Sorry, you need to enable JavaScript to visit this website.

ആവിഷ്കാര സ്വാതന്ത്ര്യത്തിന്ന് പരിധി വേണം; മൊറോക്കോ സമ്മേളനം സമാപിച്ചു.

റബാത്ത്- ആവിഷ്കാര സ്വാതന്ത്ര്യം മനുഷ്യാവകാശത്തിൽ പെട്ടതാണെന്നും എന്നാൽ അതിൻ്റെ പേരിൽ ജനങ്ങൾ പവിത്രമായി കരുതുന്ന മതങ്ങളെയും വേദങ്ങളെയും പ്രവാചകന്മാരെയും പരിഹസിക്കുന്നത് ശരിയല്ലെന്നും മൊറോക്കൊവിൻ്റെ തലസ്ഥാനമായ റബാത്തിൽ നടന്ന ലീഗ് ഓഫ് ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് സമ്മേളനം അഭിപ്രായപ്പെട്ടു. ആവിഷ്കാര സ്വാതന്ത്ര്യം ഇസ്ലാമിലും അന്താരാഷ്ട്ര നിയമങ്ങളിലും: ചട്ടക്കൂടിൻ്റെ ആവശ്യകത എന്നതായിരുന്നു സമ്മേളത്തിലെ ചർച്ചാ വിഷയം. ഏഴ് സെഷനുകളിലായി  ഇരുപത് പ്രബന്ധങ്ങൾ അവതരിപ്പിച്ച് ചർച്ച ചെയ്തു.
സ്വീഡനിലും ഡൻമാർക്കിലും വിശുദ്ധ ഖുർആൻ അഗ്നിക്കിരയാക്കിയ സംഭവത്തിൽ സമ്മേളനം ശക്തമായി പ്രതിഷേധിച്ചു. ഈജിപ്തിലെ ലീഗ് ഓഫ് ഇസ്ലാമിക് യൂണിവേഴ്സിറ്റീസ്, മൊറോക്കോവിലെ ഇസ്ലാമിക് എഡുക്കേഷനൽ, സയിൻ്റിഫിക് ആൻറ് കൾച്ചറൽ ഓർഗനൈസേഷൻ ( ICESCO ) എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു സമ്മേളനം. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറോളം വിദ്യാഭ്യാസ വിചക്ഷണരും സർവ്വകലാ ശാലാ പ്രതിനിധികളും പങ്കെടുത്തു.

മക്കയിലെ മുസ്ലിം വേൾഡ് ലീഗ് (റാബിത്ത) സെക്രട്ടരി ജനറൽ ഡോ.അബ്ദുൽ കരീം അൽ ഈസാ, ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗ് പ്രൊഫസർ സാമീ അൽ ശരീഫ് , ICESCO ജനറൽ സെക്രട്ടരി ഡോ. സാലിം ബിൻ മുഹമ്മദ് അൽ മാലിക്, മൊറോക്കോ മുഹമ്മദിയ്യാ  പണ്ഡിതസഭാ സെക്രട്ടരി ഡോ. അഹ്മദ് അൽ അബ്ബാദി, ഈജിപ്ഷ്യൻ മുഫ്തി ശൈഖ് ഡോ. ശൗഖി ഇബ്റാഹിം അല്ലാം തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
ഇന്ത്യയിൽ നിന്നും ഡോ. ഹുസൈൻ മടവൂർ, ഡോ.അബ്ദുൽ ഹകീം അസ്ഹരി, അർഷദ് മുഖ്താർ  മുംബൈ, എന്നിവരാണ് പങ്കെടുത്തത്.
ഹുസൈൻ മടവൂർ പ്രബന്ധം അവതരിപ്പിച്ചു. വിശ്വാസ സ്വാതന്ത്ര്യവും ആവിഷ്കാരസ്വതന്ത്ര്യവും എല്ലാവർക്കും അനുവദിക്കപ്പെട്ടതാണെന്നും എന്നാൽ അത് മതനിന്ദയിലേക്കെത്തുന്നത് നിയന്ത്രിക്കാൻ നിയമമുണ്ടാവണമെന്നും ഹുസൈൻ മടവൂർ പറഞ്ഞു.

Latest News