ചങ്ങരംകുളത്ത് എയര്‍ഗണില്‍നിന്ന് വെടിയേറ്റ് യുവാവ് മരിച്ചു

ചങ്ങരംകുളം - ചെറവല്ലൂരില്‍ എയര്‍ഗണില്‍ നിന്ന് വെടിയേറ്റ് യുവാവ് മരിച്ചു. ആമയം സ്വദേശി നമ്പ്രാണത്തെല്‍ ഹൈദ്രോസ് കുട്ടിയുടെ മകന്‍ ഷാഫി(42)ആണ് മരിച്ചത്. ഞായറാഴ്ച വൈകിയിട്ട് നാലരയോടെയാണ് സംഭവം.
സമീപവാസിയുടെ വിവാഹത്തില്‍ പങ്കെടുത്തതിന് ശേഷം
പെരുമ്പടപ്പ് ചെറുവല്ലൂര്‍ കടവിലെ സുഹൃത്തിന്റെ വീട്ടില്‍ സുഹൃത്തുക്കളുമായി സംസാരിച്ച് കൊണ്ടിരിക്കെ അബദ്ധത്തില്‍ നെഞ്ചത്ത് വെടിയേല്‍ക്കുകയായിരുന്നു. പരിക്കേറ്റ ഷാഫിയെ പുത്തന്‍പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പോലീസ് കസ്റ്റഡിയിലാണ്.
പക്ഷികളെ പിടിക്കാന്‍ ഉപയോഗിക്കുന്ന എയര്‍ഗണില്‍നിന്നാണ് ഷാഫിക്ക് വെടിയേറ്റത്. സുഹൃത്തുക്കള്‍ ഗണ്‍ പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് നിഗമനം. എറണാംകുളത്ത് ടാക്‌സി ഡ്രൈവറാണ് ഷാഫി. പെരുമ്പടപ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Latest News