കൊണ്ടോട്ടി- കരിപ്പൂരിൽനിന്ന് സൗദി എയർലെൻസ് സർവീസുകൾ സെപ്റ്റംബർ രണ്ടാം വാരത്തിൽ ആരംഭിക്കും. ജിദ്ദ,റിയാദ് മേഖലയിലേക്ക് ദിനേന സർവ്വീസ് നടത്തുന്നതിനായി തൽക്കാലം തിരുവന്തപുരം സർവീസുകൾ പിൻവലിക്കുമെന്നാണ് സൂചന. തിരുവനന്തപുരം സർവീസ് നിലനിർത്താൻ ഡി.ജി.സി.എയെ സമീപിക്കാൻ തീരുമാനിച്ചെങ്കിലും ഉഭയകക്ഷി കരാർ പ്രകാരമുളള സീറ്റ് ക്വാട്ട പൂർണമായും ഉപയോഗിച്ചതിനാൽ സൗദിയക്ക് കൂട്ടിക്കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് താൽക്കാലികമായി തിരുവനന്തപുരം സർവീസ് പിൻവലിക്കുന്നത്. നിലവിൽ കരിപ്പൂരിൽ നടത്തിയിരുന്ന സർവീസുകളാണ് അനുമതി വൈകിയതോടെ തിരുവനന്തപുരത്തേക്ക് മാറ്റിയത്.
സൗദി അറേബ്യയുമായുളള ഇന്ത്യയുടെ കരാർ അനുസരിച്ച് സൗദി എയർലൈൻസിന് അനുവദിച്ചത് 20,000 സീറ്റുകളാണ്. അനുവദിച്ച സീറ്റുകളത്രയും സൗദിയ ഉപയോഗിച്ചിരുന്നു. തിരുവനന്തപുരം സർവീസിന് ശേഷവും 330 സീറ്റുകളുണ്ടായിരുന്നു. ഇവയാണ് ഫ്‌ളൈനാസ് വിമാന കമ്പനി ഹൈദരാബാദിൽനിന്ന് ജിദ്ദയിലേക്ക് സർവ്വീസ് ആരംഭിച്ചത്. ഉഭയ കക്ഷി കരാർ ഡിസംബറിലാണ് പുതുക്കുക. ഇതോടെ കൂടുതൽ സീറ്റ് ലഭിക്കുന്ന മുറക്ക് തിരുവനന്തപുരം സർവീസ് പുനരാരംഭിക്കും.
കരിപ്പൂരിൽ വലിയ വിമാനങ്ങൾക്കുളള അനുമതിയായിട്ടുണ്ട്. പ്രഖ്യാപനം അടുത്തയാഴ്ചയുണ്ടാകും.
കരിപ്പൂരിൽ നിന്ന് പിൻവലിച്ച വിമാനങ്ങളിൽ സൗദിയ മാത്രമാണ് പുതിയ സർവീസ് ആരംഭിക്കുന്നത്. ഈ വർഷത്തെ ഹജ് സർവ്വീസുകൾ പൂർത്തീകരിച്ചതിന് ശേഷമാണ് സൗദി എയർലൈൻസ് കരിപ്പൂർ-ജിദ്ദ,റിയാദ് സർവീസ് ആരംഭിക്കുന്നത്. 300 പേർക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുക. യാത്രക്കാർക്ക് പുറമെ കാർഗോയും വിമാന കമ്പനി ലക്ഷ്യം വെക്കുന്നു. സമയ സ്ലോട്ട് ലഭിച്ചാൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും.