ്റുകയായിരുന്നു. തുടര്‍ന്ന് കസബ പോലീസ് നടത്തിയ അന്വേഷണത്തില്‍ എട്ടിമടയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ചെക്ക് പോസ്റ്റില്‍ ക്ലീനര്‍ മുബാറക് പരിശോധനക്കായി രേഖകള്‍ നല്‍കി ഒപ്പിട്ടതായി കണ്ടെത്തി. എട്ടിമടയില്‍ വെച്ച് കല്ലേറ് ഉണ്ടായതായും ഗുരുതരാവസ്ഥയില്‍ ലോറിയില്‍ വന്ന മുബാറകിനെ വാളയാര്‍ ആര്‍.ടി.ഒ അധികൃതര്‍ ഉടനെ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് യാക്കരയിലുള്ള വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയിലെത്തിച്ചുവെങ്കിലും ഗുരുതരാവസ്ഥയിലായതിനാല്‍ മടക്കി അയച്ചു. ജില്ലാശുപത്രിയില്‍ കൊണ്ടുവന്നെങ്കിലും മരണമടയുകയായിരുന്നുവെന്നാണ് നൂറുല്ല പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
മൊഴി മാറ്റാതിരിക്കാന്‍ പാലക്കാട് മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി കേസ് തമിഴ്‌നാട് പോലീസിന് കൈമാറാനാണ് നീക്കം. അതേസമയം, കല്ലെറിഞ്ഞത് ആരാണെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല. വിജയ് കോയമ്പത്തൂരിലുള്ള പെണ്‍കുട്ടിയുമായുള്ള പ്രണയത്തെ തുടര്‍ന്ന് വിവാഹത്തിനായി മതം മാറിയിരുന്നുവെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയ സാഹചര്യത്തില്‍ ദുരഭിമാന കൊലയാണെന്ന് സംശയിച്ചുവെങ്കിലും വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. വിജയിയുടെ വാരിയെല്ലു തകര്‍ത്ത് ആഴത്തിലുണ്ടായ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പക്ഷേ, പുറത്തു നിന്നു കല്ലെറിഞ്ഞാല്‍ ഇത്ര ആഘാതമുണ്ടാകാനിടയില്ലെന്നു പോലീസ് പറയുന്നു. ഇനി തമിഴ്‌നാട് പോലീസ് അന്വേഷണത്തില്‍ മാത്രമേ മരണത്തെക്കുറിച്ച് വ്യക്തമായ ചിത്രം തെളിയുകയുള്ളൂ.