ലഖ്‌നൗ- സഹപാഠിയായ മുസ്ലിം സഹപാഠിയെ തല്ലാൻ അധ്യാപിക വിദ്യാർത്ഥികളെ പ്രേരിപ്പിച്ച ഉത്തർപ്രദേശിലെ സ്‌കൂൾ അന്വേഷണ വിധേയമായി അടച്ചുപൂട്ടാൻ ഉത്തരവിട്ടതായി അധികൃതർ അറിയിച്ചു. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് സ്‌കൂൾ അധികൃതർക്ക് നോട്ടീസ് അയച്ചു. അതേസമയം, സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ വിദ്യാർഥികളെ സമീപത്തെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
മുസാഫർനഗറിലെ നേഹ പബ്ലിക് സ്‌കൂളാണ് അടച്ചുപൂട്ടിയത്. സ്‌കൂളിലെ പ്രിൻസിപ്പൽ കൂടിയായ തൃപ്ത ത്യാഗിയാണ് ഏഴുവയസുള്ള മുസ്ലിം വിദ്യാർഥിയെ മർദ്ദിക്കാൻ ആവശ്യപ്പെട്ടത്. കുട്ടിയെ ശക്തിയായി അടിക്കാനും തൃപ്ത ത്യാഗി ആവശ്യപ്പെടുന്നത് വീഡിയോയിൽ കേൾക്കാമായിരുന്നു. കുട്ടിയെ മർദ്ദിച്ചതിനെ അധ്യാപിക ഇപ്പോഴും ന്യായീകരിക്കുകയാണ്. കുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് അവനോട് കർശനമായി പെരുമാറാൻ സമ്മർദ്ദം ഉണ്ടായിരുന്നുവെന്നും ഇത്തരം നടപടി സ്വീകരിച്ചതിൽ തനിക്ക് ലജ്ജയില്ലെന്നുമായിരുന്നു അധ്യാപിക പറഞ്ഞത്.