കല്‍പറ്റ-കര്‍ക്കടകത്തിലും ചിങ്ങം ആദ്യ പകുതിയിലും വൃഷ്ടിപ്രദേശങ്ങളില്‍ മതിയായ അളവില്‍ മഴ ലഭിക്കാതെ കബനി നദിയുടെ കൈവഴികള്‍ മെലിയുന്നു. ഇത് വയനാട്ടിലേതിനു പുറമേ കര്‍ണാടകയിലെ
എച്ച്.ഡി കോട്ട താലൂക്ക് ഉള്‍പ്പെടെ പ്രദേശങ്ങളിലെയും ജനങ്ങളെ ആശങ്കയിലാക്കി. മഴ ഏതാനും ആഴ്ചകള്‍ കൂടി വിട്ടുനിന്നാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് കര്‍ഷകരടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ പറയുന്നു. ജല ലഭ്യതയിലെ കുറവ് വയനാട്ടില്‍ നെല്‍ക്കൃഷിയെ ബാധിച്ചുകഴിഞ്ഞു. ജല സേചനത്തിന് സൗകര്യം ഇല്ലാത്ത ഇടങ്ങളില്‍ പാടങ്ങള്‍ തരിശിടേണ്ട അവസ്ഥയാണ്.
ബാവലി, മാനന്തവാടി, പനമരം, കന്നാരം, മണിക്കാട് പുഴകളും കടമാന്‍തോടുമാണ് കബനിയുടെ പ്രധാന കൈവഴികള്‍. കാവേരി നദിയുടെ മുഖ്യകൈവഴികളില്‍ ഒന്നാണ് കബനി. പശ്ചിമഘട്ട മലനിരകളിലാണ് കബനിയുടെ ഉദ്ഭവം. കിഴക്കോട്ടൊഴുകുന്ന കബനി കര്‍ണാടകയിലെ തിരുമക്കടലു നരസിപ്പുരയിലാണ് കാവേരിയില്‍ ചേരുന്നത്. 234 കിലോമീറ്റാണ് കബനിയുടെ നീളം. 7040 ചതുരശ്ര കിലോ മീറ്ററാണ് നദീതടപ്രദേശം.
കബനിയുടെ ആകെ വൃഷ്ടിപ്രദേശത്തില്‍ 19,176 ഹെക്ടര്‍ ബാവലി പുഴയുടെയും 38,680 ഹെക്ടര്‍ മാനന്തവാടി പുഴയുടെയും 84,977 ഹെക്ടര്‍ പനമരം പുഴയുടെയും തടങ്ങളിലാണ്. 20,737 ഹെക്ടറാണ് മറ്റു പുഴകളുടെ തടങ്ങളില്‍. 98.1 ടി.എം.സിയാണ് കബനി നദീതടത്തില്‍നിന്നുള്ള നീരൊഴുക്ക്. നദീതടത്തില്‍ 26.38 ശതമാനം(43,150 ഹെക്ടര്‍)ഗുരുതര പാരിസ്ഥിതിക പ്രതിസന്ധി നേരിടുന്നതാണെന്നു വയനാട്ടില്‍ മണ്ണ്-ജല സംരക്ഷണ ഓഫീസറായിരുന്ന പി.യു. ദാസ് നേരത്തേ നടന്ന പഠനങ്ങളില്‍ വ്യക്തമായതാണ്.
കബനി, നൂല്‍പ്പഴ, വാരഞ്ചിപ്പുഴ(നുഗു), മസാലെ തോട്, ബാലെ മസ്തുഗുഡി, വളപട്ടണം പുഴ, കോരപ്പുഴ, മാഹപ്പുഴ, കുറ്റ്യാടിപ്പുഴ, അഞ്ചരക്കണ്ടിപ്പുഴ, ചാലിയാര്‍ എന്നിവയുടേതായി 2,13,030 ഹെക്ടര്‍ വൃഷ്ടിപ്രദേശമാണ് വയനാട്ടില്‍. ഇതില്‍ 1,63,570 ഹെക്ടറും കബനിയുടെ വൃഷ്ടിപ്രദേശമാണ്. 60,350 ഹെക്ടര്‍ വനവും 33,320 ഹെക്ടര്‍ പ്ലാന്റേഷനും 24,919 ഹെക്ടര്‍ വയലും 44,981 ഹെക്ടര്‍ കരഭൂമിയും ഉള്‍പ്പെടുന്നതാണിത്.
കബനിയുടെ മുഴുവന്‍ കൈവഴികളിലും ജലനിരപ്പ് അനുദിനം കുറയുകയാണ്. കബനിയില്‍ത്തന്നെ ചില ഭാഗങ്ങളില്‍ അടിത്തട്ട് കാണാവുന്ന വിധത്തിലാണ് ഒഴുക്ക്. നദിയില്‍ ജലനിരപ്പ് താഴുന്നത് മുള്ളന്‍കൊല്ലി, പുല്‍പള്ളി പഞ്ചായത്തുകളില്‍ അങ്കലാപ്പ് സൃഷ്ടിച്ചിരിക്കയാണ്. കബനി കുടിവെള്ള പദ്ധതിയുടെ സ്രോതസാണ് കബനി നദി. പ്രതിദിനം 40 ലക്ഷം ലിറ്റര്‍ ജലമാണ് നദിയില്‍നിന്ന് പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ വിതരണത്തിന് എടുക്കുന്നത്. നദി വറ്റുന്ന സാഹചര്യമുണ്ടായാല്‍ രണ്ടു പഞ്ചായത്തുകളിലും കുടിവെള്ള വിതരണം പ്രതിസന്ധിയിലാകും. കര്‍ണാടകയില്‍ മൈസൂരു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കാര്‍ഷിക, ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നത് കബനി ജലമാണ്. കബനിക്കു കുറുകെയാണ് ബീച്ചനഹള്ളി അണ.






