Sorry, you need to enable JavaScript to visit this website.

സഖ്യമാവാം,  സീറ്റുകളെത്രയെന്ന്  പറയൂ -മായാവതി 

മായാവതിയും സോണിയാ ഗാന്ധിയും 

ലഖ്‌നൗ-കോൺഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ബി.എസ്.പി ആവശ്യപ്പെടുന്ന സീറ്റുകൾ നൽകിയാൽ സഖ്യം രൂപീകരിക്കാൻ തയ്യാറാണെന്ന് മായാവതി വ്യക്തമാക്കി. ലഖ്‌നൗവിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മായാവതി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ സഖ്യ സാധ്യതകൾ സംബന്ധിച്ച് വ്യക്തത വേണമെന്ന് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയോട് മായാവതി ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 
പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് സഖ്യത്തെ സംബന്ധിച്ച പരസ്യ പ്രതികരണം പാടില്ലെന്ന് മായാവതി പാർട്ടി നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കോൺഗ്രസിന് മുന്നിൽ സഖ്യസാധ്യതകൾ തുറന്നിട്ടാണ് മായാവതിയുടെ സമീപകാല പ്രതികരണങ്ങളെല്ലാം. അതേസമയം ബി.എസ്.പിയുമായുള്ള സഖ്യത്തെച്ചൊല്ലി കോൺഗ്രസിൽ അഭിപ്രായ ഭിന്നത ഉടലെടുത്തിട്ടുണ്ട്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ബി.എസ്.പിയുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം തയ്യാറെടുക്കുമ്പോൾ സഖ്യം ആവശ്യമില്ലെന്ന് രാജസ്ഥാൻ പി.സി.സി അധ്യക്ഷൻ സചിൻ പൈലറ്റ് വ്യക്തമാക്കി.  ഇതിനിടെ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാത്രമല്ല  പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ പ്രതിപക്ഷ നിരയിൽ വേറെയും നേതാക്കളുണ്ടെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് പട്‌നയിൽ പറഞ്ഞു. എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിച്ചിരുന്നാണ് പ്രധാനമന്ത്രി സ്ഥാനാർഥിയെ നിശ്ചയിക്കുക. രാഹുൽ മാത്രമല്ല ആ സ്ഥാനത്തേക്ക് രംഗത്തുള്ള നേതാവെന്നും തേജസ്വി പറഞ്ഞു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, എൻ.സി.പി അധ്യക്ഷൻ ശരത് പവാർ, ബി.എസ.്പി അധ്യക്ഷ മായാവതി എന്നിവരെല്ലാം പ്രതിപക്ഷ നിരയിലുള്ള നേതാക്കളാണ്. പ്രതിപക്ഷം സംയുക്തമായി നിശ്ചയിക്കുന്ന പ്രധാനമന്ത്രി സ്ഥാനാർഥി ആരായാലും അദ്ദേഹത്തെ ആർ.ജെ.ഡി പിന്തുണക്കുമെന്നും തേജസ്വി പറഞ്ഞു.
ഭരണഘടന സംരക്ഷിക്കുന്ന ഒരു നേതാവ് വേണം. രാഹുൽ അങ്ങനെയൊരു നേതാവായിരിക്കാം. ബി.ജെ.പി വിരുദ്ധ കക്ഷികളെല്ലാം ഉൾപ്പെടുന്ന വിശാല സഖ്യത്തെ രാഹുൽ വളർത്തിയെടുക്കണം. കോൺഗ്രസ് രാജ്യവ്യാപകമായി സാന്നിധ്യമുള്ള പാർട്ടിയാണ്. പ്രധാനമന്ത്രി പദം മാത്രമല്ല, രാജ്യത്തെ ബാധിക്കുന്ന മറ്റു പല പ്രശ്‌നങ്ങളുമുണ്ട് -തേജസ്വി യാദവ് പറഞ്ഞു.

 

Latest News