എയര്‍ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ഓഡിറ്റുകളില്‍ വന്‍ വീഴ്ച 

ന്യൂദല്‍ഹി-എയര്‍ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ഓഡിറ്റുകളില്‍ വലിയ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) കണ്ടെത്തല്‍. ഡിജിസിഎയുടെ രണ്ടംഗ സംഘം നടത്തിയ പരിശോധനയിലാണ് വീഴ്ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എല്ലാ എയര്‍ലൈനുകളും റെഗുലേറ്റര്‍മാരുടെ പതിവ് സുരക്ഷാ ഓഡിറ്റിന് വിധേയമാണെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ വക്താവിന്റെ പ്രതികരണം. എയര്‍ ഇന്ത്യയുടെ പ്രക്രിയകള്‍ തുടര്‍ച്ചയായി വിലയിരുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി അത്തരം ഓഡിറ്റുകള്‍ നടത്താറുണ്ടെന്നും അതില്‍ അസ്വാഭാവിതകയില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. പ്രസ്താവനയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ക്യാബിന്‍ നിരീക്ഷണം ഉള്‍പ്പടെയുള്ള വിവിധ പ്രവര്‍ത്തന മേഖലകളില്‍ എയര്‍ലൈന്‍ പതിവായി സുരക്ഷാ പരിശോധന നടത്താറുണ്ട്. എന്നാല്‍ ഇത്തരം സുരക്ഷാ പരിശോധനകള്‍ കൃത്യമായി നടക്കുന്നില്ലെന്നാണ് ഉദ്യോ?ഗസ്ഥര്‍ ഡിജിസിഎയ്ക്ക് സമര്‍പ്പിച്ച പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നത്. എയര്‍ ഇന്ത്യയുടെ സുരക്ഷാ ഓഡിറ്റ് കൃത്യമല്ലെന്നും 13 സുരക്ഷാ പോയിന്റുകളിലെയും പരിശോധനയില്‍ എയര്‍ലൈന്‍ തെറ്റായ റിപ്പോര്‍ട്ടുകളാണ് തയ്യാറാക്കി നല്‍കിയതെന്നുമാണ് കണ്ടെത്തല്‍. സിസിടിവി റെക്കോര്‍ഡിംഗുകളും ഓഡിറ്റ് സ്റ്റേറ്റ്‌മെന്റുകളും ഷിഫ്റ്റ് രജിസ്റ്റര്‍ ഡോക്യുമെന്റുകളും ഉള്‍പ്പടെ പരിശോധിച്ചപ്പോള്‍ 13 സ്‌പോട്ട് ചെക്കുകളും മുംബൈ, ഗോവ, ഡല്‍ഹി സ്റ്റേഷനുകളില്‍ നടത്തിയതായി കാണിക്കുന്നുണ്ട്. എന്നാല്‍ ഈ പരിശോധനകളൊന്നും കൃത്യമല്ലെന്നാണ് രണ്ടംഗ സംഘത്തിന്റെ റിപ്പോര്‍ട്ട്.
ഡിജിസിഎ സംഘത്തിന് ലഭിച്ച പരിശോധന റിപ്പോര്‍ട്ടുകളൊന്നും കാര്യക്ഷമമല്ലായിരുന്നു. സ്‌പോട്ട് ചെക്ക് റിപ്പോര്‍ട്ടുകളില്‍ ഒപ്പിട്ടിരിക്കുന്നത് അത് ചെയ്യാന്‍ അധികാരമുള്ള ചീഫ് ഓഫ് ഫ്ലൈറ്റ് സേഫ്റ്റി (സിഎഫ്എസ്) അല്ലെന്നാണ് പരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഈ വിഷയത്തില്‍ അന്വേഷണം നടക്കുകയാണെന്നും അതിന് ശേഷമേ വിശദ വിവരങ്ങള്‍ പറയാനാവൂ എന്നുമാണ് ഡിജിസിഎ ഡയറക്ടര്‍ ജനറല്‍ വിക്രം ദേവ് ദത്ത് പ്രതികരിച്ചത്.

Latest News