റിയാദ്- ആധുനിക വിദ്യാഭ്യാസത്തിലും ഔപചാരിക പഠനത്തിലും ഒരു നൂറ്റാണ്ട് മുമ്പു വരെ സൗദി അറേബ്യ ലോക രാജ്യങ്ങളിൽ ഏറ്റവും പുറകിലായിരുന്നുവെന്ന് തന്നെ പറയാം. പ്രവാചകൻ മുഹമ്മദ് നബിയുടെയും ഖലീഫമാരുടെയും കാല ശേഷം ഇസ്‌ലാമിക തലസ്ഥാനം ബഗ്ദാദിലേക്കും ദമസ്‌കസിലേക്കും മാറിയതോടെ അറേബ്യയിലെ വിഞ്ജാന മുരടിപ്പിനു തുടക്കമാകുകയായിരുന്നു. പിന്നീട് തുർക്കി സാമ്രാജ്യം ഓദ്യോഗിക പാഠ്യ ഭാഷയായി തുർക്കി ഭാഷകൂടി അംഗീകരിച്ചതോടെ വിദ്യാഭ്യാസ പ്രക്രിയയിൽ നിന്ന് അറബികൾ പൂർണമായും വിട്ടു നിന്നു. ഇന്ത്യയിൽ നിന്നെത്തിയ ധനാഢ്യൻ അല്ലാമാ റഹ്‌മത്തുല്ല കൈരാനയുടെ നിർദേശ പ്രകാരം 1873 ൽ മക്കയിൽ സ്ഥാപിച്ച സൗലത്തിയ്യ മദ്രസയാണ് ഹിജാസിലെ തന്നെ പ്രഥമ ഔപാചരിക വിദ്യാഭ്യാസ സ്ഥാപനം. അബ്ദുൽ അസീസ് രാജാവിന്റെ വരവോടെയാണ് പിന്നിട് ഹിജാസിൽ വൈജ്ഞാനിക മുന്നേറ്റമുണ്ടാകുന്നത്. അബ്ദുൽ അസീസ് രാജാവിന്റെ നിർദേശ പ്രകാരം 1928 ൽ തായിഫിൽ പണിത ദാറുത്തൗഹീദാണ് സൗദിയിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട ആധുനിക വിദ്യാഭ്യാസ സ്ഥാപനംമെന്നതാണ് ചരിത്രം. ആധുനിക സൗദി അറേബ്യയിലെ വൈജ്ഞാനിക കുതിപ്പുകളുടെ നാൾ വഴികൾ പുതുതലമുറക്ക് ലഭ്യമാക്കുന്നതിനുള്ള അൽ ഖദീം മ്യൂസിയത്തിന്റെ ആശയം ആദ്യമായി പ്രാവർത്തിക രൂപത്തിൽ കൊണ്ടുവന്നത് 25 വർഷം മുമ്പ് റിയാദിൽ അധ്യാപകനായിരുന്ന അലി മുബൈറഖിയാണ്. ലോകാടിസ്ഥാനത്തിൽ തന്നെ സ്വന്തം വീട്ടിൽ വിദ്യാഭ്യാസ ലൈബ്രറി സ്ഥാപിച്ച പ്രഥമി വ്യക്തിത്വമാണ് അലി അൽ മുബൈറെഖിയന്നാണ് അറിയപ്പെടുന്നത്. അയ്യായിരത്തിലേറെ ചരിത്ര രേഖകളും പഠനോപകരണങ്ങളും സഹായികളും പ്രഥമ ഘട്ടത്തിൽ തന്നെ ശേഖരിക്കാൻ അലി മുബൈറഖിക്ക് സാധിച്ചു. സൗദിയിലെ വിദ്യാഭ്യാസ ചരിത്രവും പുരോഗതിയും മാറ്റങ്ങളും പാഠ പുസ്തകങ്ങളും യൂണിഫോമുകളും ആദ്യകാലത്ത് വിദ്യാർത്ഥികളിരുന്നിരുന്ന പരമ്പു പായകളും ബെഞ്ചുകളും പിന്നീട് വന്ന മേശകളും കസേരകളും മറ്റുമൊക്കെ കാലഗണനയുടെ അടിസ്ഥാനത്തിൽ ക്രമീകരിച്ചിരിക്കുയാണിപ്പോൾ അൽ ഖദീം മ്യൂസിയത്തിൽ. എഴുത്തു പലകകളും ചോക്ക് ബോർഡുകളും ആധുനിക ചാർട്ടുകളുമൊക്കെ കാലക്രമത്തിൽ വെച്ചിരിക്കുകയാണ്. അധ്യാപകരുടെ വിദ്യാഭ്യാസ പ്രവർത്തകരുടെ ശമ്പള സ്‌കെയിലുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങളും ഇവിടെയുണ്ട്.
പഴയ കാലങ്ങളിൽ സ്‌കൂളുകളിൽ കുട്ടികൾ എഴുതി തയ്യാറാക്കാറുണ്ടായിരുന്ന കയ്യെഴുത്തു മാസികൾ വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങൾ ചർച ചെയ്യുന്ന മാഗസിനുകൾ തുടങ്ങി സ്‌കൂളുകളിലെ സ്‌പോർട്‌സ് രംഗത്തെയും പ്രാഥമിക ശുശ്രൂഷ രംഗത്തെ വളർച്ചയും സൗദി വിദ്യാഭ്യാസ രംഗത്തു വന്ന പത്രവാർത്തകളും ഈ മ്യൂസിയത്തിലുണ്ട്. ഗവേഷണ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും ഏറെ പ്രയോജനപ്രദമായ മ്വൂസിയം റിയാദ് നഗരത്തിന്റെ കിഴക്കു ഭാഗത്തുള്ള അൽ ഫൈഹ ഡിസ്ട്രിക്റ്റിലാണ് സ്ഥിതി ചെയ്യുന്നത്.