ഇന്ത്യയിൽനിന്ന് മറ്റൊരു ക്രൂരത; നാല് ദലിത് യുവാക്കളെ മരത്തിൽ കെട്ടിത്തൂക്കി മർദ്ദിച്ചു

മുംബൈ- മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിലെ ഒരു ഗ്രാമത്തിൽ ആടിനെയും കുറച്ച് പ്രാവിനെയും മോഷ്ടിച്ചുവെന്നാരോപിച്ച് നാല് ദളിത് യുവാക്കളെ ആറ് പേർ ചേർന്ന് മരത്തിൽ തലകീഴായി കെട്ടിത്തൂക്കി വടികൊണ്ട് മർദ്ദിച്ചു.ശ്രീരാംപൂർ താലൂക്കിലെ ഹരേഗാവ് ഗ്രാമത്തിൽ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. മറ്റ് അഞ്ച് പേർ ഒളിവിലാണെന്ന് അഹമ്മദ്‌നഗർ പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 25-നാണ് ക്രൂരത നടന്നത്. ഗ്രാമത്തിൽ നിന്നുള്ള ആറംഗ സംഘം 20 വയസ് പ്രായമുള്ള നാല് പേരെ അവരുടെ വീടുകളിൽനിന്ന് വിളിച്ചിറക്കിക്കൊണ്ടുപോകുകയായിരുന്നു. ആടിനെയും കുറച്ച് പ്രാവിനെയും മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഇവരെ മരത്തിൽ തലകീഴായി കെട്ടിത്തൂക്കുകയും വടികൊണ്ട് തല്ലുകയും ചെയ്തു. യുവരാജ് ഗലാൻഡെ, മനോജ് ബോഡകെ, പപ്പു പാർക്കെ, ദീപക് ഗെയ്ക്‌വാദ്, ദുർഗേഷ് വൈദ്യ, രാജു ബോറാഗെ എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികളിൽ ഒരാൾ തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്. പരിക്കേറ്റവരെ പിന്നീട് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരകളിൽ ഒരാൾ ശുഭം മഗഡെ പോലീസിൽ പരാതി നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പട്ടികജാതിപട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെയും 307 (കൊലപാതകശ്രമം), 364 (തട്ടിക്കൊണ്ടുപോകൽ), മറ്റ് പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
 

Latest News