Sorry, you need to enable JavaScript to visit this website.

വിദഗ്ധ മേഖലയില്‍ പ്രൊഫഷന്‍ മാറ്റം നേരിട്ട് മാത്രം; സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണം

റിയാദ് - ഡോക്ടർമാരുടെയും എൻജിനീയർമാരുടെയും അക്കൗണ്ടന്റുമാരുടെയും പ്രൊഫഷൻ മാറ്റത്തിന് ലേബർ ഓഫീസുകളെ നേരിട്ട് സമീപിക്കൽ നിർബന്ധമാണെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. പ്രൊഫഷൻ മാറ്റത്തിന് ആവശ്യമായ സർട്ടിഫിക്കറ്റുകളും രേഖകളും ലേബർ ഓഫീസുകളിൽ നേരിട്ട് സമർപ്പിക്കണം. അപേക്ഷകൾ ഒരാഴ്ചക്കകം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പഠിച്ച് തീർപ്പ് കൽപിക്കും. മറ്റു സാദാ പ്രൊഫഷനുകൾ മാറ്റുന്നതിന് ലേബർ ഓഫീസുകളെ സമീപിക്കേണ്ടതില്ല. ഇതിനുള്ള നടപടികൾ ഓൺലൈൻ വഴി സ്വകാര്യ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കും. 
ഒരു വർഷത്തെ ഇടവേളക്കു ശേഷം സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ പ്രൊഫഷൻ മാറ്റം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുനരാരംഭിച്ചിട്ടുണ്ട്. തൊഴിൽ വിപണി ക്രമീകരിക്കുന്നതിന് പ്രൊഫഷൻ മാറ്റം പുനരാരംഭിച്ചത് സഹായകമാകുമെന്ന് സാമ്പത്തിക വിദഗ്ധൻ അബ്ദുല്ല അൽയഹ്‌യ പറഞ്ഞു. 
സർട്ടിഫിക്കറ്റുകളും രേഖകളും സൂക്ഷ്മ പരിശോധന നടത്തുന്നതിനു വേണ്ടിയാണ് ഡോക്ടർമാരുടെയും എൻജിനീയർമാരുടെയും അക്കൗണ്ടന്റുമാരുടെയും പ്രൊഫഷൻ മാറ്റത്തിന് ഒരാഴ്ചക്കാലം കാത്തിരിക്കണമെന്ന വ്യവസ്ഥ നടപ്പാക്കിയിരിക്കുന്നത്. ഭാവിയിൽ ഡോക്ടർമാരും എൻജിനീയർമാരും അക്കൗണ്ടന്റുമാരും അടക്കം എല്ലാ വിഭാഗത്തിൽ പെട്ട തൊഴിലാളികളുടെയും പ്രൊഫഷൻ മാറ്റം ഓൺലൈൻ വഴി പൂർത്തിയാക്കാൻ സാധിക്കുന്ന സംവിധാനം നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അബ്ദുല്ല അൽയഹ്‌യ പറഞ്ഞു. 
സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ പ്രൊഫഷൻ മാറ്റ സേവനം കഴിഞ്ഞ ഞായറാഴ്ച മുതലാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുനരാരംഭിച്ചത്. അടുത്ത മുഹറം ഒന്നു മുതൽ പുതിയ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പ്രൊഫഷൻ മാറ്റ സേവനം നടപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു. പ്രൊഫഷനൽ ക്ലാസിഫിക്കേഷനുകളുടെ അടിസ്ഥാനത്തിലാണ് മുഹറം ഒന്നു മുതൽ പ്രൊഫഷൻ മാറ്റ സേവനം നടപ്പാക്കുക. 
അന്താരാഷ്ട്ര പ്രൊഫഷനൽ ക്ലാസിഫിക്കേഷനുകളുമായി ഒത്തുപോകുന്ന വ്യവസ്ഥകൾക്ക് അനുസൃതമായാണ് മുഹറം ഒന്നു മുതൽ പ്രൊഫഷൻ മാറ്റം അനുവദിക്കുകയെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ അറിയിച്ചിട്ടുണ്ട്. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പോർട്ടൽ വഴിയാണ് പ്രൊഫഷൻ മാറ്റത്തിന് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രൊഫഷൻ മാറ്റത്തിനുള്ള വ്യവസ്ഥകൾ പൂർണമാണെന്ന് കംപ്യൂട്ടർ സംവിധാനം പരിശോധിച്ച് ഉറപ്പു വരുത്തും. പുതിയ പ്രൊഫഷൻ എൻജിനീയറിംഗ്, ഹെൽത്ത്, അക്കൗണ്ടിംഗ് മേഖലകളുമായി ബന്ധപ്പെട്ടവയാണെങ്കിൽ തൊഴിലാളിക്ക് പ്രൊഫഷൻ പ്രാക്ടീസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ്, സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യാൽറ്റീസ്, സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് എന്നിവയുമായി സഹകരിച്ചാണ് പ്രൊഫഷൻ മാറ്റ നടപടികൾ പൂർത്തിയാക്കുക. തൊഴിൽ വിപണി ക്രമീകരിക്കുന്നതിനും ഉപയോക്താക്കൾക്ക് വിശിഷ്ട സേവനം നൽകുന്നതിനും പുതിയ സേവനം സഹായകമാകുമെന്നാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രതീക്ഷിക്കുന്നതെന്നും ഖാലിദ് അബൽഖൈൽ പറഞ്ഞു. 
 

Latest News