ഇന്‍ഫോസിസ് ബന്ധത്തെച്ചൊല്ലി ഋഷിസുനക് വിവാദത്തില്‍, സുതാര്യത വേണമെന്ന് ആവശ്യം

ന്യൂദല്‍ഹി- ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യക്ക് ഐടി ഭീമനായ ഇന്‍ഫോസിസുമായുള്ള ബന്ധത്തെച്ചൊല്ലി കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്ന് യു.കെ പത്രം ഒബ്‌സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്തു.

ഭാര്യ അക്ഷതാ മൂര്‍ത്തിയുടെ ഇന്‍ഫോസിസിലെ ഓഹരി പങ്കാളിത്തവുമായി ബന്ധപ്പെട്ട ''സുതാര്യത'' പ്രശ്നങ്ങളെക്കുറിച്ച് സര്‍ക്കാരിന്റെ ഉന്നതതലങ്ങളില്‍ ആശങ്കയുണ്ടെന്ന് നിയമനിര്‍മ്മാതാക്കളും വ്യാപാര വിദഗ്ധരും പറയുന്നതായി പത്രം അവകാശപ്പെട്ടു. ഇന്‍ഫോസിസിന്റെ സ്ഥാപകരിലൊരാളായ നാരായണമൂര്‍ത്തിയുടെ മകളാണ് അക്ഷത മൂര്‍ത്തി.

പ്രധാനമന്ത്രി തന്റെ താല്‍പ്പര്യങ്ങള്‍ പ്രഖ്യാപിക്കേണ്ടത് പ്രധാനമാണെന്ന് ബിസിനസ്, വ്യാപാരം സംബന്ധിച്ച പാര്‍ലമെന്ററി സെലക്ട് കമ്മിറ്റിയുടെ പ്രതിപക്ഷ തലവന്‍ ഡാരന്‍ ജോണ്‍സ് പത്രത്തോട് പറഞ്ഞു. ''ഇന്ത്യയിലെ വ്യാപാര കരാറിന്റെ കാര്യത്തിലും അദ്ദേഹം അങ്ങനെ ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,'' അദ്ദേഹം പറഞ്ഞു.

ബ്രെക്സിറ്റിനു ശേഷം ഇന്ത്യയുമായി ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന സ്വതന്ത്ര വ്യാപാര കരാറില്‍ സാമ്പത്തികമായി നേട്ടമുണ്ടാക്കാന്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് കഴിയുമെന്ന്് ചൂണ്ടിക്കാണിക്കപ്പെടുന്നു.  അടുത്ത മാസം ന്യൂദല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുമ്പ് ഇന്ത്യയുമായി ചര്‍ച്ച പൂര്‍ത്തിയാക്കാനാണ് സുനകിന്റെ ശ്രമം.

 

Latest News